ന്യൂസ് അപ്ഡേറ്റ്സ്

ഖര മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ അലംഭാവം: കേരളത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം, ഒരു ലക്ഷം രൂപ പിഴ

സംസ്ഥാനങ്ങള്‍ക്ക് ഒരു അവസരം കൂടി നല്‍കുകയാണെന്നും വീഴ്ച വരുത്തിയാല്‍, ചീഫ് സെക്രട്ടറിമാര്‍ കോടതിയില്‍ ഹാജരായി എന്തുകൊണ്ട് ഇന്ത്യയിലെ നിയമം തങ്ങള്‍ക്ക് ബാധകമല്ലെന്ന് വിശദീകരിക്കണമെന്ന് ജസ്റ്റിസുമാരായ മദന്‍ ബി.ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

ഖര മാലിന്യ നിര്‍മാര്‍ജനത്തിന് നയമുണ്ടാക്കാത്തതിനും ചട്ടം നടപ്പാക്കാത്തതിനും കേരളമടക്കം 10 സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളായ പുതുച്ചേരിക്കും ലക്ഷദ്വീപിനും സുപ്രീം കോടതി ഒരു ലക്ഷം രൂപ വീതം പിഴ ചുമത്തി. സംസ്ഥാനങ്ങള്‍ക്ക് ഒരു അവസരം കൂടി നല്‍കുകയാണെന്നും വീഴ്ച വരുത്തിയാല്‍, ചീഫ് സെക്രട്ടറിമാര്‍ കോടതിയില്‍ ഹാജരായി എന്തുകൊണ്ട് ഇന്ത്യയിലെ നിയമം തങ്ങള്‍ക്ക് ബാധകമല്ലെന്ന് വിശദീകരിക്കണമെന്ന് ജസ്റ്റിസുമാരായ മദന്‍ ബി.ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

2015 സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ ഡെങ്കിപ്പനി ബാധിച്ച് കുട്ടി മരിച്ചതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍, സുപ്രീംകോടതി സ്വമേധയാ മാലിന്യനിര്‍മ്മാര്‍ജ്ജനം സംബന്ധിച്ച് കേസെടുക്കുകയായിരുന്നു. 2016 ഏപ്രിലില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഒരോ സംസ്ഥാനവും നയമുണ്ടാക്കണമെന്ന് ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞെങ്കിലും മൂന്നില്‍ രണ്ട് സംസ്ഥാനങ്ങളും നടപടിയെടുത്തിട്ടില്ല എന്നത് ഞെട്ടിപ്പിക്കുന്നതായി സുപ്രീം കോടതി പറഞ്ഞു.

ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് ഹരിയാന, ജാര്‍ഖണ്ഡ്, ഒഡീഷ, നാഗലാന്‍ഡ് എന്നിവ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. സത്യവാങ്മൂലം തയ്യാറാണെന്ന് സിക്കിം, അസം, യുപി, മണിപ്പൂര്‍, തെലങ്കാന എന്നിവ കോടതിയെ അറിയിച്ചു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങള്‍ നടപടിയെടുത്തിട്ടില്ല. പല തവണ ഈ സംസ്ഥാനങ്ങളെ ഓര്‍മ്മപ്പെടുത്തിയെന്ന് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ കോടതി നിര്‍ദ്ദേശം പാലിക്കാത്തത് ദുരന്തമാണെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. ദയനീയമല്ല, ഞെട്ടിപ്പിക്കുന്ന സാഹചര്യമാണിത്. കാരണം, മാലിന്യ നിര്‍മ്മാര്‍ജ്ജനമെന്നത് രാജ്യത്തെ വലിയ പ്രശ്‌നമാണെന്നും കോടതി പറഞ്ഞു.

ഉത്തരവുകള്‍ പാലിക്കാത്തതില്‍ കേരളമുള്‍പ്പെടെ 10 സംസ്ഥാനങ്ങളുടെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നു. അഭിഭാഷകര്‍ ഹാജരാകാതിരുന്ന സംസ്ഥാനങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് കോടതി പിഴയിട്ടിരിക്കുന്നത്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന നയത്തിന്റെയും സത്യവാങ്മൂലത്തിന്റെയും പകര്‍പ്പ് പരിസ്ഥിതി മന്ത്രാലയത്തിനുവേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനും അമിക്കസ് ക്യൂറിക്കും നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കേസ് അടുത്ത മാസം ഏഴിന് വീണ്ടും പരിഗണിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍