TopTop
Begin typing your search above and press return to search.

സിറോ മലബാര്‍ സഭ വ്യാജരേഖക്കേസ്: പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ബിഷപ്പ്

സിറോ മലബാര്‍ സഭ വ്യാജരേഖക്കേസ്: പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ബിഷപ്പ്
സിറോ മലബാര്‍ സഭ വ്യാജരേഖക്കേസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ബിഷപ്പ് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മാനത്തോടത്ത്. എറണാകുളം- അങ്കമാലി അതിരൂപത മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ സഹമെത്രാന്മാര്‍ക്കൊപ്പം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ബിഷപ്പ് ഇക്കാര്യം പറഞ്ഞത്.

തിരക്കഥ തയ്യാറാക്കിയാണ് അന്വേഷണം നടക്കുന്നതെന്നും ബിഷപ്പ് ആരോപിച്ചു. ആദിത്യന്റെ ആരോപണങ്ങള്‍ അതിരൂപത തള്ളുകയും ചെയ്തിട്ടുണ്ട്. ഫാദര്‍ ടോണി കല്ലൂക്കാരന്‍ പറഞ്ഞിട്ടാണ് രേഖ നല്‍കിയകതെന്നാണ് ആദിത്യന്‍ ആരോപിച്ചത്. ഈ വാദം തെറ്റാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

വ്യാജരേഖ ഉണ്ടാക്കിയിട്ടില്ലെന്നും അതിരൂപത അറിയിച്ചു. രേഖ വ്യാജമാണെന്ന് പറഞ്ഞ് കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നും അതിരൂപത ആവശ്യപ്പെടുന്നുണ്ട്.

രേഖ ഒരു വ്യവസായ സ്ഥാപനത്തിന്റെ സർവറിൽ നിന്നെടുത്തതാണെന്നും ബിഷപ്പ് പറഞ്ഞു. രേഖ വ്യാജമെന്ന് കാണിച്ച് ഭൂമി ഇടപാട് കേസ് അട്ടിമറിക്കാൻ ശ്രമിക്കുക്കുകയാണെന്ന് ഫാ. മുണ്ടാടന്‍ ആരോപിച്ചു.

വാര്‍ത്താക്കുറിപ്പിന്റെ പ്രസക്തഭാഗങ്ങള്‍

വ്യാജരേഖ എന്ന് പറയപ്പെടുന്ന കേസില്‍ ആദിത്യ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ എറണാകുളം അതിരൂപതയിലെ വൈദികര്‍ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുകയും ചെയ്തിരിക്കുകയാണല്ലോ. ഈ കേസിനെ ഈ അതിരൂപതയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നടക്കുന്ന ഭൂമിയിടപാട് കേസുമായി മനഃപൂര്‍വം കൂട്ടിക്കെട്ടാനുള്ള തല്‍പര കക്ഷികളുടെ തെറ്റായ നടപടികളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. ഇതിന്റെ സത്യാവസ്ഥ ജനങ്ങളെ അറിയിക്കാനാണ് ഇതുമായി ബന്ധപ്പെട്ട് അതിരൂപതയ്ക്ക് പറയാനുള്ള കാര്യങ്ങള്‍ ഇവിടെ പറയുന്നത്.

കോന്തുരുത്തി ഇടവകക്കാരനും മദ്രാസ് ഐഐടി ഗവേഷക വിദ്യാര്‍ത്ഥിയും ഉത്തമ വിശ്വാസിയുമാണ് ആദിത്യ. ഇടവകയില്‍ മതാധ്യാപകനും ഏവര്‍ക്കും പരോപകാരിയുമായിരുന്ന ആദിത്യയെക്കുറിച്ച് എല്ലാവര്‍ക്കും നല്ലതേ പറയാനുള്ളൂ. അതുകൊണ്ട് ഇപ്പോള്‍ വിവാദമായിരിക്കുന്ന രേഖകള്‍ ആദിത്യ നിര്‍മ്മിച്ചുവെന്ന് വിശ്വസിക്കാന്‍ സാധിക്കുകയില്ല.

തന്റെ ജോലിക്കിടയില്‍ തന്നെ അമ്പരപ്പിച്ച ചില സാമ്പത്തിക ബന്ധങ്ങളുടെ രേഖകളാണ് ആദിത്യ സഭയില്‍ പൊതുസമ്മതനും ഒരു പത്രാധിപരുമായ ഫാ. പോള്‍ തേലക്കാട്ടിന് ഇ-മെയില്‍ വഴി അയച്ചുകൊടുത്തത്. തനിക്ക് ലഭിച്ച രേഖകളുടെ സത്യാവസ്ഥ എന്താണെന്ന് അറിയാനാണ് ഫാ. തേലക്കാട്ട് രഹസ്യമായി അതിരൂപതയുടെ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററായ മാര്‍ ജേക്കബ് മാനത്തോടത്തിനെ ഏല്‍പ്പിച്ചത്. അദ്ദേഹം വളരെ രഹസ്യമായാണ് ഈ രേഖ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ഏല്‍പ്പിച്ചത്. ഈ രേഖകളുടെ സത്യാവസ്ഥ അറിയാത്തത് മൂലം ഇത് പരസ്യപ്പെടുത്തുകയോ കൈമാറുകയോ ചെയ്തിട്ടില്ല. ഇത് ആദ്യമായി പരസ്യപ്പെടുന്നത് അടച്ചിട്ട മുറിയില്‍ കൂടിയ സിറോ മലബാര്‍ സിനഡിന്റെ യോഗത്തിലാണ്.

പിന്നീട് നടന്ന കാര്യങ്ങളൊക്കെ ഈ രേഖകളെ ഉപയോഗപ്പെടുത്തി ചില തല്‍പര കക്ഷികള്‍ ഈ അതിരൂപതയ്ക്കും ഇവിടുത്തെ അഞ്ച് ലക്ഷം വിശ്വാസികള്‍ക്കും നഷ്ടപ്പെട്ട കോടിക്കണക്കിന് പണത്തിന്റെയും അതിന്റെ പുറകില്‍ നടന്ന ധാര്‍മികമായ അപജയത്തെയും തേച്ചുമാച്ചു കളയാനുള്ള ഒരു തിരക്കഥ സൃഷ്ടിക്കുകയായിരുന്നു. ആ തിരക്കഥയിലാണ് ഇപ്പോള്‍ ഓരോ എപ്പിസോഡുകളായി പോലീസ് നടപ്പാക്കുന്നതും മാധ്യമങ്ങളില്‍ എത്തുന്നതും.

സിനഡില്‍ ഈ രേഖകളുടെ ഉറവിടം കണ്ടെത്തണമെന്ന തീരുമാനം ഉണ്ടായെന്ന് പറയപ്പെടുന്നു. പക്ഷേ അതിനുവേണ്ടി നല്‍കിയ പരാതി പ്രകാരം കേസെടുത്തപ്പോള്‍ പ്രതികളാക്കിയത് ഫാ. പോള്‍ തേലക്കാട്ടിനെയും അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററെയുമാണ്. ഇവരെ പ്രതികളാക്കിയ കാര്യം വന്‍ വിവാദമായപ്പോഴാണ് മൗണ്ട് സെന്റ് തോമസില്‍ നിന്നും കേസ് റദ്ദാക്കുവാന്‍ കര്‍ദ്ദിനാളിന്റെ സത്യവാങ്മൂലം നല്‍കാമെന്ന് പറഞ്ഞത്. അവിടെയും അട്ടിമറികള്‍ നടന്നു. സത്യവാങ്മൂലം നല്‍കിയില്ലെന്ന് മാത്രമല്ല ഈ കേസില്‍ കക്ഷി ചേരാനുള്ള അപേക്ഷയുമായി മറ്റൊരാളെ ഏല്‍പ്പിക്കുകയും ചെയ്തു. ആ പരാതിയില്‍ ഈ രേഖകള്‍ കര്‍ദിനാളിന് നേരെ നടന്ന ഗൂഢാലോചനയാണ് എന്ന് പറഞ്ഞുണ്ടാക്കി. അങ്ങനെ ഈ കേസില്‍ പോലീസ് അന്വേഷണം തരപ്പെടുത്തി.

ഈ അന്വേഷണത്തിന്റെ ഭാഗമായി ഫാ. പോള്‍ തേലക്കാട്ടിനെയും മാര്‍ ജേക്കബ് മാനത്തോടത്തിനെയും പോലീസ് ചോദ്യം ചെയ്യുകയുണ്ടായി. അതിനുശേഷമാണ് ഫാ. തേലക്കാട്ടിന് ഈ രേഖകള്‍ ഇമെയില്‍ വഴി അയച്ചുകൊടുത്ത ആദിത്യയെ ചോദ്യം ചെയ്യാന്‍ വിളിച്ചത്. മെയ് 15-ാം തിയതിയാണ് ആലുവ ഡിവൈഎസ്പിയുടെ ഓഫീസില്‍ ആദിത്യയെ വിളിച്ചു വരുത്തിയത്. അന്ന് ആദിത്യയെ ചോദ്യം ചെയ്‌പ്പോള്‍ അവന്‍ സത്യം മാത്രമാണ് പറഞ്ഞത്. അതിനിടെ ആ കുറ്റം ഏറ്റെടുക്കുന്നതാണ് അവന് നല്ലതെന്ന് പോലീസുകാര്‍ തന്നെ ആദിത്യയയോട് ആവശ്യപ്പെട്ടുവെന്ന് അന്ന് രാത്രി അവന്റെ സുഹൃത്തുക്കളോട് ഭയത്തോടെ വെളിപ്പെടുത്തി.

വ്യാജരേഖയുടെ സത്യത്തെക്കുറിച്ചാണ് പോലീസ് അന്വേഷിക്കേണ്ടത്. എറണാകുളം അങ്കമാലി അതിരൂപതയുടെ 300ഓളം ഇടവകകളും 450ല്‍ പരം വൈദികരും അതിലേറെ സന്യസ്തരും അഞ്ചു ലക്ഷം വിശ്വാസികളും വ്യാജരേഖക്കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിലും നടപടികളിലും അസംതൃപ്തരാണ്. ഇവിടെ സത്യാന്വേഷമല്ല നടക്കുന്നത്. രാഷ്്ട്രീയ നേതൃത്വവും കോര്‍പ്പറേറ്റുകളും അതീവ താല്‍പര്യമെടുത്ത് നടത്തുന്ന ഈ കേസിന്റെ ഇതുവരെയുള്ള അന്വേഷണം ഞങ്ങളുടെ നിരീക്ഷണം അനുസരിച്ച് ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അതിവിദഗ്ധമായാണ് നീക്കുന്നതെന്ന് ഞങ്ങള്‍ സംശയിക്കുന്നു. ആദിത്യയുടെ ജീവന്‍ പോലും അപകടത്തിലാണെന്ന ഭയത്തിലാണ് ആദിത്യയുടെ മാതാപിതാക്കളും അതിരൂപതയും.

read more:ബിഷപ്പുമാര്‍ക്കടക്കം വ്യവസായ ഗ്രൂപ്പില്‍ നിക്ഷേപമുള്ളതിന്റെ വിവരങ്ങളാണ് ‘വ്യാജരേഖ’യിലെന്ന് ആരോപണം; വൈദികനെ അറസ്റ്റ് ചെയ്യാന്‍ അര്‍ധരാത്രി പോലീസ് പള്ളിയില്‍; സീറോ മലബാര്‍ സഭയില്‍ പൊട്ടിത്തെറി

Next Story

Related Stories