TopTop
Begin typing your search above and press return to search.

ശബരിമല വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രത്യേക കമ്പനി രൂപീകരിക്കും

ശബരിമല വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രത്യേക കമ്പനി രൂപീകരിക്കും
ശബരിമല മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി ശബരിമല, പമ്പ, നിലയ്ക്കല്‍, മറ്റ് ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും പൂര്‍ണമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രത്യേക ഉദ്ദേശ കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

ബജറ്റില്‍ ഓരോ വര്‍ഷവും വകയിരുത്തുന്ന തുകയും കിഫ്ബി വകയിരുത്തിയ തുകയും ഉപയോഗിച്ച് ശബരിമല വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനാണ് ലാഭം കൂടാതെ പ്രവര്‍ത്തിക്കുന്ന കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഈ കമ്പനിക്ക് ചീഫ് സെക്രട്ടറി ചെയര്‍മാനും വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായി ഗവേണിംഗ് ബോഡിയുണ്ടാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ഗവേണിംഗ് ബോഡിയുടെ കണ്‍വീനറായിരിക്കും. കൂടാതെ ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനും ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ കണ്‍വീനറുമായി ഇംപ്ലിമെന്റേഷന്‍ കമ്മിറ്റിയും രൂപീകരിക്കും.

2019-20 ലെ ബജറ്റില്‍ ശബരിമലയിലെ വിവിധ വികസന പദ്ധതികള്‍ക്കായി 739 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ശബരിമല സീസണ്‍ ആരംഭിക്കാന്‍ ഇനി എട്ടു മാസമേയുള്ളൂ. പ്രവൃത്തികള്‍ മുന്‍ഗണനാ ക്രമത്തില്‍ ഏറ്റെടുക്കാനും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ഉദ്ദേശിച്ചാണ് പ്രത്യേക കമ്പനി രൂപീകരിക്കുന്നത്. പരിസ്ഥിതിക്ക് ഇണങ്ങുന്നതും കാനനക്ഷേത്രമായ ശബരിമലയുടെ സവിശേഷത നിലനിര്‍ത്തുന്നതുമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും.

പരിയാരം കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ആന്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് മെഡിക്കല്‍ സര്‍വ്വീസസും അക്കാദമി ഓഫ് മെഡിക്കല്‍ സര്‍വ്വീസസും അതിന്റെ എട്ട് അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളാക്കി മാറ്റുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിലവിലുള്ള ഓര്‍ഡിനന്‍സ് പ്രകാരം പരിമിത കാലത്തേക്കാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംവിധാനം വഴി ഈ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിരുന്നത്. എന്നാല്‍, പുതിയ ഓര്‍ഡിനന്‍സിലൂടെ പരിയാരം മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. പരിയാരം മെഡിക്കല്‍ കോളേജ്, ഡന്റല്‍ കോളേജ്, അക്കാദമി ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, കോളേജ് ഓഫ് നഴ്‌സിംഗ്, സ്‌കൂള്‍ ഓഫ് നഴ്‌സിംഗ്, സഹകരണ ഹൃദയാലയ, മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് എന്നീ എട്ടു സ്ഥാനങ്ങളാണ് അക്കാദമിക്കു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നത്.

മാലിന്യ നിര്‍മാര്‍ജനത്തിന് ആധുനിക സാങ്കേതിവിദ്യ ഉപയോഗിച്ചുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാന്‍ അധികാരം നല്‍കുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുനിസിപ്പാലിറ്റി ആക്ടിലും ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഈ ഭേദഗതികള്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഭരണനിര്‍വഹണഘടനയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനും ഡോ.എം.എ. ഖാദര്‍ അധ്യക്ഷനായ വിദഗ്ധസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തത്വത്തില്‍ മന്ത്രിസഭ അംഗീകരിച്ചു. ഇത് സംബന്ധിച്ച് സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചു.

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി വില്ലേജില്‍ സീക്കുന്ന് നിവാസികള്‍ നേരിടുന്ന പട്ടയപ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചു. കൈവശക്കാര്‍ക്ക് വീട് വെക്കുന്നതിന് പത്തു സെന്റുവരെ ഭൂമി കണ്‍സഷന്‍ നിരക്കില്‍ വില ഈടാക്കി പട്ടയം നല്‍കാന്‍ തീരുമാനിച്ചു. കൈവശഭൂമിയില്‍ വീടുള്ളവര്‍ക്കും പത്തു സെന്റുവരെ പതിച്ചു നല്‍കും. സുല്‍ത്താല്‍ ബത്തേരി വില്ലേജില്‍ ഫെയര്‍ ലാന്റ് കോളനി എന്നറിയപ്പെടുന്ന 18.8 ഹെക്ടര്‍ ഭൂമിയിലെ പട്ടയപ്രശ്‌നം പരിഹരിക്കുന്നതിന് കൈവശക്കാര്‍ക്ക് പത്തു സെന്റുവരെ ഭൂമി പതിച്ചു നല്‍കുന്നതാണ്.

വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളം ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ. ഇളങ്കോവന് നിലവിലുള്ള അധിക ചുമതലകള്‍ക്ക് പുറമെ തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കാന്‍ തീരുമാനിച്ചു. കേന്ദ്ര ഡപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ പ്രവേശിച്ച ഡോ.ബി. അശോകിനെ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. സര്‍വ്വ ശിക്ഷാ അഭിയാന്റെ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരുന്ന ഡോ.എ.പി. കുട്ടികൃഷ്ണനെ സമഗ്ര ശിക്ഷാ-കേരളയുടെ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറായി പുനര്‍നിയമന വ്യവസ്ഥയില്‍ നിയമിക്കാന്‍ തീരുമാനിച്ചു.

വിവിധ വകുപ്പുകളിലായി 85 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന് തീരുമാനിച്ചു. കിഫ്ബി പദ്ധതി പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ലാന്റ് അക്വിസിഷന്‍ യൂണിറ്റ് അനുവദിക്കാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി ഓരോ യൂണിറ്റിലും 13 തസ്തികകള്‍ സൃഷ്ടിക്കും.കണ്ണൂര്‍ സിറ്റി റോഡ് വികസന പദ്ധതിക്ക് 26 ഹെക്ടര്‍ ഭൂമി സമയബന്ധിതമായി ഏറ്റെടുക്കുന്നതിന് 8 തസ്തികകളുള്ള ലാന്റ് അക്വിസിഷന്‍ യൂണിറ്റ് അനുവദിക്കാന്‍ തീരുമാനിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എസ്.എ.ടി ആശുപത്രിയില്‍ പീഡീയാട്രിക് നെഫ്രോളജി വിഭാഗത്തില്‍ ഡി.എം. കോഴ്‌സ് ആരംഭിക്കുന്നതിന് ഒരു പ്രൊഫസര്‍ തസ്തികയും 2സീനിയര്‍ റസിഡന്റ് തസ്തികകളും സൃഷ്ടിക്കാന്‍ തീരുമാനിച്ചു. കേരള ആരോഗ്യ സര്‍വകലാശാലയില്‍ ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്റെ (ടെക്‌നിക്കല്‍) ഒരു തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കൊല്ലം ജില്ലയിലെ വെണ്‍ചേമ്പ് എം.ജി.പി.എം. ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്രിന്‍സിപ്പാളിന്റേതുള്‍പ്പെടെ 15 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പില്‍ സീനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ സുപ്രണ്ട് ഉള്‍പ്പെടെ 5 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജില്‍ പഞ്ചകര്‍മ്മ വകുപ്പില്‍ ഒരു പ്രൊഫസര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലവില്‍ കര്‍ഷകര്‍ക്ക് സംഭരണ വിലയുടെ ഭാഗമായി നല്‍കിവരുന്ന സംസ്ഥാന പ്രോത്സാഹന ബോണസ് വിഹിതത്തില്‍ അടുത്ത സംഭരണ സീസണ്‍ മുതല്‍ കിലോഗ്രാമിന് ഒരു രൂപയുടെ വര്‍ധനവ് വരുത്താനാണ് തീരുമാനം.

സംസ്ഥാനത്തെ പോലീസ് സംവിധാനത്തില്‍ നിലവിലുള്ള ഘടനയില്‍ മാറ്റം വരുത്താന്‍ മന്തിസഭായോഗം തീരുമാനിച്ചു. നാല് റേഞ്ച് ഡി.ഐ.ജി-മാര്‍, രണ്ട് സോണ്‍ ഐ.ജിമാര്‍ ക്രമസമാധാന ചുമതലയുള്ള ഒരു എ.ഡി.ജി.പി. എന്ന രീതിയിലായിരിക്കും മാറ്റം.

Next Story

Related Stories