UPDATES

മാര്‍ച്ചിന് നേരെ പോലീസ് മര്‍ദ്ദനം: സിപിഐ അടങ്ങിയത് മുഖ്യമന്ത്രി അന്വേഷണത്തിന് സമ്മതിച്ചതിനാല്‍

എറണാകുളത്തെ എഐഎസ്എഫ്-എസ്എഫ്‌ഐ സംഘര്‍ഷമാണ് ഇപ്പോള്‍ മുന്നണിയ്ക്കുള്ളിലേക്കും വ്യാപിക്കുന്നത്

ജില്ലാ സെക്രട്ടറി പി രാജുവിനെയും എല്‍ദോ എബ്രഹാം എംഎല്‍എയും പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഐ കടുത്ത പ്രതികരണങ്ങള്‍ ഒഴിവാക്കിയത് മുഖ്യമന്ത്രി അന്വേഷണത്തിന് തയ്യാറായതിനാല്‍. ശക്തമായ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി അന്വേഷണം നടത്താമെന്ന് ഉറപ്പ് നല്‍കിയത്. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഭരണമുന്നണിയിലെ കക്ഷി തന്നെ ഐജി ഓഫീസിലേക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതിനെക്കുറിച്ച് മുന്നണി നേതൃത്വത്തില്‍ വ്യത്യസ്ത അഭിപ്രായമുണ്ട്. ഞാറയ്ക്കല്‍ സിഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സിപിഐ ഐജി ഓഫീസ് മാര്‍ച്ച് നടത്തിയത്.

ഭരണമുന്നണിയിലെ എംഎല്‍എ ഉള്‍പ്പെടെ മര്‍ദ്ദിച്ച പോലീസിന്റെ നടപടിക്കെതിരെ സിപിഐയ്ക്കുള്ളിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇടതുസര്‍ക്കാരിന്റെ കീഴില്‍ മുന്നണിയിലെ രണ്ടാം കക്ഷിയുടെ നേതാക്കള്‍ക്കാണ് പോലീസിന്റെ അടിയേറ്റതെന്നതുംം സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തലസ്ഥാനത്ത് ഒരു പൊതുപരിപാടിയില്‍ വേദി പങ്കിട്ടിരിക്കുമ്പോഴാണ് കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് സിപിഐ നേതാക്കളെ തല്ലിച്ചതച്ചത്. ആക്രമണത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമായിരുന്നില്ലെങ്കിലും ഇക്കാര്യം അവിടെ വച്ചുതന്നെ കാനം പിണറായിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതോടെ മുഖ്യമന്ത്രി ഡിജിപിയെ ബന്ധപ്പെട്ടു.

സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ നടന്ന പാര്‍ട്ടി മന്ത്രിമാരുടെ യോഗത്തിലും ഈ വിഷയം ഉന്നയിക്കപ്പെട്ടു. യോഗതീരുമാനമനുസരിച്ച് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉച്ചയ്ക്ക് ഒന്നരയോടെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. തിരികെ എംഎന്‍ സ്മാരകത്തിലെത്തി ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. കളക്ടര്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അതിന്റെ റിപ്പോര്‍ട്ട് വരട്ടെയെന്നുമായിരുന്നു ചന്ദ്രശേഖരന്‍ അതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.

നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് സിപിഐ ഇടുക്കി ജില്ലാ നേതൃത്വം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇവിടെവച്ച് ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. സംസ്ഥാന നിര്‍വാഹക സമിതി ചേര്‍ന്നാണ് ഇത് തിരുത്തിയതിന് പിന്നാലെയാണ് എറണാകുളം ജില്ലാ നേതൃത്വവും പോലീസിനെതിരെ രംഗത്തെത്തിയത്.

എറണാകുളത്തെ എഐഎസ്എഫ്-എസ്എഫ്‌ഐ സംഘര്‍ഷമാണ് ഇപ്പോള്‍ മുന്നണിയ്ക്കുള്ളിലേക്കും വ്യാപിക്കുന്നത്. വൈപ്പിന്‍ ആര്‍ട്‌സ് കോളേജില്‍ എഐഎസ്എഫ് യൂണിറ്റ് രൂപീകരിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് മുന്നണിയെ ഇപ്പോള്‍ അലട്ടുന്നത്. എംഎല്‍എ അടക്കം ആശുപത്രിയിലായ സാഹചര്യം കണക്കിലെടുത്ത് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി കൊച്ചിയിലെത്തി.

എറണാകുളത്ത് നടന്ന സംഭവങ്ങള്‍ അന്വേഷിച്ച് മനസിലാക്കിയിട്ട് പ്രതികരിക്കാമെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചത്. സംഭവം നടന്നയുടന്‍ പ്രതികരണം ആരാഞ്ഞപ്പോഴാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. എംഎല്‍എ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പോലീസിനെതിരെ പ്രതിഷേധിക്കുമ്പോള്‍ ലാത്തിച്ചാര്‍ജ്ജും ജലപീരങ്കിയുമെല്ലാമുണ്ടാകുമെന്നും അദ്ദേഹം മറുപടി പറഞ്ഞു.

നിലാവത്ത് അഴിച്ചുവിട്ട കോഴിയെ പോലെയാണ് പോലീസ് പെരുമാറുന്നതെന്നാണ് മര്‍ദ്ദനമേറ്റ സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാം ആരോപിച്ചു. ഇടതുസര്‍ക്കാരിന് കീഴിലെ പോലീസിനെതിരെ ഭരണപക്ഷത്തെ ഒരു പാര്‍ട്ടി തന്നെ സമരം ചെയ്യേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പ്രകോപനവുമില്ലാതെയായിരുന്നു പോലീസിന്റെ മര്‍ദ്ദനമെന്നും അദ്ദേഹം പറഞ്ഞു. എന്തുവെല്ലുവിളി നേരിട്ടും മുന്നണിയില്‍ തിരുത്തല്‍ ശക്തിയായി സിപിഐ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

READ MORE:കാസറഗോഡ് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍; റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍