UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാകിര്‍ നായിക് ഇന്ത്യയിലേയ്ക്ക് വിട്ടതായി മലേഷ്യ; ഇന്ത്യയിലേയ്ക്കില്ലെന്ന് സാകിര്‍ നായിക്

സാകിര്‍ നായികിന് നാടുകടത്തല്‍ സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശവും മലേഷ്യന്‍ ഗവണ്‍മെ്ന്റ് നല്‍കിയിട്ടില്ലെന്ന് അഭിഭാഷകന്‍ ദാതോ ഷഹാറുദ്ദീന്‍ അലി പറഞ്ഞു. മലേഷ്യയില്‍ നിന്ന് സാകിര്‍ നായിക് തിരിച്ചുവരുന്നതായി യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രതികരിച്ചു.

എന്‍ഐഎ തേടുന്ന വിവാദ ഇസ്ലാം മത പ്രചാരകന്‍ സാകിര്‍ നായിക് ഇന്ത്യയിലേയ്ക്ക് പുറപ്പെട്ടതായാണ് മലേഷ്യന്‍ ഗവണ്‍മെന്റ് വൃത്തങ്ങള്‍ എന്‍ഡിടിവിയോട് പറഞ്ഞത്. എന്നാല്‍ തല്‍ക്കാലം ഇന്ത്യയിലേയ്ക്ക് വരാന്‍ തനിക്ക് ഉദ്ദേശമില്ലെന്ന് സാകിര്‍ നായിക് വ്യക്തമാക്കി. താന്‍ ഇന്ത്യയിലേയക്ക് പോകുന്നതായുള്ള വാര്‍ത്ത നുണയാണ് എന്നും സാകിര്‍ നായിക് പറഞ്ഞു. ‘നീതിയുക്തമായ’ വിചാരണ കിട്ടുമെന്ന് ഉറപ്പുണ്ടാകുമ്പോള്‍ മാത്രമേ നാട്ടിലേയ്ക്ക് മടങ്ങുന്നുള്ളൂ എന്നും സാകിര്‍ നായിക് പറഞ്ഞു. സാകിര്‍ നായികിന് നാടുകടത്തല്‍ സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശവും മലേഷ്യന്‍ ഗവണ്‍മെ്ന്റ് നല്‍കിയിട്ടില്ലെന്ന് അഭിഭാഷകന്‍ ദാതോ ഷഹാറുദ്ദീന്‍ അലി പറഞ്ഞു. മലേഷ്യയില്‍ നിന്ന് സാകിര്‍ നായിക് തിരിച്ചുവരുന്നതായി യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രതികരിച്ചു.

വര്‍ഗീയ പ്രസംഗങ്ങളിലൂടെയും യുക്തിരഹിതവും അന്ധവിശ്വാസം നിറഞ്ഞതുമായ വാദങ്ങളിലൂടെയും കുപ്രസിദ്ധി നേടിയ സാകിര്‍ നായികിലേയ്ക്ക് അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധ കൂടുതലായി തിരിഞ്ഞത് 2016ലെ ധാക്ക സ്‌ഫോടനത്തോടെയാണ്. ധാക്ക കഫേയിലെ സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ഐഎസ്‌ഐഎസ് നടത്തിയ സ്‌ഫോടനത്തിന് പ്രചോദനമായത് സാകിര്‍ നായികിന്റെ പ്രസംഗങ്ങളാണ് എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

2016ല്‍ ഇന്ത്യ വിട്ട സാകിര്‍ നായിക് മലേഷ്യയിലെ പുത്രജയയിലാണ് താമസിക്കുന്നത്. മലേഷ്യന്‍ ഗവണ്‍മെന്റ് സാകിര്‍ നായികിന് താമസിക്കാന്‍ വീട് നല്‍കിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധവും നായികിനുണ്ട്. എന്‍ഐഎയുടെ ആവശ്യപ്രകാരം കേന്ദ്ര സര്‍ക്കാര്‍ മലേഷ്യന്‍ ഗവണ്‍മെന്റിനോട് നായികിനെ വിട്ടുതരാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും മലേഷ്യ ഇതിന് തയ്യാറായിട്ടില്ല. സാകിര്‍ നായികിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് ഹാജരാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ലെന്നാണ് മലേഷ്യയുടെ വാദം. റോയോടും മറ്റും ഇന്‍ര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് ഹാജരാക്കിയാല്‍ സാകിര്‍ നായികിനെ അറസ്റ്റ് ചെയ്യാം എന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ അത് അവര്‍ ചെയ്തിട്ടില്ല- മലേഷ്യന്‍ ഉദ്യോഗസ്ഥ വൃത്തങ്ങള്‍ പറയുന്നു.

നജീബ് റസാകിന്റെ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താവുകയും മഹാതിര്‍ മുഹമ്മദിന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തതോടെ സാകിര്‍ നായികിനോടുള്ള മലേഷ്യന്‍ ഗവണ്‍മെന്റിന്റെ സമീപനം മാറുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. സാകിര്‍ നായികിന്റെ എക്‌സ്ട്രാഡിഷന്‍ ആവശ്യം മലേഷ്യന്‍ കോടതിയുടെ പരിഗണനയിലാണ്. സാകിര്‍ നായിക് ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ പ്രസംഗങ്ങള്‍ വഴിയും പ്രഭാഷണങ്ങള്‍ വഴിയും ശത്രുത വളര്‍ത്തുകയാണെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു. സ്വവര്‍ഗരതിക്കാരേയും ഇസ്ലാമിനെ തള്ളിപ്പറയുന്നവരേയും വധശിക്ഷയ്ക്ക് വിധേയരാക്കണം എന്ന് സാകിര്‍ നായിക് അഭിപ്രായപ്പെട്ടിരുന്നു. സാകിര്‍ നായികിന്റെ പീസ് ടിവി ഇന്ത്യയും ബംഗ്ലാദേശും നിരോധിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍