ന്യൂസ് അപ്ഡേറ്റ്സ്

അള്ളാഹുവിന് വോട്ടു ചെയ്യുമോ രാമന് വോട്ടു ചെയ്യുമോ?: വോട്ടര്‍മാരോട് ബിജെപി എംഎല്‍എ

വര്‍ഗ്ഗീയമായി വളരെ സെന്‍സിറ്റീവ് ആയ ദക്ഷിണ കന്നഡയിലെ ബന്ദ്‌വാളിലെ തെരഞ്ഞെടുപ്പ് ഹിന്ദുക്കളുടെ അഭിമാന പ്രശ്‌നമാണെന്നും സുനില്‍ കുമാര്‍

കര്‍ണാടകയില്‍ ഈവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അള്ളാഹുവിനാണോ രാമനാണോ വോട്ടു ചെയ്യേണ്ടതെന്ന് തീരുമാനിക്കണമെന്ന് ബിജെപി എംഎല്‍എ വോട്ടര്‍മാരോട് ആവശ്യപ്പെട്ടു. ബന്ദ്‌വാളിലെ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ കാര്‍കള എംഎല്‍എ സുനില്‍ കുമാറാണ്‌ ഇത്തരത്തില്‍ വിവാദ പ്രസ്താവന നടത്തിയത്.

ഹിന്ദുക്കളുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണ് ഈ തെരഞ്ഞെടുപ്പ്. സ്വന്തം മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി ആറുതവണ ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി അള്ളാഹുവിന്റെ കാര്യം പറഞ്ഞാണ് ജയിച്ചതെന്ന് അവകാശപ്പെട്ടതായി പത്രത്തില്‍ വായിച്ചപ്പോള്‍ താന്‍ അതിശയിച്ചു പോയെന്നും സുനില്‍ കുമാര്‍ പറയുന്നു.

‘രാജേഷ് നായിക്കും രാമന്ത റായിയും തമ്മിലുള്ള തെരഞ്ഞെടുപ്പ് അല്ല ഇവിടെ നടക്കുന്നത്. അള്ളാഹുവും രാമനും തമ്മിലുള്ള തെരഞ്ഞെടുപ്പാണിത്. അതില്‍ ആരെ വേണമെന്ന് ബന്ദ്‌വാളിന് തീരുമാനിക്കാം. വീണ്ടും വീണ്ടും അള്ളാഹുവിനെ ജയിപ്പിക്കണോ അതോ രാമനെ ജയിപ്പിക്കണോയെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം’ എന്നതായിരുന്നു പ്രസ്താവന.

വര്‍ഗ്ഗീയമായി വളരെ സെന്‍സിറ്റീവ് ആയ ദക്ഷിണ കന്നഡയിലെ ബന്ദ്‌വാളിലെ തെരഞ്ഞെടുപ്പ് ഹിന്ദുക്കളുടെ അഭിമാന പ്രശ്‌നമാണെന്നും കുമാര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ വിജയത്തിന്റെ ക്രെഡിറ്റ് അള്ളാഹുവിനും ഇസ്ലാമിനും നല്‍കികൊണ്ട് ഇവിടുത്തെ എംഎല്‍എയും മന്ത്രിയുമായ രാമന്ത റായി നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് സുനില്‍ കുമാര്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് ന്യൂസ് 18 പറയുന്നു.

എന്നാല്‍ അള്ളാഹുവിന്റെ കാരുണ്യം കൊണ്ടും മതേതരമായി ചിന്തിക്കുന്ന മുസ്ലിം സമുദായത്തിന്റെ പിന്തുണ കൊണ്ടുമാണ് താന്‍ വിജയിച്ചതെന്നായിരുന്നു രാമന്ത റായി പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍