Top

ചൂര്‍ണിക്കര വ്യാജരേഖാ കേസില്‍ അറസ്റ്റിലായ അരുണ്‍ തിരുവഞ്ചൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം

ചൂര്‍ണിക്കര വ്യാജരേഖാ കേസില്‍ അറസ്റ്റിലായ അരുണ്‍ തിരുവഞ്ചൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം
ചൂര്‍ണിക്കര വ്യാജരേഖാ കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന അരുണ്‍ മുന്‍ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം. മുപ്പതിനായിരം രൂപയാണ് തനിക്ക് നിലംനികത്താന്‍ വ്യാജരേഖ ചമയ്ക്കാന്‍ സഹായിച്ചതിന് പ്രതിഫലം ലഭിച്ചതെന്ന് അരുണ്‍ ചോദ്യം ചെയ്യലില്‍ അറിയിച്ചു. ഇന്നലെ കസ്റ്റഡിയിലായ ഇയാളുടെ അറസ്റ്റ് അല്‍പ്പം മുമ്പ് രേഖപ്പെടുത്തി.

തിരുവനന്തപുരം ലാന്റ് റവന്യൂ ഓഫീസിലെ ക്ലര്‍ക്കാണ് അരുണ്‍ ഇപ്പോള്‍. അതേസമയം സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് ഇയാളെ പുറത്താക്കുകയായിരുന്നെന്ന് തിരുവഞ്ചൂര്‍ അറിയിച്ചു. തിരുവഞ്ചൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നപ്പോള്‍ അരുണ്‍ സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞദിവസം പിടിയിലായ അബുവില്‍ നിന്നാണ് അന്വേഷണ സംഘത്തിന് അരുണിന്റെ പങ്കിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. അബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വ്യാജരേഖ ചമയ്ക്കുന്നതിന് ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്നായിരുന്നു അബുവിന്റെ മൊഴി.

തിരുവഞ്ചൂര്‍ മന്ത്രിയായിരിക്കുമ്പോള്‍ രണ്ട് വര്‍ഷത്തോളം അരുണ്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു. ആലുവയിലും പരിസരത്തും വ്യാജ ഉത്തരവുകള്‍ ഉപയോഗിച്ച് ഭൂമി ഇടപാട് നടത്തിയെന്ന് തെളിയിക്കുന്ന നിരവധി രേഖകള്‍ അബുവില്‍ നിന്നും പിടിച്ചെടുത്തിരുന്നു. അബുവും അരുണും ഉള്‍പ്പെട്ട സംഘം നടത്തിയ മറ്റ് ഇടപാടുകളെപ്പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്.

read more:അച്ഛനെ കോമയില്‍ നിന്നുണര്‍ത്താന്‍ പഠനം; ഈ ഫുള്‍ എ പ്ലസ് ഒരു മകളുടെ മനക്കരുത്തിന്റെ വിജയം

Next Story

Related Stories