TopTop

മുഖ്യമന്ത്രിയുടെ സുരക്ഷ വെട്ടിക്കുറയ്ക്കുന്നു; 350ല്‍ നിന്നും നാല്‍പ്പതിലേക്ക്

മുഖ്യമന്ത്രിയുടെ സുരക്ഷ വെട്ടിക്കുറയ്ക്കുന്നു; 350ല്‍ നിന്നും നാല്‍പ്പതിലേക്ക്
ചട്ടവിരുദ്ധമായ സുരക്ഷാ സംവിധാനത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വെട്ടിക്കുറയ്ക്കുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി 350 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്. എന്നാല്‍ കെവിന്റെ കൊലപാതകത്തിന് ശേഷം ഇത് വിവാദമായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്രയോട് ഇത് വെട്ടിക്കുറയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. നാല്‍പ്പത് ഉദ്യോഗസ്ഥര്‍ മാത്രം ഉള്‍പ്പെടുന്ന ഇസ്സഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഇനി ഒരുക്കുക.

ചട്ടപ്രകാരമുള്ള സുരക്ഷ മാത്രം തനിക്ക് മതിയെന്ന് മുഖ്യമന്ത്രി തന്നെയാണ് ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍ അറിയിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയും വെട്ടിക്കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തങ്ങളുടെ വീട്ടുജോലികള്‍ക്കായി പോലീസുകാരെ ഉപയോഗിക്കുന്നതും അടുത്തിടെ വിവാദത്തിലായിരുന്നു.

കെവിനെ തട്ടിക്കൊണ്ട് പോയപ്പോള്‍ കോട്ടയം ഗാന്ധി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും തങ്ങള്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ജോലിയിലാണെന്ന് പറഞ്ഞ് പരാതി സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. അന്നേദിവസം മുഖ്യമന്ത്രിയ്ക്ക് സുരക്ഷയൊരുക്കാനായി 350 പോലീസുകാരുടെ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. കെവിനെ കാണാതായതിന് ശേഷം പതിനാല് മണിക്കൂറുകളോളം പോലീസ് അന്വേഷണത്തിന് തയ്യാറായില്ല. ഇത് കേരളത്തെ ഞെട്ടിച്ച ഒരു ദുരഭിമാനക്കൊലയ്ക്ക് കാരണമാകുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെ ഉന്നത ഉദ്യോഗസ്ഥര്‍ നൂറോളം പോലീസുകാരെ അധികമായി അദ്ദേഹം കടന്നുപോകുന്ന വഴിയില്‍ നിയോഗിക്കാറുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ഇസ്സഡ് പ്ലസ് കാറ്റഗറി സുരക്ഷയാകുമ്പോള്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം ഇനി നാല്‍പ്പത് പോലീസുകാര്‍ മാത്രമാകും ഉണ്ടാകുക. മൂന്ന് ഷിഫ്റ്റുകളിലായി 24 പേര്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലും രണ്ട് സായുധ സുരക്ഷാ സേനാംഗങ്ങള്‍ അദ്ദേഹത്തിനൊപ്പം എപ്പോഴും ഉണ്ടായിരിക്കും. ഇതില്‍ ഒരാള്‍ യൂണിഫോമിലും മറ്റുള്ളവര്‍ സാധാരണ വസ്ത്രത്തിലുമായിരിക്കും.

12 പോലീസുകാരുടെ സംഘം മുഖ്യമന്ത്രിയെ എപ്പോഴും അനുഗമിക്കും. ഇതില്‍ ഒമ്പത് പേര്‍ പൈലറ്റ് വാഹനത്തിലും നാല് കമോന്റോകള്‍ സ്യൂട്ടില്‍ കൈത്തോക്കുകളുമായി ചുറ്റിലുമുണ്ടാകും. രണ്ട് ഉദ്യോഗസ്ഥര്‍ പകല്‍ സമയങ്ങളില്‍ സുരക്ഷാ മേല്‍നോട്ടം നിര്‍വഹിക്കും. ബുള്ളറ്റ് കവചിത വാഹനത്തിലായിരിക്കും മുഖ്യമന്ത്രിയുടെ സഞ്ചാരം.

Next Story

Related Stories