Top

2019ല്‍ ബിജെപിയെ തറ പറ്റിച്ച് അധികാരത്തില്‍ വരും: സോണിയ ഗാന്ധി

2019ല്‍ ബിജെപിയെ തറ പറ്റിച്ച് അധികാരത്തില്‍ വരും: സോണിയ ഗാന്ധി
2014 മേയ് 26ന് മുമ്പ് ഇന്ത്യയെന്താ തമോഗര്‍ത്തമായിരുന്നോ എന്നാണ് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ചോദിക്കുന്നത്. ഇന്ത്യ പുരോഗതിയിലേയ്ക്ക് നീങ്ങിയത് നാല് വര്‍ഷം കൊണ്ടാണ് എന്നും മറ്റുമുള്ള ഈ അവകാശവാദം രാജ്യത്തെ ജനങ്ങളുടെ ബുദ്ധിയെ ചോദ്യം ചെയ്യുന്നതും അവരെ അപമാനിക്കുന്നതുമാണ്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തറ പറ്റിച്ച് കോണ്‍ഗ്രസ് അധികാരം നേടുമെന്നും സോണിയ പറഞ്ഞു. പാർട്ടി ആവശ്യപ്പെട്ടാൽ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സോണിയ പറഞ്ഞു. പാർട്ടി നിർദേശിക്കുകയാണെങ്കിൽ 2019ലും റായ് ബറേലിയില്‍ നിന്നുതന്നെ മത്സരിക്കുമെന്നും സോണിയ പറഞ്ഞു. ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അവർ.

ഒരു കാരണവശാലും ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തെ ജയിക്കാൻ അനുവദിക്കില്ല. ജനങ്ങളോടു തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ സംബന്ധിച്ച് ഞങ്ങള്‍ നുണ പറയാനില്ല. നടപ്പാക്കാൻ സാധിക്കാത്ത കാര്യങ്ങൾ പറഞ്ഞു പറ്റിക്കാനുമില്ല. ജനാധിപത്യത്തിൽ ഭിന്നാഭിപ്രായങ്ങൾക്കും സംവാദങ്ങൾക്കുമെല്ലാം സ്ഥാനമുണ്ട്. അല്ലാതെ ഒരാൾ പറയുന്നതു മാത്രമാണു ശരിയെന്നു കരുതാൻ പാടില്ലെന്നും മോദിയെ ലക്ഷ്യംവച്ച് സോണിയ പറഞ്ഞു. നമ്മുടെ ജുഡീഷ്യറി വലിയ പ്രതിസന്ധിയിലാണ്. സുതാര്യതയ്ക്ക് വേണ്ടിയാണ് വിവരാവകാശ നിയമം കൊണ്ടുവന്നത്. എന്നാല്‍ ഇന്ന് അത് മരവിപ്പിച്ചിരിക്കുന്നു. ആധാര്‍ ജനങ്ങളുടെ സ്വകാര്യതയില്‍ കടന്നുകയറുന്ന അധികാര പ്രയോഗമായി മാറിയിരിക്കുന്നു - സോണിയ പറഞ്ഞു.

തന്റെ പരിമിതികൾ അറിയാവുന്നതു കൊണ്ടാണ് 2004ൽ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു മാറി നിന്നത്. തന്നേക്കാളും മികച്ച പ്രധാനമന്ത്രിയായിരിക്കും മൻമോഹൻ സിങ് എന്ന് ഉറപ്പായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടിയായി സോണിയ പറഞ്ഞു. 2014ലെ പരാജയത്തപ്പറ്റിയും സോണിയ വിശദീകരിച്ചു. രണ്ടു തവണ അധികാരത്തിലെത്തിയെങ്കിലും ‘മറ്റു ചില കാരണങ്ങള്‍ക്കൊപ്പം’ ഭരണവിരുദ്ധ വികാരവും കോൺഗ്രസിനു തിരിച്ചടിയായി. നരേന്ദ്ര മോദിയുടെ ക്യാംപെയ്ൻ രീതികളെ മറികടക്കാനും സാധിച്ചില്ലെന്നും സോണിയ പറഞ്ഞു.

അതേസമയം ജനങ്ങളുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധത്തിന് സംഭവിച്ച ജനങ്ങളുമായി ബന്ധപ്പെടുന്നതിന് പുതിയ വഴികള്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്ന് സോണിയ പറഞ്ഞു. പരിപാടികളും പദ്ധതികളും ജനങ്ങളിലേയ്‌ക്കെത്തിക്കുന്നതിന് പുതിയ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. ജനങ്ങളുമായി ബന്ധം സ്ഥാപിക്കുന്ന കാര്യത്തിൽ സംഘടനാതലത്തിൽ തന്നെ കോൺഗ്രസിൽ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. പദ്ധതികളും നയങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിലും മാറ്റം വരുത്തണം. തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് രാഹുലിന് നല്ല ബോധ്യമുണ്ട്. അതിനിടയിൽ താൻ നിർദേശം നൽകാറില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രം ഇടപെടാം. മുതിർന്ന നേതാക്കൾക്കൊപ്പം പുതുമുഖങ്ങളെയും ഉൾപ്പെടുത്തി പാർട്ടിക്കു പുതുജീവൻ പകരാനാണു രാഹുലിന്റെ ശ്രമം. അതത്ര എളുപ്പമല്ല. മുതിർന്ന നേതാക്കൾ പാർട്ടിക്ക് നല്‍കിയ സംഭാവനകളെയും സേവനങ്ങളെയും മാനിച്ചുകൊണ്ട് തന്നെയായിരിക്കും രാഹുൽ മാറ്റങ്ങൾ കൊണ്ടുവരികയെന്നും സോണിയ പറഞ്ഞു.

http://www.azhimukham.com/trending-viral-rahulgandhi-responds-to-critique/

Next Story

Related Stories