Top

ഇനി പ്രതീക്ഷയില്ല; എല്ലാം ആസൂത്രിത നാടകം, ചെറിയവരായ ഞങ്ങള്‍ എന്ത് ചെയ്യാനാണ്? ജസ്റ്റിസ് ലോയയുടെ കുടുംബം

ഇനി പ്രതീക്ഷയില്ല; എല്ലാം ആസൂത്രിത നാടകം, ചെറിയവരായ ഞങ്ങള്‍ എന്ത് ചെയ്യാനാണ്? ജസ്റ്റിസ് ലോയയുടെ കുടുംബം
ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല കേസില്‍ വാദം കേട്ടിരുന്ന, സിബിഐ പ്രത്യേക ജഡ്ജിയായിരുന്ന ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി വ്യാഴാഴ്ച്ച തള്ളിയതോടെ നിരാശയും നിസഹായതയും പങ്കുവച്ച് കുടുംബം രംഗത്തെത്തി. ഇത് സംബന്ധിച്ച സത്യാവസ്ഥ അറിയാമെന്ന തങ്ങളുടെ പ്രതീക്ഷകള്‍ ഇല്ലാതായെന്നും 'എല്ലാം ആസൂത്രിതമായ നാടകമാണെന്നും'' ലോയയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ദ പ്രിന്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

"തങ്ങള്‍ വളരെ ചെറിയ മനുഷ്യരല്ലേ, എന്ത് ചെയ്യാന്‍ സാധിക്കും?" എന്നായിരുന്നു നിസഹായത വെളിവാക്കുന്ന വിധം ലോയയുടെ പിതൃ സഹോദരന്‍ ശ്രീനിവാസ് ലോയയുടെ പ്രതികരണം എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ''വിധി ഞങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്തായിരുന്നില്ല. നിര്‍വാദി ചോദ്യങ്ങള്‍ ഉത്തരം ലഭിക്കാതെ അവശേഷിക്കുന്നു,'' ശ്രീനിവാസ് ലോയ പറഞ്ഞു. ''ഒരു സ്വതന്ത്ര അന്വേഷണം നടന്നിരുന്നുവെങ്കില്‍ കൂടുതല്‍ നന്നായേനെ. പക്ഷേ ഞങ്ങള്‍ക്കിനി ഇതില്‍ ആരിലും ഒരു പ്രതീക്ഷയുമില്ല. എല്ലാം ആസൂത്രിതമായി കൈകാര്യം ചെയ്യുന്നതാണ്. മാധ്യമങ്ങളും പ്രതിപക്ഷ കക്ഷികളും വിഷയം ഉയര്‍ത്തുന്നുണ്ടെങ്കിലും ഒന്നും സംഭവിക്കുന്നില്ല,'' ലത്തൂരിലുള്ള ശ്രീനിവാസ് ലോയ പറഞ്ഞു. ലോയയുടെ സഹോദരി അനുരാധ ബിയാണിയും ഇതേ വികാരമാണ് പ്രകടിപ്പിച്ചത്. ''എന്താണിനി പറയേണ്ടത്?'' ബിയാനി ചോദിച്ചു. ''ഒരു പ്രതീക്ഷയും ഇനിയില്ല. കഴിഞ്ഞ നാലു കൊല്ലമായി ഞങ്ങള്‍ ഒന്നും പറയാനില്ലാത്ത അവസ്ഥയിലാണ്.'' - അവര്‍ പറഞ്ഞു.

അതേസമയം ലോയയുടെ മരണം ഹൃദയാഘാതം മൂലമുള്ള സ്വാഭാവിക മരണമായിരുന്നുവെന്ന് മഹാരാഷ്ട്ര പൊലീസിലെ ഒരു ഉന്നതോദ്യഗസ്ഥന്‍ ആവര്‍ത്തിച്ചു. 2014 ഡിസംബര്‍ 1ന് മരിക്കുമ്പോള്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കൊല കേസില്‍ വിചാരണ നടത്തുന്ന ന്യായാധിപനായിരുന്നു ലോയ. അന്നേ ദിവസം നാഗ്പൂരില്‍ ഒരു സഹപ്രവര്‍ത്തന്റെ മകളുടെ വിവാഹത്തിന് എത്തിയതായിരുന്നു അദ്ദേഹം. ലോയയുടെ മരണത്തിന് ഒരു മാസത്തിനുള്ളില്‍ എം. ബി. ഗോസാവി പ്രത്യേക ജഡ്ജായി സ്ഥാനമേറ്റു. ഷായും മറ്റ് നിര്‍ണായക പ്രതികളും തുടര്‍ന്ന് കുറ്റവിമുക്തരാക്കപ്പെട്ടു.

കഴിഞ്ഞ വര്‍ഷം, കാരവന്‍ മാസികയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍, ''ഈ കേസില്‍ അനുകൂലമായ വിധി നല്‍കാന്‍ തന്റെ സഹോദരന് മേല്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നു'' എന്ന് ധൂലെയില്‍ സര്‍ക്കാര്‍ ഡോക്ടറായി ജോലി ചെയ്യുന്ന അനുരാധ ബിയാനി പറഞ്ഞിരുന്നു. അച്ഛന്‍ ഹരികിഷന്‍ ലോയയും ഔറംഗാബാദില്‍ അധ്യാപികയായ സഹോദരി സരിത മന്ധാനെയും ലോയയുടെ മരണത്തെക്കുറിച്ച് ഇതേ സംശയങ്ങള്‍ ഉന്നയിച്ചു.
ഈ റിപ്പോര്‍ട്ട് വലിയ ചലനങ്ങളുണ്ടാക്കി. തുടര്‍ന്നുള്ള മാധ്യമ അന്വേഷണങ്ങള്‍ മഹാരാഷ്ട്ര പൊലീസ് നടത്തിയ അന്വേഷണത്തിലെ പൊരുത്തക്കേടുകളും എന്തൊക്കെയോ മൂടി വയ്ക്കാനുള്ള ശ്രമങ്ങളും വെളിച്ചത്തുകൊണ്ടുവന്നു. ലോയയുടെ അടുത്ത കുടുംബാംഗങ്ങള്‍ കാരവന്‍ വാര്‍ത്തയ്ക്ക് ശേഷം ആഴ്ചകളോളം നിരീക്ഷണത്തിലായിരുന്നു. അയാളുടെ മാതാപിതാക്കള്‍ അവരുടെ ലത്തൂര്‍ ജില്ലയിലെ കുടുംബ വീട്ടില്‍ നിന്നും മാറിയപ്പോള്‍, സഹോദരിമാരും മകന്‍ അനൂജും തങ്ങളുടെ ഫോണുകള്‍ അടച്ചുവെച്ചു.

എന്നാല്‍ വിവാദം കെട്ടടങ്ങാതെ വന്നതോടെ, മുംബൈയില്‍ വാര്‍ത്താ സമ്മേളനം നടത്തിയ അനൂജ്, തന്‍റെ കുടുംബത്തിന് അച്ചന്‍റെ മരണവുമായി ബന്ധപ്പെട്ട് സംശയങ്ങളൊന്നുമില്ല എന്ന് പറഞ്ഞു. മറ്റ് കുടുംബാംഗങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന സംശയങ്ങളും മാറിയെന്നാണ് അയാള്‍ പറഞ്ഞത്. അന്ന് ഇതിനെക്കുറിച്ച് ബിയാനി പ്രതികരിച്ചില്ല. മരണസമയത്ത് ലോയയുടെ ഒപ്പമുണ്ടായിരുന്ന ന്യായാധിപന്‍മാരുടെ വാക്കുകള്‍ അവിശ്വസിക്കാന്‍ കാരണങ്ങളൊന്നുമില്ല എന്നു പറഞ്ഞാണ് വ്യാഴാഴ്ച്ച സുപ്രീം കോടതി ലോയയുടെ മരണത്തില്‍ സ്വതന്ത്ര നവേഷണം ആവശ്യപ്പെടുന്ന ഹര്‍ജികള്‍ തള്ളിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എ.എം.ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങുന്ന ബഞ്ച്, ഹര്‍ജിക്കാരുടെ വിശ്വാസ്യതയും ചോദ്യം ചെയ്തു. വിധിക്കു ശേഷം അനൂജ് അഭിപ്രായപ്രകടനങ്ങളൊന്നും നടത്തിയില്ല. ''സംശയങ്ങളെക്കുറിച്ച് പരാമര്‍ശങ്ങളൊന്നുമില്ല''- ജഡ്ജിയുടെ മരണം സ്വാഭാവികമാണെന്ന നാഗ്പൂര്‍ പൊലീസിന്‍റെ വാദം ജോയിന്റ്റ് കമ്മീഷണര്‍ ശിവാജി ബോധ്‌കെ വ്യാഴാഴ്ച്ച ആവര്‍ത്തിച്ചു.

''ഞങ്ങളുടെ കാഴ്ച്ചപ്പാടില്‍ അന്വേഷണത്തില്‍ തെളിയുന്നത് അത് ഹൃദയാഘാതം മൂലമുള്ള ഒരു സ്വാഭാവിക മരണമാണ് എന്നാണ്. മറ്റുള്ളവര്‍ സംശയങ്ങള്‍ ഉയര്‍ത്തിയത് എന്തുകൊണ്ടാണ് എന്നെനിക്ക് പറയാനാവില്ല,'' ബോധ്‌കെ പറയുന്നു. കുടുംബത്തിന്റെ മൊഴി നാല്‍കാത്തതിനാല്‍ ലോയയുടെ മരണം സംഭവിച്ച പ്രദേശത്തെ സത്താര്‍ പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച കേസ് രേഖകള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് നവംബറില്‍ തന്നെ റിപ്പോര്‍ടുകള്‍ വന്നു. പൊലീസ് സ്റ്റേഷന്‍ വീണ്ടും രേഖകള്‍ ശേഖരിക്കുകയും ആശുപത്രി രേഖകള്‍ പരിശോധിക്കുകയും പുതിയ മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ലോയയുടെ അടുത്ത കുടുംബാംഗങ്ങളില്‍ നിന്നുള്ള മൊഴി ഇതിനാവശ്യമില്ല എന്നു ബോധ്‌കെ പറയുന്നു. ''ആവശ്യമായ തെളിവുകള്‍ ശേഖരിച്ചു കോടതിക്ക് നല്‍കിയിട്ടുണ്ട്. മരണകാരണം പ്രഖ്യാപിക്കാനാവശ്യമായതെല്ലാം രേഖപ്പെടുത്തി.''
''മരണകാരണം അറിയില്ലെങ്കില്‍ മാത്രമാണ് അകലെയുള്ള ബന്ധുക്കളുടെ മൊഴി ആവശ്യമായി വരുന്നത്. ഈ സംഭവത്തില്‍ അത് വ്യക്തമാണ്,'' - ബോധ്‌കെ പറഞ്ഞു.

Next Story

Related Stories