Top

സൊറാബുദ്ദീന്‍ വ്യാജ ഏറ്റമുട്ടല്‍ കേസ്: മാധ്യമവിലക്ക് നീക്കുകയും സിബിഐയെ വിമര്‍ശിക്കുകയും ചെയ്ത ജഡ്ജിയെ മാറ്റി

സൊറാബുദ്ദീന്‍ വ്യാജ ഏറ്റമുട്ടല്‍ കേസ്: മാധ്യമവിലക്ക് നീക്കുകയും സിബിഐയെ വിമര്‍ശിക്കുകയും ചെയ്ത ജഡ്ജിയെ മാറ്റി
സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊല കേസില്‍ വിചാരണ കേട്ടിരുന്ന ബോംബെ ഹൈക്കോടതി ജഡ്ജിയെ മാറ്റി. കേസ് നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുകയും സിബിഐയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്ത ജസ്റ്റിസ് രേവതി മൊഹിതെ ദെരെയെ ആണ് മാറ്റിയത്. സാക്ഷികളെ സംരക്ഷിക്കുന്നതിലുള്ള പരാജയം, കേസിലെ വ്യക്തതയില്ലായ്മ, താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും കുറ്റാരോപിതരായ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മൗനം പാലിക്കുകയും ചെയ്യല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് സിബിഐയെ കോടതി വിമര്‍ശിച്ചത്. മുതിര്‍ന്ന ഗുജറാത്ത് ഐപിഎസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയതിന് എതിരായ അഞ്ച് ഹര്‍ജികളാണ് ജസ്റ്റിസ് രേവതിയുടെ പരിഗണനയിലുണ്ടായിരുന്നത്.

പുനപരിശോധന ഹര്‍ജികളില്‍ മൂന്ന് മാസമായി ജസ്റ്റിസ് രേവതി വാദം കേള്‍ക്കുന്നു. മൂന്നാഴ്ചയായി എല്ലാ ദിവസവും വാദം കേള്‍ക്കുന്നുണ്ട്. അഞ്ചില്‍ മൂന്ന് ഹര്‍ജികള്‍ സൊഹ്‌റാബുദീന്റെ സഹോദരന്‍
റുബാബുദ്ദീന്‍ ഫയല്‍ ചെയ്തതാണ്. മുന്‍ ഡിഐജി ഡിജി വന്‍സാര, രാജസ്ഥാന്‍ പൊലീസിലെ എംഎന്‍ ദിനേഷ്, മുന്‍ സൂപ്രണ്ട് രാജ്കുമാര്‍ പാണ്ഡ്യന്‍ എന്നിവരെ വെറുതെ വിട്ടതിന് എതിരെയാണ് റുബാബുദ്ദീന്‍ കോടതിയെ സമീപിച്ചത്. ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ എന്‍കെ അമീനേയും രാജസ്ഥാനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ ദല്‍പത് സിംഗ് റാത്തോഡ് എന്നിവരെ കുറ്റവിമുക്തരാക്കിയതിന് എതിരെയടക്കം രണ്ട് ഹര്‍ജികള്‍ സിബിഐ നല്‍കിയിട്ടുണ്ട്.

പ്രത്യേക സിബിഐ കോടതിയാണ് ഈ പ്രതികളെ വെറുതെവിട്ടത്. ആകെയുണ്ടായിരുന്ന 38 പ്രതികളില്‍ 15 പേരെ കീഴ്‌ക്കോടതി വെറുതെ വിട്ടിരുന്നു. ഇവര്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞാണ് വിചാരണ തുടങ്ങുന്നതിന് മുമ്പ് തന്നെ വെറുതെവിട്ടത്. ജസ്റ്റിസ് എന്‍ഡബ്ല്യു സാംബ്രെക്ക് കേസിന്റെ വിചാരണ കൈമാറിയപ്പോള്‍, മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതിനുള്ള ചുമതലയാണ് ജസ്റ്റിസ് രേവതിക്ക് നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് രേവതി ഇതിനകം തന്നെ വിവിധ കക്ഷികളുടെ വാദങ്ങള്‍ കേട്ട് കഴിഞ്ഞിരുന്നു.

ജഡ്ജിമാരുടെ അസൈന്‍മെന്റ് മാറ്റുക എന്നത് ഓരോ എട്ടാഴ്ചയോ അല്ലെങ്കില്‍ പത്താഴ്ചയോ കൂടുമ്പോള്‍ നടക്കുന്നതാണ്. എന്നാല്‍ ഈ കേസില്‍ മൂന്നാഴ്ച തുടര്‍ച്ചയായി വാദം കേള്‍ക്കുകയും പ്രധാനപ്പെട്ട വാദങ്ങള്‍ പൂര്‍ത്തിയാവുകയും ചെയ്തതിന് ശേഷമാണ് ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നതെന്ന് നേരത്തെ ഈ കേസില്‍ റുബാബുദ്ദീന് വേണ്ടി വാദിച്ചിരുന്ന അഭിഭാഷകന്‍ വിജയ് ഹീരേമഠ് പറയുന്നു. ഈ കേസില്‍ വീണ്ടും ആദ്യം മുതല്‍ വാദം കേള്‍ക്കുക എന്ന് പറയുന്നത് എല്ലാ കക്ഷികളേയും സംബന്ധിച്ചും വലിയ സമയനഷ്ടമായിരിക്കും - വിജയ് ഹീരേമഠ് ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായി പ്രശാന്ത് ഭൂഷണും ജഡ്ജിയെ മാറ്റിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ഇത്തരമൊരു ഘട്ടത്തില്‍ ജഡ്ജിയെ മാറ്റുന്നത് അസാധാരണമാണ്. സിബിഐക്കെതിരെ ജഡ്ജി നടത്തിയ രൂക്ഷ വിമര്‍ശനത്തിന്റെ പശ്ചാത്തില്‍ വേണം ഇതിനെ കാണാനെന്നും പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു.

സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കുന്നതിലെ പരാജയം ചൂണ്ടിക്കാട്ടി സിബിഐയ്‌ക്കെതിരെ ജസ്റ്റിസ് രേവതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. 42 സാക്ഷികളില്‍ 34 പേരും കൂറുമാറിയതായി ജസ്റ്റിസ് രേവതി ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണ നടപടികളുമായി സഹകരിക്കാതെ നിസംഗത പാലിക്കുകയാണ് സിബിഐ എന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. കേസ് നടപടികളെപ്പറ്റി, വിചാരണയെ പറ്റിയെല്ലാം അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട് എന്ന് വ്യക്തമാക്കി കേസ് നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് കീഴ്‌ക്കോടതി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുകയും ചെയ്തു.

കോടതികളെ തെറ്റിദ്ധരിപ്പിക്കാനും കേസ് വഴിതെറ്റിക്കാനും ഗുജറാത്ത് സര്‍ക്കാരും പൊലീസും ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് 2010ല്‍ കേസ് സിബിഐയ്ക്ക് കൈമാറുന്നതും 2012ല്‍ കേസിന്റെ വിചാരണ മുംബൈയിലേയ്ക്ക് മാറ്റിയതും. വിചാരണയുടെ തുടക്കം മുതല്‍ അവസാനം വരെ ഒരേ ജഡ്ജി തന്നെ വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍ 2014 ജൂണില്‍, അതായത് നരേന്ദ്ര മോദിയുടെ ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന് ഒരു മാസത്തിനുള്ളില്‍ പ്രത്യേക സിബിഐ ജഡ്ജി ജെടി ഉത്പത്തിനെ മാറ്റിയിരുന്നു. പിന്നീട് വന്ന ജസ്റ്റിസ് ബിഎച്ച് ലോയ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. ലോയ്ക്ക് മേല്‍, കേസില്‍ പ്രതിയായിരുന്ന അമിത് ഷായ്ക്ക് അനുകൂലമായ വിധി പ്രസ്താവിക്കുന്നതിന് സമ്മര്‍ദ്ദമുണ്ടായിരുന്നതായും ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ 100 കോടി രൂപ ഇതിനായി ലോയയ്ക്ക് വാഗ്ദാനം ചെയ്തിരുന്നതായും പറഞ്ഞത് അദ്ദേഹത്തിന്റെ സഹോദരിയാണ്.

ലോയയ്ക്ക് ശേഷം വന്ന ജസ്റ്റിസ് എംബി ഗോസാവി, അമിത് ഷായെ കുറ്റവിമുക്തനാക്കി. വെറും രണ്ടാഴ്ച വാദം കേട്ടതിന് ശേഷമാണ് അമിത് ഷായെ കുറ്റവിമുക്തനാക്കിയത്. അമിത് ഷായെ കുറ്റവിമുക്തനാക്കിയതിനെ സിബിഐ കാര്യമായി എതിര്‍ത്തതുമില്ല. വിചാരണ കൂടാതെ തന്നെ 14 പ്രതികളെ വെറുതെ വിട്ടു. 2017 നവംബറില്‍ ലോയയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച ബന്ധുക്കളുടെ വെളിപ്പെടുത്തലുകള്‍ പ്രസിദ്ധീകരിച്ച് കാരവാന്‍ മാഗസിന്‍ രംഗത്തെത്തിയതിന് പിന്നാലെ മരണം സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയിലെത്തി. അമിത് ഷായെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ അപ്പീലൊന്നും കൊടുത്തിട്ടില്ല. അതേസമയം പൊലീസ് കോണ്‍സ്റ്റബിള്‍മാരെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുകയും ചെയ്യുന്നു.

http://www.azhimukham.com/india-13questions-unanswered-justiceloya-death-amitshah-case/

http://www.azhimukham.com/india-justice-loya-was-offered-100crs-for-favourable-verdict-amitshah-case/

Next Story

Related Stories