TopTop
Begin typing your search above and press return to search.

മഹാത്മാ എന്ന വിശേഷണത്തിന് ഗാന്ധി അര്‍ഹനല്ല: അരുന്ധതി റോയി

മഹാത്മാ എന്ന വിശേഷണത്തിന് ഗാന്ധി അര്‍ഹനല്ല: അരുന്ധതി റോയി
മഹാത്മാ എന്ന വിശേഷണത്തിന് ഗാന്ധി അര്‍ഹനല്ലെന്ന് അരുന്ധതി റോയി. അംബേദ്കറെയും ഗാന്ധിയെയും ഒരേ തരത്തില്‍ കാണാനാവില്ലെന്നും, വസ്തുതകളെ തെറ്റായി രേഖപ്പെടുത്തുന്നതിന്റെ ഫലമാണിതെന്നും അരുന്ധതി റോയ് കോഴിക്കോട്ട് പറഞ്ഞു. കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സാഹിത്യത്തെയും രാഷ്ട്രീയത്തെയും കുറിച്ച് സോഹിനി റോയുമായി സംവദിക്കുന്നതിനിടെയായിരുന്നു പരാമര്‍ശം. ജാതീയത എന്ന യാഥാര്‍ത്ഥ്യത്തെ അംബേദ്കറും ഗാന്ധിയും കണ്ടിരുന്നത് വ്യത്യസ്തമായാണെന്നും, ഈ വിഷയത്തില്‍ അംബേദ്കറിന് വഴികാട്ടിയാകാന്‍ ഗാന്ധിക്ക് ഒരിക്കലും സാധിക്കില്ലെന്നും അരുന്ധതി പറയുന്നു.

'തെറ്റായ കഥയാണ് നമ്മള്‍ വിശ്വസിക്കുന്നത്. ഗാന്ധിയെക്കുറിച്ചുള്ള പഠനങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ ആദ്യകാല സമരഭൂമിയായ ദക്ഷിണാഫ്രിക്കയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് ഞാന്‍ പരിശോധിച്ചിരുന്നു. ആഫ്രിക്കയിലെ ജനങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഗാന്ധിയുടെ വര്‍ണവെറി നിറഞ്ഞ പ്രസ്താവനകളെപ്പറ്റിയാണ്. കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരെ അങ്ങേയറ്റം വംശീയമായ നിലപാടുകള്‍ ഗാന്ധിയ്ക്കുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയിലെ സമരങ്ങളിലെ അദ്ദേഹത്തിന്റെ ആദ്യ വിജയം ഒരു സര്‍ക്കാര്‍ പോസ്റ്റോഫീസുമായി ബന്ധപ്പെട്ടാണ്. പോസ്റ്റോഫീസിലേക്കു കടക്കാനായി മൂന്നാമതൊരു പ്രവേശനകവാടം തുറപ്പിച്ചതായിരുന്നു ആ വിജയം. ഇന്ത്യക്കാരും കറുത്ത വര്‍ഗ്ഗക്കാരും ഒരേ കവാടത്തിലൂടെ കടക്കേണ്ടിവരരുത് എന്നായിരുന്നു അതിന് അദ്ദേഹത്തിന്റെ ന്യായം.

ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ളതും പറഞ്ഞു പഠിപ്പിക്കപ്പെട്ടിട്ടുള്ളതുമായ കാര്യങ്ങളെ എതിര്‍ക്കാന്‍ വലിയ പ്രയാസമായിരിക്കും. ഘാന സര്‍വകലാശാലയില്‍ നിന്നും ഗാന്ധിയുടെ പ്രതിമ എടുത്തു മാറ്റാന്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടതെല്ലാം ഇക്കാര്യം മനസ്സിലാക്കിയതിനു ശേഷമാണ്. ഇന്ത്യയിലെ ഉന്നതകുലജാതരും ബ്രിട്ടീഷുകാരുമായുള്ള വംശീയ താരതമ്യം വരെ ഗാന്ധി നടത്തിയിട്ടുണ്ട്. താനടക്കമുള്ള ഇന്ത്യന്‍ സവര്‍ണര്‍ ആര്യന്മാരാണെന്ന് അദ്ദേഹം സ്ഥാപിക്കുന്നതിന്റെ തെളിവുകള്‍ അദ്ദേഹത്തിന്റെ എഴുത്തുകളിലുണ്ട്. ഗാന്ധി തൊട്ടുകൂടായ്മയെക്കുറിച്ചും മറ്റും സംസാരിച്ചപ്പോള്‍, പ്രാതിനിധ്യം പോലുള്ള രാഷ്ട്രീയപ്രശ്നങ്ങളായിരുന്നു അംബേദ്കര്‍ ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടിയത്. ഗാന്ധി ഇതേക്കുറിച്ച് സംസാരിച്ചിരുന്നേയില്ല. ചരിത്രത്തിലെ വിശകലനം ചെയ്യുന്നതിലെ തെറ്റല്ല ഇത്. മറിച്ച്, ചരിത്രം തെറ്റായി അവതരിപ്പിക്കപ്പെടുകയാണ്. രാഷ്ട്രീയപരമായി ഗാന്ധി ഒരു ജീനിയസ്സായിരുന്നു. പക്ഷേ മഹാത്മാ എന്ന വിശേഷണം അദ്ദേഹം അര്‍ഹിക്കുന്നില്ല. ഇക്കാര്യത്തില്‍ അംബേദ്കറിന് വഴികാട്ടാനും ഗാന്ധിക്ക് സാധിക്കില്ല' അരുന്ധതി പറയുന്നു.

രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റുകളെ എടുത്താല്‍ എല്ലാവരും ബ്രാഹ്മണരും ബനിയയുമാണെന്നും അരുന്ധതി വിശദീകരിക്കുന്നുണ്ട്. അംബാനിയും അദാനിയുമുള്‍പ്പടെ എല്ലാവരും ജാതിയില്‍ ഉയര്‍ന്നവരാണ്. പത്രമാധ്യമങ്ങളുടെ ഉടമസ്ഥരുടെ കണക്കെടുത്താലും, എഡിറ്റോറിയല്‍ ബോര്‍ഡുകളിലെ അംഗങ്ങളുടെ കണക്കെടുത്താലും, ബ്രാഹ്മണരും ബനിയകളും തന്നെയാവും കൂടുതല്‍. അതേസമയം, ശുചീകരണത്തൊഴിലാളികളില്‍ തൊണ്ണൂറ്റിയൊന്‍പത് ശതമാനവും ദളിതരാണു താനും. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ ജാതി ഒരു യാഥാര്‍ത്ഥ്യമാണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും അരുന്ധതി ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇന്ത്യക്കാര്‍ക്ക് നേരിട്ട് അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയമാണ് കാശ്മീരെന്നും, അതു ചര്‍ച്ച ചെയ്യപ്പെടേണ്ടതിനാലാണ് അതേക്കുറിച്ച് നിരന്തരം എഴുതുന്നതെന്നും അവര്‍ പറയുന്നു. താന്‍ ഒരു ആശയമോ പ്രതിഷേധ പദ്ധതിയോ മുന്നോട്ടുവയ്ക്കുന്നയാളല്ല. പുറത്തു നിന്നും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ താന്‍ കായികതാരമോ മറ്റോ അല്ല. നമ്മളെല്ലാം ഈ പ്രശ്നത്തിനകത്തുള്ളവരാണ്. താനാരെയും പ്രതിനിധീകരിക്കുന്നില്ലെന്നും, നയിക്കുക അല്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് തന്റെ ജോലിയല്ലെന്നും അരുന്ധതി പറയുന്നു. പൊതുബോധങ്ങളോട് കലഹിക്കുക എന്നതാണ്, അല്ലാതെ ചേര്‍ന്നു നില്‍ക്കുകയല്ല എഴുത്തുകാരുടെ ജോലിയെന്നും സദസ്സിനോട് സംവദിക്കവേ അവര്‍ പറഞ്ഞു.

Next Story

Related Stories