TopTop
Begin typing your search above and press return to search.

ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനം: തീരുമാനം പിന്നീടെന്ന് സുപ്രീംകോടതി കൊളീജിയം

ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനം: തീരുമാനം പിന്നീടെന്ന് സുപ്രീംകോടതി കൊളീജിയം
സുപ്രീം കോടതി ജഡ്ജിയായുള്ള ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന കാര്യത്തില്‍ തീരുമാനമായില്ല. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മറ്റ് നാല് കൊളീജിയം അംഗങ്ങളും (ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ്) പങ്കെടുത്തിരുന്നു. എന്നാല്‍ 50 മിനുട്ടോളം നീണ്ട യോഗം തീരുമാനമെടുക്കുന്നത് മാറ്റി വയ്ക്കുകയായിരുന്നു. ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനത്തിനുള്ള ശുപാര്‍ശ പുനപരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കൊളീജിയം യോഗം ചേര്‍ന്നത്.

മറ്റ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരേയും ജഡ്ജിമാരേയും അപേക്ഷിച്ച് കെഎം ജോസഫിന് സീനിയോറിറ്റി കുറവാണെന്നും കേരളത്തെ അപേക്ഷിച്ച് മറ്റ് സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ജോസഫിന്റെ നിയമനം പുനപരിശോധിക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ജനുവരി 10ന് ഏകകണ്‌ഠേനയെടുത്ത തീരുമാനം മാറ്റാനുള്ള യാതൊരു സാഹചര്യവുമില്ലാതിരിക്കെ തീരുമാനമെടുക്കുന്നത് മാറ്റി വച്ച സുപ്രീം കോടതി നടപടി ശ്രദ്ധേയമാവുകയാണ്.

കല്‍ക്കട്ട, രാജസ്ഥാന്‍, തെലങ്കാന, ആന്ധ്രപ്രദേശ് ഹൈക്കോടതികളില്‍ നിന്നുള്ള ജഡ്ജിമാര്‍ കൊളീജിയത്തിന്റെ പരിഗണനയിലുണ്ട്. സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി ഇവിടങ്ങളില്‍ നിന്നുള്ള ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തണം എന്ന കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെ ആവശ്യം പരിഗണിക്കുന്നതായി കൊളീജിയം പറയുന്നു.

കൊളീജിയം യോഗത്തിന്‍റെ അജണ്ട, പങ്കെടുത്തവര്‍:



അതേസമയം ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന ശുപാര്‍ശ വീണ്ടും കേന്ദ്ര സര്‍ക്കാരിന് അയയ്ക്കാതെ മാറ്റി വച്ചത് എന്തിനാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. കൊളീജിയം വീണ്ടും കെഎം ജോസഫിന്റെ പേര് തിരിച്ചയച്ചാല്‍ കേന്ദ്ര സര്‍ക്കാരിന് നിയമനം നീട്ടിക്കൊണ്ടുപോകാം എന്നല്ലാതെ തള്ളിക്കളയാനാകില്ല.

കെഎം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമച്ചില്ലെങ്കില്‍ അത് വലിയ തെറ്റായിരിക്കുമെന്ന് മുന്‍ ചീഫ് ജസ്റ്റിസുമാരായ ആര്‍എം ലോധയും ടിഎസ് ഠാക്കൂറും പറഞ്ഞിരുന്നു. സീനിയോറിറ്റയല്ല പ്രവര്‍ത്തന മികവാണ് സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെടാനുള്ള പ്രധാന യോഗ്യതയെന്ന് മുന്‍ അറ്റോണി ജനറല്‍ സോളി സൊറാബ്ജി അടക്കമുള്ളവരും പറഞ്ഞിരുന്നു. 2016ല്‍ ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണത്തിലൂടെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കിയ നടപടി റദ്ദാക്കിയതാണ് ജസ്റ്റിസ് കെഎം ജോസഫിനോട് ബിജെപി സര്‍ക്കാരിനുള്ള വിരോധത്തിന് കാരണമെന്നാണ് ആരോപണം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് തള്ളിക്കളഞ്ഞു.

http://www.azhimukham.com/edit-when-crisis-mounted-on-indian-judiciary-and-justice-km-joseph/

Next Story

Related Stories