TopTop

സിഒടി നസീര്‍ വധശ്രമക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി പരാതി; പിന്നില്‍ സിപിഎമ്മിലെ ഉന്നതര്‍?

സിഒടി നസീര്‍ വധശ്രമക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി പരാതി; പിന്നില്‍ സിപിഎമ്മിലെ ഉന്നതര്‍?
തലശ്ശേരി നഗരസഭാ മുന്‍ കൗണ്‍സിലറും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായിരുന്ന സി.ഒ.ടി നസീറിനെതിരായ വധശ്രമക്കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി പരാതി. തനിക്കു നേരെയുണ്ടായ ആക്രമണത്തില്‍ സി.പി.എം. തലശ്ശേരി, കൊളശ്ശേരി ലോക്കല്‍ കമ്മറ്റിയംഗങ്ങള്‍ പങ്കാളികളാണെന്നും, ആക്രമണത്തിനു പിന്നില്‍ തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറാണെന്നും സി.ഒ.ടി നസീര്‍ നേരത്തേ തന്നെ ആരോപിച്ചിരുന്നു. എ.എന്‍. ഷംസീറടക്കമുള്ളവരെ പേരെടുത്തു പരാമര്‍ശിച്ചിട്ടും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകാത്തതോടെയാണ് കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന സംശയം ഉയരുന്നത്. പാര്‍ട്ടിയുടെ ലോക്കല്‍ കമ്മറ്റിയില്‍ നിന്നുള്ള കുറച്ചു പേരെ അറസ്റ്റു ചെയ്ത്, ഉന്നതരെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഭരണതലത്തില്‍ നടക്കുന്നതെന്നാണ് ആരോപണം.

ഇക്കഴിഞ്ഞ ദിവസമാണ് നസീറിനെ മൂവര്‍ സംഘം ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. മേയ് 18ാം തീയതി തലശ്ശേരിയ്ക്കടുത്തുവച്ച്, ബൈക്കിലെത്തിയ സംഘം നസീറിനെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുന്നതും കുത്തിപ്പരിക്കേല്‍പ്പിക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഇരുമ്പു പൈപ്പ് ഉപയോഗിച്ച് അടിയ്ക്കുകയും, വീണു കിടക്കുന്ന നസീറിനു മേല്‍ ബൈക്കോടിച്ചു കയറ്റാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണം നടന്നതിനു തൊട്ടടുത്തുള്ള കനക് റസിഡന്‍സിയില്‍ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് തൊട്ടടുത്ത ദിവസങ്ങളില്‍ത്തന്നെ ലഭിച്ചിരുന്നു. എന്നാല്‍, മേയ് 18നു നടന്ന സംഭവത്തില്‍ ആദ്യത്തെ അറസ്റ്റുണ്ടാകുന്നത് മേയ് 25നാണ്. ആദ്യ ഘട്ടം മുതല്‍ പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നതെന്ന് നസീറിന്റെ സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഇതിനിടെ, കേസ് നിലവില്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന പൊലീസുദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റമായിട്ടുണ്ട്. അന്വേഷണസംഘത്തിന്റെ തലപ്പത്തുള്ള സി.ഐ. വി.കെ വിശ്വംഭരന്‍, എസ്.ഐ ഹരീഷ് എന്നിവര്‍ക്കാണ് സ്ഥലംമാറ്റം. പുതിയ ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം ചുമതലയേല്‍ക്കുകയും ചെയ്യും. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തലശ്ശേരിയില്‍ ഡ്യൂട്ടിയിലെത്തിയിരുന്നതിനാലാണ് ഇരുവരേയും ഇപ്പോള്‍ സ്ഥലം മാറ്റിയിരിക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, സിസിടിവി ദൃശ്യങ്ങളടക്കം പുറത്തു വന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ സ്ഥലം മാറ്റം കേസിന് വലിയ ദോഷം ചെയ്യുമെന്നാണ് നസീറിനോട് അടുത്ത വൃത്തങ്ങളുടെ പക്ഷം.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തനിക്കെതിരെ ആക്രമണമുണ്ടായേക്കുമെന്ന് നേരത്തേ സംശയിച്ചിരുന്നതായി സി.ഒ.ടി നസീര്‍ വെളിപ്പെടുത്തിയിരുന്നു. എ.എന്‍ ഷംസീര്‍ എം.എല്‍.എ മുന്‍പ് തന്നെ പലതവണ ഭീഷണിപ്പെടുത്തിയിട്ടുള്ളതായും, ആക്രമണത്തിനു പിന്നിലെ ഗൂഢാലോചനയില്‍ ഷംസീറിനു പങ്കുള്ളതായും നസീര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഷംസീറിന്റെ പേരു കൂടി പുറത്തുവന്നതോടെയാണ് കേസന്വേഷണം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായിരിക്കുന്നതെന്നാണ് പരാതി. 'കേസന്വേഷിച്ചിരുന്ന സി.ഐയെ കാസര്‍കോട്ടേക്കും എസ്.ഐയെ കോഴിക്കോട്ടേക്കും മാറ്റിയിട്ടുണ്ട്. തെരഞ്ഞെടുപ്പു ഡ്യൂട്ടിയ്ക്കായാണ് ഇവരെ ഇങ്ങോട്ടു മാറ്റിയതെന്നും, ഡ്യൂട്ടി കഴിഞ്ഞതോടെ തിരികെ സ്ഥലംമാറ്റം കൊടുത്തെന്നുമാണ് പറയുന്നത്. കേസിന്റെ കാര്യത്തില്‍ ഈ സ്ഥലം മാറ്റം കൊണ്ട് തടസ്സങ്ങളുണ്ടായേക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മറ്റൊരു ഉദ്യോഗസ്ഥന്‍ വന്നാല്‍ എന്തായിരിക്കും അവസ്ഥ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലല്ലോ. അന്വേഷണം ഏതാണ്ട് വഴിമുട്ടിയ സാഹചര്യമാണ്. നാലഞ്ച് പ്രതികളെ പിടിച്ച് കേസ് ക്ലോസു ചെയ്യാനുള്ള പരിപാടിയാണ് ഇപ്പോള്‍ നടക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം, ജുഡീഷ്യറിയില്‍ എനിക്ക് വിശ്വാസമുണ്ട്. അതുകൊണ്ട് നിയമപരമായിത്തന്നെ മുന്നോട്ടു നീങ്ങി, സ്പെഷ്യല്‍ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള വഴിയാണ് നോക്കുന്നത്. ഇനിയും കണ്ണൂരില്‍ ഇത്തരത്തിലുള്ള വേട്ടയാടലുകള്‍ ഉണ്ടാകരുത്. അക്രമരാഷ്ട്രീയം നിര്‍ത്തണം എന്ന ആവശ്യവുമായിത്തന്നെയാണ് മുന്നോട്ടു പോകുന്നത്.' സി.ഒ.ടി നസീര്‍ പറയുന്നതിങ്ങനെ.

പതിനൊന്നു പേരെ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രതിപ്പട്ടികയാണ് കേസില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍, നിലവില്‍ അഞ്ച് അറസ്റ്റുകള്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. കേസന്വേഷണത്തിലുള്ള അതൃപ്തി നേരത്തേ അറിയിച്ചിരുന്നെങ്കിലും, ഇപ്പോഴുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പകരം പുതിയയാളുകള്‍ വരുന്നതോടെ കേസിന്റെ ഭാവി എന്താകും എന്ന ആശങ്കയും നസീറിനുണ്ട്. എ.എന്‍ ഷംസീറില്‍ നിന്നും ഭീഷണി നേരിട്ടിരുന്ന വിവരം തുറന്നു പറഞ്ഞിട്ടും, അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകാത്തതിലും നസീറിന് അതൃപ്തിയുണ്ട്. തെരഞ്ഞെടുപ്പു പ്രചരണത്തിനായി സി.പി.എം ശക്തികേന്ദ്രങ്ങളില്‍ ചെന്നപ്പോഴും ശാരീരികമായ ആക്രമണം നസീറിന് നേരിടേണ്ടി വന്നിട്ടുണ്ട്. പലയിടങ്ങളിലും പ്രചരണയോഗങ്ങള്‍ അലങ്കോലമാക്കുകയും പ്രസംഗിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തിരുന്നു. നേരത്തേ ഭീഷണിയുണ്ടായിരുന്നെങ്കിലും, തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടെ പ്രതീക്ഷിക്കാതിരുന്നപ്പോഴാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ് ആശുപത്രിയിലായിരുന്ന നസീറിനെ സന്ദര്‍ശിക്കാന്‍ പി.ജയരാജനടക്കമുള്ള സി.പി.എം നേതാക്കള്‍ എത്തിയിരുന്നു. ആക്രമണത്തിനു പിന്നില്‍ പി.ജയരാജനാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നങ്കിലും, ജയരാജനെ സംശയിക്കുന്നില്ലെന്ന് നസീര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

തന്നെ ആക്രമിച്ചവര്‍ സി.പി.എം ലോക്കല്‍ കമ്മറ്റിയംഗങ്ങളാണെന്ന് നസീര്‍ തന്നെ വെളിപ്പെടുത്തിയതോടെ, പാര്‍ട്ടി തലത്തിലും അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ടിവി രാജേഷ് എം.എല്‍.എയും ജില്ലാ സെക്രട്ടറിയേറ്റംഗം ഹരീന്ദ്രനും ഉള്‍പ്പെടുന്ന കമ്മീഷന്‍ സംസ്ഥാന സമിതിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും. നേരത്തേ മൂന്നു തവണ സി.ഒ.ടി നസീറിനെതിരെ സമാനമായ സാഹചര്യത്തില്‍ വധശ്രമങ്ങളുണ്ടായിട്ടുണ്ട്. അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നില്ലെങ്കില്‍, ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉന്നതര്‍ക്കെതിരെയടക്കം നടപടികള്‍ കൈക്കൊള്ളാനായി നിയമപ്രകാരം സാധ്യമായ മാര്‍ഗ്ഗങ്ങളെല്ലാം സ്വീകരിക്കുമെന്നാണ് നസീറിന്റെ പക്ഷം.

Read More: ഗിരീഷ്‌ കര്‍ണാട്: മി ടു അര്‍ബന്‍ നക്‌സല്‍, കലാകാരന്‍ എന്ന നിലയില്‍ ഒരു സംഘ്പരിവാര്‍ വിരുദ്ധ ആക്ടിവിസ്റ്റിന്റെ ജീവിതം

Next Story

Related Stories