UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മെഡിക്കല്‍ കോളേജ് കോഴ: കുറ്റക്കാരനെന്ന് കണ്ടെത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി അവധിയില്‍

ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും ജിസിആര്‍ജി സ്ഥാപനങ്ങളും തമ്മിലുള്ള കേസില്‍ ജിസിആര്‍ജിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു എന്ന ആരോപണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശുക്ല 90 ദിവസത്തെ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

ജിസിആര്‍ജി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട കേസുകളില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ശ്രീ നാരാണ്‍ ശുക്ല കുറ്റക്കാരാനെണ് വകുപ്പുതല അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്ന് അദ്ദേഹം ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും ജിസിആര്‍ജി സ്ഥാപനങ്ങളും തമ്മിലുള്ള കേസില്‍ ജിസിആര്‍ജിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു എന്ന ആരോപണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശുക്ല 90 ദിവസത്തെ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതിന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ കഴിഞ്ഞ ആഴ്ച അവസാനം അനുമതി നല്‍കിയെന്നാണ് വിവരം.

ജീസിആര്‍ജി മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് അനുകൂലമായ വിധി നല്‍കുന്നതിനായി ജൂഡീഷ്യറിയുടെ അന്തസിന് നിരക്കാത്ത പെരുമാറ്റം ജസ്റ്റിസ് ശുക്ലയുടെ ഭാഗത്തുനിന്നും ഉണ്ടായതായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രൂപം നല്‍കിയ വകുപ്പുതല അന്വേഷണസംഘം കണ്ടെത്തിയതോടെയാണ് അദ്ദേഹം അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിതനായത്. കേസുകളില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും അദ്ദേഹത്തിന് വിലക്കിയിട്ടുണ്ടെന്നും പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ അലഹബാദിലെ തന്നെ പ്രസാദ് വിദ്യാഭ്യാസ ട്രസ്റ്റുകളുമായി ബന്ധപ്പെട്ട കേസില്‍ നിന്നും വ്യത്യസ്തമായ കേസാണിത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പേരുള്‍പ്പെടെ വലിച്ചിഴയ്ക്കപ്പെട്ട പ്രസാദ് വിദ്യാഭ്യാസ ട്രസ്റ്റ് കേസുകളില്‍ സിബിഐ ശുക്ലയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നീക്കം നടത്തിയെങ്കിലും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അതിനുള്ള അനുമതി സിബിഐയ്ക്ക് നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പ്രവേശന നിരോധനവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും ശ്രീ നാരായണ ശുക്ലയുടെ അവിഹിത ഇടപെല്‍ ആരോപിക്കപ്പെടുന്നതിനാല്‍ അദ്ദേഹത്തിനെതിരെ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ സിബിഐ വീണ്ടും സമര്‍പ്പിച്ചേക്കും.

സുപ്രീം കോടതിയില്‍ ഈ രണ്ട് കേസുകളും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചുകളാണ് വാദം കേട്ടത്. ജസ്റ്റിസ് ശുക്ല കുറ്റക്കാരനാണെന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്‌കെ അഗ്നിഹോത്രി, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പികെ ജയ്‌സ്വാള്‍ എന്നിവര്‍ അംഗങ്ങളായ വകുപ്പുതല കമ്മിറ്റി കണ്ടെത്തിയ വാര്‍ത്ത തിങ്കളാഴ്ച മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. സെപ്തംബറില്‍ ഉത്തര്‍ പ്രദേശ് അഡ്വക്കേറ്റ് ജനറല്‍ ജസ്റ്റിസ് ശുക്ലയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വകുപ്പുതല കമ്മിറ്റിക്ക് രൂപം നല്‍കിയത്.

മെഡിക്കല്‍ കോഴ കേസില്‍ ജുഡീഷ്യല്‍ അഴിമതി സംബന്ധിച്ച് നിര്‍ണായകമാകുന്ന ഫോണ്‍ സംഭാഷണം പുറത്ത്

2017-18 വര്‍ഷത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് ജിസിആര്‍ജി മെഡിക്കല്‍ സയന്‍സസിന് മേല്‍ കഴിഞ്ഞ ഓഗസ്റ്റ് 29ന് സുപ്രീം കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കം ചെയ്തുകൊണ്ട് ജസ്റ്റിസ് ശുക്ല വിധി പുറപ്പെടുവിച്ചിരുന്നു. സെപ്തംബര്‍ ഒന്നിന് തന്റെ ബഞ്ച് തന്നെ പുറപ്പെടുവിച്ച ഉത്തരവില്‍ സെപ്തംബര്‍ നാലിന് ജസ്റ്റിസ് ശുക്ല സ്വന്തം കൈപ്പടയില്‍ തിരുത്തലുകള്‍ വരുത്തിയെന്നാണ് ആരോപണം. എന്നാല്‍ നവംബര്‍ 23ന് പുറപ്പെടുവിച്ച അന്തിമ വിധിയില്‍, ജസ്റ്റിസ് ശുക്ല നിയമപരമായ മര്യാദ കാണിച്ചില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, പ്രവേശനം നല്‍കിയ ഒരോ വിദ്യാര്‍ത്ഥിക്കും പത്ത് ലക്ഷം രൂപ വീതം മടക്കി നല്‍കാന്‍ ജിസിആര്‍ജി മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ടിരുന്നു. നിരവധി നിയമലംഘനങ്ങള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പ്രവേശനം നിരോധിച്ച സ്ഥാപനത്തോട് 25 ലക്ഷം രൂപ പിഴയടയ്ക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

രണ്ട് കോടതികളുടെയും ഉത്തരവുകള്‍ അല്ലാതെ മറ്റ് രേഖകളൊന്നും വകുപ്പുതല അന്വേഷണ സമിതിക്ക് മുന്നില്‍ വന്നിരുന്നില്ല. മാത്രമല്ല, ജിസിആര്‍സി മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട കേസ് മാത്രം അന്വേഷിച്ചാല്‍ മതിയെന്നും പ്രസാദ് വിദ്യാഭ്യാസ ട്രസ്റ്റുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കേണ്ടതില്ലെന്നും കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രസാദ് വിദ്യാഭ്യാസ ട്രസ്റ്റുമായി ബന്ധപ്പെട്ട കേസുകളില്‍ ജസ്റ്റിസ് ശുക്ലയ്‌ക്കെതിരെ തെളിവുകളുമായി സെപ്തംബര്‍ ആറിനാണ് സിബിഐ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചത്. ഒഡീഷ ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് ഐഎം ഖുദ്ദൂസി, ഇടനിലക്കാരന്‍ വിശ്വനാഥ് അഗര്‍വാള്‍, പ്രസാദ് വിദ്യാഭ്യാസ ട്രസ്റ്റിലെ ജെപി യാദവ് എന്നിവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണം ചോര്‍ത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സിബിഐ എഫ്‌ഐആര്‍ ഇടാന്‍ അനുമതി തേടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചത്. എന്നാല്‍ ഇതിന് ചീഫ് ജസ്റ്റിസ് അനുമതി നല്‍കിയില്ല.

ജിസിആര്‍ജി മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടുമായുള്ള കേസില്‍ ജസ്റ്റിസ് ശുക്ലയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പ്രസാദ് വിദ്യാഭ്യാസ ട്രസ്റ്റ് കേസില്‍ ജസ്റ്റിസ് ശുക്ലയുടെ അനധികൃത ഇടപെടലുകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അപേക്ഷിച്ച് വീണ്ടും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ സമീപിക്കാനാണ് സിബിഐ ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ വീണ്ടും അനുമതി തേടുന്ന രീതി അസാധാരണമാണെങ്കിലും മാറിയ സാഹചര്യത്തില്‍ അതിന് പ്രസക്തിയുണ്ടെന്നാണ് സിബിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

രാജ്യം തീരുമാനിക്കട്ടെ; സുപ്രീംകോടതിയില്‍ കലാപം, ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍