TopTop

ഉമ്മന്‍ ചാണ്ടിക്കും വേണുഗോപാലിനും എതിരെ സരിതയുടെ ബലാത്സംഗ കേസ്; ഗുണം ബിജെപിക്കോ?

ഉമ്മന്‍ ചാണ്ടിക്കും വേണുഗോപാലിനും എതിരെ സരിതയുടെ  ബലാത്സംഗ കേസ്; ഗുണം ബിജെപിക്കോ?
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍ എം പി എന്നിവര്‍ക്കെതിരെ സരിത എസ് നായര്‍ നല്‍കിയ ലൈംഗിക പീഡന പരാതി അന്വേഷിക്കാന്‍ തീരുമാനമായതോടെ കേരളത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ പ്രധിരോധത്തിലായിരിക്കുന്നു. 2012ല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി തന്നെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ചും കെ സി വേണുഗോപാല്‍ എംപി, മുന്‍ മന്ത്രി എ പി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വെച്ചും പീഡിപ്പിച്ചുവെന്നാണ് സരിതയുടെ പരാതി. സരിതയുടെ ആരോപണം തുടക്കത്തിലേ തന്നെ നിഷേധിച്ച ഉമ്മന്‍ ചാണ്ടിയും വേണുഗോപാലും അതേ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. സരിതയുടെ ആരോപണം അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയമിച്ചതിനോട് ഉമ്മന്‍ ചാണ്ടി ഇന്നലെ പ്രതികരിച്ചത് ശബരിമല വിഷയത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള പിണറായി സര്‍ക്കാരിന്റെ ശ്രമം എന്ന നിലക്കാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാവട്ടെ 'നിറവും മണവും നഷ്ടപ്പെട്ട കേസ്' എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

സരിതയുടെ ആരോപണത്തിന് പിന്നിലെ യാഥാര്‍ഥ്യം എന്തുതന്നെയായിരുന്നാലും ലോക്‌സഭ തിരെഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കുന്ന ഈ വേളയില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ഈ അന്വേഷണ തീരുമാനം വലിയ തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പോരെങ്കില്‍ മുന്‍ മന്ത്രിമാരായിരുന്ന ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍ എന്നിവര്‍ക്കും അക്കാലയളവില്‍ എംഎല്‍എമാരായിരുന്ന ചില യുവ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായും സരിത സോളാര്‍ കമ്മീഷന് മുന്‍പാകെ നല്‍കിയ പീഡന പരാതിയില്‍ സരിത ഓരോരുത്തര്‍ക്കുമെതിരായി പ്രത്യേകം പ്രത്യേകമായി പരാതി നല്‍കിയാല്‍ അന്വേഷിക്കാമെന്ന നിലപാട് ക്രൈംബ്രാഞ്ച് എടുത്തിട്ടുള്ളതിനാല്‍ കോണ്‍ഗ്രസിനും യുഡിഎഫിനും കാര്യങ്ങള്‍ അത്രകണ്ട് എളുപ്പമല്ല.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തകര്‍ക്കാനുള്ള നീക്കമാണ് സിപിഎമ്മും എല്‍ഡിഎഫും നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മൊത്തത്തിലുള്ള വിലയിരുത്തല്‍. സത്യത്തില്‍ ഇപ്പോള്‍ നടക്കാന്‍ പോകുന്ന അന്വേഷണം എല്‍ഡിഎഫിനേക്കാള്‍ കൂടുതല്‍ ഗുണം ചെയ്യാന്‍ പോകുന്നത് ബിജെപിക്കാണ്. ശബരിമല വിഷയം ആളിക്കത്തിച്ചു കേരളത്തില്‍ കൂടുതല്‍ ആഴത്തില്‍ വേരോട്ടം നടത്താന്‍ ശ്രമിക്കുന്ന അവര്‍ക്കു ശബരിമല വിഷയത്തില്‍ തങ്ങളും വിശ്വാസി സമൂഹത്തിനൊപ്പം എന്ന് പറഞ്ഞു രംഗത്ത് വന്നിട്ടുള്ള കോണ്‍ഗ്രസിനെതിരെ വീണുകിട്ടിയ ഒരു വജ്രായുധം തന്നെയാണ് ലൈംഗിക പീഡനാരോപണ വിഷയത്തില്‍ ചാണ്ടിക്കും വേണുഗോപാലിനുമെതിരെ പ്രഖ്യാപിച്ചിട്ടുള്ള ഈ അന്വേഷണം.

ഉമ്മന്‍ ചാണ്ടി ആന്ധ്രയുടെ ചാര്‍ജുള്ള എഐസിസി ജനറല്‍ സെക്രട്ടറിയും കെസി വേണുഗോപാല്‍ കര്‍ണാടകത്തിന്റെ ചാര്‍ജുള്ള ജനറല്‍ സെക്രട്ടറിയും ആകയാല്‍ ബിജെപി ദേശീയ നേതൃത്വവും അടുത്ത് നടക്കാനിരിക്കുന്ന ലോക്‌സഭ, അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ ഇതൊരു വലിയ പ്രചാരണായുധം ആക്കിക്കൂടായ്കയില്ല. അല്ലെങ്കില്‍ തന്നെ റഫാല്‍, നോട്ടു തിരോധാനം, ഇന്ധന വില വര്‍ധനവ് തുടങ്ങിയ വിഷയങ്ങളില്‍ മുഖം നഷ്ടമായ മോദി സര്‍ക്കാരും ബിജെപി ദേശീയ നേതൃത്വവും പഴയ ബൊഫോഴ്സ് ഇടപാടില്‍ തൂങ്ങിയാണ് നിലവില്‍ കോണ്‍ഗ്രസിനെ എതിരിടാന്‍ ശ്രമിക്കുന്നത്. പോരെങ്കില്‍ 'മീടൂ' ആരോപണത്തില്‍ പെട്ട കേന്ദ്ര മന്ത്രി എം ജെ അക്ബറിനെ രാജിവെപ്പിച്ചതിന്റെ മുഴുവന്‍ 'ക്രെഡിറ്റും' പേറി നില്‍ക്കുകയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും. അപ്പോള്‍ പിന്നെ വീണുകിട്ടിയ ഈ സുവര്‍ണാവസരം അവരും പാഴാക്കുമെന്നു കരുതാന്‍ വയ്യ.

https://www.azhimukham.com/keralam-complete-volumes-of-solar-report/

https://www.azhimukham.com/trending-i-hate-playing-the-victim-card/

https://www.azhimukham.com/trending-oommen-chandy-compel-to-do-oral-sex-kc-venugipal-raped/

https://www.azhimukham.com/kerala-solar-scam-oomman-chandy-corruption-judicial-commission-findings-saritha-nair/

Next Story

Related Stories