TopTop

യോഗി ആദിത്യനാഥിനെ ചെരുപ്പൂരി തല്ലാന്‍ ആഹ്വാനം; കര്‍ണാടക കോണ്‍ഗ്രസ് നേതാവ് വിവാദത്തില്‍

യോഗി ആദിത്യനാഥിനെ ചെരുപ്പൂരി തല്ലാന്‍ ആഹ്വാനം; കര്‍ണാടക കോണ്‍ഗ്രസ് നേതാവ് വിവാദത്തില്‍
കര്‍ണാടകയില്‍ എത്തിയാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചെരുപ്പൂരി തല്ലണമെന്ന് ആഹ്വനം ചെയ്ത കര്‍ണാടക കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവു വിവാദത്തില്‍. കതുവ, ഉന്നാവോ ഇരകള്‍ക്ക് നീതി തേടി നടത്തിയ മെഴുകുതിരി വെളിച്ച മാര്‍ച്ചില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു റാവുവിന്റെ വിവാദ പരാമര്‍ശങ്ങള്‍. ആദിത്യനാഥ് ഒരു യോഗി അല്ലെന്നും അദ്ദേഹം എപ്പോള്‍ കര്‍ണാടകയില്‍ വരുന്നോ അപ്പോള്‍ ചെരുപ്പൂരി തല്ലണം എന്നുമായിരുന്നു റാവുവിന്റെ വാക്കുകള്‍.

റാവുവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി ബിജെപി രംഗത്ത് വന്നു. നീചം എന്നാണ് റാവുവിന്റെ വാക്കുകളെ ബിജെപി വിമര്‍ശിച്ചത്. കലാപം ഉണ്ടാക്കാനുള്ള നിര്‍ബന്ധിത ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും ബിജെപി ആരോപിച്ചു.

അതേസമയം തന്റെ വാക്കുകള്‍ വലിയ രാഷ്ട്രീയ വിവാദം ആയതോടെ, വിശദീകരണവുമായി ദിനേഷ് റാവുവും രംഗത്തു വന്നു. വൈകാരികമായി പറഞ്ഞതുപോയതാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ പ്രതിഷേധത്തിന്റെ ഭാഗമായി ചെരുപ്പ് ഉയര്‍ത്തി കാണിക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും റാവു പിടിഐയോടു പറഞ്ഞു.

Next Story

Related Stories