TopTop
Begin typing your search above and press return to search.

'നിനക്കെന്നാടീ അമ്മിഞ്ഞ മറയ്ക്കാനുള്ള സ്വാതന്ത്ര്യം കിട്ടിയത്?' ശബരിമല വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയ യുവതിക്ക് ജാതി അധിക്ഷേപം

ശബരിമല വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയ യുവതിക്ക് ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ ജാതി അധിക്ഷേപം. ഇവരുടെ പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അത്തോളി സ്വദേശിയും മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ അഞ്ജു അമരാന്റയ്ക്ക് നേരെയാണ് പത്മലോചനന്‍ നായര്‍ എന്ന പ്രൊഫൈലില്‍ നിന്നും തെറിയഭിഷേകവും ജാതി അധിക്ഷേപവുമുണ്ടായത്.

മാതൃഭൂമിയില്‍ ഞങ്ങള്‍ക്കും പറയാനുണ്ടെന്ന എംഎസ് ശ്രീകല അവതരിപ്പിക്കുന്ന പരിപാടിയെക്കുറിച്ചാണ് അഞ്ജു പോസ്റ്റിട്ടത്. 'സന്ദീപാനന്ദ ഗിരി പറഞ്ഞതും പറയാത്തതും..' എന്ന പേരിലെ പോസ്റ്റില്‍ രാഹുല്‍ ഈശ്വറിവന്റെ ഭാര്യ ദീപ രാഹുല്‍ ഈശ്വറിനെ സന്ദീപാനന്ദഗിരി ചോദ്യം ചെയ്യുന്ന ഭാഗമാണ് ഉള്‍പ്പെടുത്തിയിരുന്നത്. നമ്പൂതിരി വിവാഹം കഴിച്ചാലും ശൂദ്രസ്ത്രീകള്‍ ശൂദ്രരല്ലാതാകുന്നില്ലെന്നും അവരെ അന്തര്‍ജനമെന്ന് വിളിക്കാനാകില്ലെന്നുമുള്ള സന്ദീപാനന്ദഗിരിയുടെ വാദങ്ങള്‍ ഈ പോസ്റ്റില്‍ അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ.

* ആചാരപ്രകാരം 'അന്തസ്സുള്ള നായര്‍സ്ത്രീ' എന്നൊന്നില്ല. ആചാരപ്രകാരം ഉള്ളത് 'ശൂദ്രസ്ത്രീ' ആണ്.

* ആചാരപ്രകാരം നമ്പൂതിരി കുടുംബത്തിലെ മൂത്ത ആണിന് മാത്രമാണ് സ്വസമുദായത്തില്‍ നിന്ന് വേളി കഴിക്കാന്‍ അവകാശമുള്ളത്.

* ഇല്ലത്തെ മൂത്ത നമ്പൂരിക്ക് സ്വസമുദായത്തില്‍ നിന്ന് ഒരു വേളി എങ്കിലും കഴിച്ചാലേ ശൂദ്ര സ്ത്രീയുമായി/സ്ത്രീകളുമായി സംബന്ധം പാടുള്ളൂ.

*ഇല്ലാത്തെ രണ്ടാമത്തേതു മുതലുള്ള ആണ്മക്കള്‍ക്ക് സ്വന്തം സമുദായത്തില്‍ നിന്ന് വേളി നിഷിദ്ധമാണ്. ജീവിതകാലം മുഴുവന്‍ ശൂദ്രസ്ത്രീകളുമായി സംബന്ധത്തില്‍ ഏര്‍പ്പെട്ടു ജീവിക്കാനാണ് ആചാര പ്രകാരം അവരുടെ വിധി.

* ഇല്ലത്തെ മുഴുവന്‍ സ്വത്തിനും അവകാശി മൂത്ത മകനാണ്. രണ്ടാമത്തെ മകന്‍ മുതലുള്ളവര്‍ക്ക് ഇല്ലത്തെ സ്വത്തില്‍ ചില്ലിക്കാശിന്റെ അവകാശമില്ല.

* ശൂദ്ര സ്ത്രീകളുമായുള്ള സംബന്ധത്തില്‍ നമ്പൂരിക്ക് പിറക്കുന്ന കുട്ടികള്‍ക്ക് നമ്പൂരിയുടെ കുടുംബസ്വത്തില്‍ അവകാശം ഒന്നുമില്ല. മക്കള്‍ എന്ന സ്ഥാനം പോലുമില്ല.

* ശൂദ്രസ്ത്രീയില്‍ നമ്പൂരിക്ക് ഉണ്ടാവുന്ന മക്കള്‍ ശൂദ്രരും, അങ്ങനെ തൊട്ടുകൂടാത്തവരും ആണ്. സ്വന്തം മക്കള്‍ തൊട്ടുകൂടാത്തവരാകുന്ന ഗംഭീര ആചാരം നമ്പൂതിരിമാര്‍ക്ക് മാത്രം സ്വന്തം.

* ഈ കാര്യത്തിലൊക്കെ ആചാരം മാറ്റാം. ഇളയ നമ്പൂരിമാര്‍ക്കും വിവാഹം കഴിക്കാന്‍ അനുവാദം കൊടുത്തതും അവര്‍ക്കും കുടുംബസ്വത്തില്‍ അവകാശം കൊടുത്തതും സായിപ്പുണ്ടാക്കിയ നിയമങ്ങളാണ്. സ്വന്തമായി അല്പം ദ്രവ്യം കിട്ടും എന്നായപ്പോള്‍ സകല അപ്ഫന്‍ നമ്പൂരിമാരും നൂറ്റാണ്ടുകളുടെ ആചാരവും പാരമ്പര്യവും ഒക്കെ മറന്നു.

* രാഹുല്‍ ഈശ്വരന്‍ നമ്പൂരിയുടെ ഭാര്യയായി എന്നൊക്കെ വീമ്പു പറയാമെങ്കിലും ആചാരപ്രകാരം നിങ്ങളെ ഒരിക്കലും ദീപ അന്തര്‍ജ്ജനം എന്നു വിളിക്കില്ല. നിങ്ങള്‍ ദീപ രാഹുല്‍ ഈശ്വര്‍ എന്ന വിളികൊണ്ടു തൃപ്തിപ്പെട്ടുകൊള്ളണം.

* എനിക്കും രാഹുലിനും വിവാഹം കഴിക്കാന്‍ ഇഷ്ടമാണെങ്കില്‍ തനിക്കെന്തെഡോ തുളസീദാസേ എന്ന് ദീപാ ശൂദ്രസ്ത്രീ. അതല്ലേ ദീപേ ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്ന യുവതികളും ചോദിക്കുന്നത്? പോകാന്‍ എനിക്കും എന്നെ കാണാന്‍ അയ്യപ്പനും ഇഷ്ടമാണെങ്കില്‍ അതിനിടയില്‍ കയറാന്‍ ഈ നിങ്ങള്‍ ആരാണ്

* നിങ്ങള്‍ക്ക് ബ്രാഹ്മണനെ വിവാഹം കഴിക്കാന്‍ ആചാരങ്ങള്‍ മാറ്റി വയ്ക്കാന്‍ ആരുടെയും അനുവാദം വേണ്ട. പക്ഷെ സുപ്രീം കോടതി പറഞ്ഞാലും ചിലത് മാറ്റാന്‍ നിങ്ങള്‍ സമ്മതിക്കില്ല പോലും! അതങ്ങ്...ഈ പോസ്റ്റിനാണ് പത്മലോചനന്‍ നായര്‍ എന്ന പ്രൊഫൈലില്‍ നിന്നും തെറിയഭിഷേകമുണ്ടായത്. ട്രാവന്‍കൂര്‍ നായര്‍ റെജിമെന്റ് എന്നാണ് ഇയാളുടെ പ്രൊഫൈലിലെ ലിങ്കില്‍ കൊടുത്തിരിക്കുന്നത്. അതിനാല്‍ തന്നെ ഇതൊരു ഫേക്ക് ഐഡിയാണെന്ന് സംശയിക്കുന്നതായി അഞ്ജു അഴിമുഖത്തോട് പറഞ്ഞു. 'പണ്ട് നീയുള്‍പ്പെടുന്ന കീഴ്ജാതിയിലെ പെണ്‍പിള്ളാര്‍ പ്രായമറിയിച്ചാല്‍ നായന്മാര്‍ക്കായിരുന്നു അവകാശം. സംശയമുണ്ടെങ്കില്‍ അമ്മയോട് ചോദിക്കൂ' എന്നാണ് തെറി കൂട്ടി പറഞ്ഞിരിക്കുന്നത്. കൂട്ടത്തില്‍ അഞ്ജുവിന്റെ പ്രൊഫൈലില്‍ നിന്നും ഒരു ചിത്രവുമെടുത്തിട്ടുണ്ട്. സംവരണം വാങ്ങിയ അധഃകൃതയാണെന്നും നിനക്കെന്നാടി അമ്മിഞ്ഞ മറയ്ക്കാനുള്ള സ്വാതന്ത്ര്യം കിട്ടിയത് എന്നൊക്കെയാണ് ഇയാള്‍ ചോദിക്കുന്നത്. നിന്നെ പോലുള്ള കീഴ്ജാതിക്കാര്‍ അടിയാത്തി വേഴ്ചയെ അന്തസായി കരുതിയിരുന്നെന്നും ഇയാള്‍ അവഹേളിക്കുന്നു.

അതേസമയം നായര്‍ സ്ത്രീകള്‍ക്കും മാറ് മറയ്ക്കാന്‍ അധികാരമുണ്ടായിരുന്നില്ലെന്ന കാര്യം പത്മലോചനന്‍ നായര്‍ മറന്നുപോയതായാണ് ഇയാളുടെ കമന്റുകളില്‍ നിന്നും മനസിലാക്കുന്നത്. തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ റവുക്ക ധരിച്ച് പോയ നായര്‍ സ്ത്രീകളോട് റവുക്കയോട് കൂടി ക്ഷേത്രത്തില്‍ കയറാനാകില്ലെന്ന് ക്ഷേത്രത്തിലെ അധികാരികള്‍ പറഞ്ഞത് 1905ലാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എന്‍എസ്എസ് സമരപ്രഖ്യാപനം നടത്തിയപ്പോള്‍ സോഷ്യല്‍ മീഡിയില്‍ പലരും ഈ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. അധികാരികളുടെ തീരുമാനം രാജാവും സ്ഥിരീകരിച്ചതായി ഈ വാര്‍ത്തയില്‍ പറയുന്നു. തന്റെ പേരിന് പിന്നില്‍ നായര്‍ എന്ന് ചേര്‍ത്തിരിക്കുന്ന പത്മലോചനന്‍ നായര്‍ ഈ ചരിത്രമൊന്നുമറിയാതെയാണ് അഞ്ജുവിനെ അധിക്ഷേപിച്ചതെന്ന് വ്യക്തം. അധഃസ്ഥിതര്‍ക്ക് മാറുമറയ്ക്കാന്‍ സ്വാതന്ത്ര്യമില്ലാതിരുന്നത് ഇയാള്‍ അഭിമാനത്തോടെ കൊണ്ടുനടക്കുന്ന നായര്‍ സമുദായത്തിനും ബാധകമായിരുന്നു. ബ്രാഹ്മണര്‍ നായര്‍ സ്ത്രീയെ വിവാഹം കഴിച്ചാലും അതിലുണ്ടാകുന്ന കുട്ടികളെ ശൂദ്രരായി മാത്രമാണ് കണക്കാക്കിയിരുന്നതെന്ന് ഓര്‍മ്മിപ്പിച്ച സന്ദീപാനന്ദഗിരിയുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് അഞ്ജു ചെയ്തത്. അതിനാണ് ഗുരുതര കുറ്റകൃത്യമായ ജാതി അധിക്ഷേപവും സ്ത്രീവിരുദ്ധ അധിക്ഷേപവും ഇയാള്‍ നടത്തിയിരിക്കുന്നത്.

അതേസമയം ഇയാള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് അഞ്ജു. അതിനായി അടുത്തുള്ള പോലീസ് സ്‌റ്റേഷനെ സമീപിക്കുമെന്നും അവിടെ നിന്നും സൈബര്‍ സെല്ലിലേക്ക് പരാതി കൊടുക്കുമെന്നുമാണ് അഞ്ജു അഴിമുഖത്തോട് പറഞ്ഞത്.https://www.azhimukham.com/trending-manorama-old-news-temple-entry-goes-viral/

https://www.azhimukham.com/keralam-pinarayi-vijayan-about-sabarimala-women-entry/


Next Story

Related Stories