TopTop

ജാതിമതില്‍ പൊളിച്ച സംഭവം: പോലീസ് അതിക്രമത്തിനെതിരെ ദലിത് ആത്മാഭിമാന കണ്‍വെന്‍ഷന്‍

ജാതിമതില്‍ പൊളിച്ച സംഭവം: പോലീസ് അതിക്രമത്തിനെതിരെ ദലിത് ആത്മാഭിമാന കണ്‍വെന്‍ഷന്‍
എറണാകുളം ജില്ലയിലെ വടയമ്പാടിയില്‍ ദലിതര്‍ ഉപയോഗിച്ചുവന്നിരുന്ന പൊതുസ്ഥലം സംരക്ഷിക്കാന്‍ സത്യാഗ്രഹം നടത്തിവരുന്ന സമരസമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും, സമരപന്തല്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തിനെതിരെ പ്രതിഷേധം സംസ്ഥാന തലത്തില്‍ ശക്തിപ്പെടുത്തുകയാണ്. സമരസമിതി പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുകയും, മാവോയിസ്റ്റുകളെന്ന് ആരോപിച്ച് ജയിലിലടക്കുകയും ചെയ്തതിനെതിരെ ഫെബ്രുവരി 4 ഞായറാഴ്ച രാവിലെ 10-ന് എറണാകുളം വടയമ്പാടിയില്‍ ദലിത് - ആത്മാഭിമാന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും.

സ്ഥലവാസികളായ ദലിതര്‍ നൂറ്റാണ്ടുകളായി പൊതുസ്ഥലമായി ഉപയോഗിച്ചുപോരുകയും, അവരുടെ ആരാധനാസ്ഥലമുണ്ടായിരുന്ന ഒരു ഏക്കര്‍ സ്ഥലം എന്‍എസ്എസിന് രഹസ്യമായി പട്ടയം അനുവദിക്കുകയും, എന്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലും പരിസരത്തും ദലിതര്‍ പ്രവേശിക്കാതിരിക്കാനും ഭൂമി സ്വകാര്യസ്വത്താക്കാനും ജാതിമതില്‍ പണിയുകയുണ്ടായി. കഴിഞ്ഞ ഡോ. അംബേദ്കര്‍ ദിനത്തില്‍ ദലിതര്‍ സംഘടിതമായി നടത്തിയിരുന്ന ആത്മാഭിമാനറാലിയുടെ ഭാഗമായി ജാതിമതില്‍ പൊളിച്ചുമാറ്റുകയും, ഭൂമിയില്‍ അവകാശം സ്ഥാപിക്കാന്‍ സമാധാനപരമായി സത്യാഗ്രഹസമരം തുടങ്ങുകയുമായിരുന്നു. പ്രശ്‌നം ന്യായമാണെന്ന് കണ്ടെത്തി മൈതാനം പൊതുസ്ഥലമാണെന്ന തീരുമാനത്തിലെത്തുകയും തദ്ദേശവാസികളായ ദലിതരും നാട്ടുകാരും വീണ്ടും ഉപയോഗിച്ചുവരികയും ചെയ്തു. തല്‍സ്ഥിതി തുടരാന്‍ ജില്ലാ അധികൃതര്‍ തീരുമാനിക്കുകയും, നിയമവിരുദ്ധമായി നല്‍കിയ പട്ടയം റദ്ദാക്കാനുള്ള നിയമ നടപടി സമരസമിതി തുടരുകയുമായിരുന്നു. എന്നാല്‍ എന്‍എസ്സ്എസ്സിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ഉത്സവം നടക്കുകയാണെന്ന കാരണം പറഞ്ഞ് പോലീസ് മൈതാനത്തിന്റെ സമീപം കെട്ടിയ സമരപന്തല്‍ പൊളിച്ചുമാറ്റുകയും, സമരസമിതി പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും മാവോയിസ്റ്റുകള്‍ എന്ന കുറ്റം ആരോപിച്ച് ജയിലിലടക്കുകയുമാണ് ചെയ്തത്.

തുടര്‍ന്ന് നടന്നുകൊണ്ടിരുന്ന പ്രതിഷേധ പരപാടിയുടെ ഭാഗമായി കെപിഎംഎസ് പ്രാദേശിക ശാഖാ ഓഫീസ് പ്രവര്‍ത്തിക്കുന്ന പുറമ്പോക്ക് ഭൂമിയില്‍ കെട്ടിയ സമരപന്തലും ഇന്ന് രാവിലെ 10 മണിയോടെ പോലീസ് പൊളിച്ചുനീക്കിയിരിക്കുകയാണ്. എന്‍എസ്എസ് സ്വാധീനമുപയോഗിച്ച് ജില്ലാ പോലീസ് നടത്തുന്ന പോലീസ് അതിക്രമത്തിനെതിരെ സംസ്ഥാനതലത്തില്‍ ദലിത് ആത്മാഭിമാന പ്രക്ഷോഭം ആരംഭിക്കാന്‍ സമരസമിതി തീരുമാനിച്ചിരിക്കുകയാണ്. ജില്ലാ ഭരണകൂടം ഇടപെട്ട് നിയമാനുസൃതം പ്രശ്‌നപരിഹാരത്തിലേക്ക് നീങ്ങികൊണ്ടിരുന്നപ്പോള്‍ പോലീസ് ഭീകരത സൃഷ്ടിച്ച് പൊതുസ്ഥലം എന്‍എസ്എസ് എന്ന സ്വകാര്യസംഘടന കയ്യടക്കാന്‍ നടക്കുന്ന നീക്കം ജനാധിപത്യവിരുദ്ധമാണ്. അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കാനും, കള്ളകേസുകള്‍ പിന്‍വലിക്കാനും, നിയമവിരുദ്ധമായി നല്‍കിയ പട്ടയം റദ്ദാക്കാനും സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. പോലീസിനെ പിന്‍വലിച്ച് സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ആഭ്യന്തരവകുപ്പ് ഉടനടി ഇടപെടുകയും വേണമെന്ന് സി.എസ്. മുരളി (പ്രസിഡന്റ്, കേരള ദലിത് മഹാസഭ), എം.പി. അയ്യപ്പന്‍കുട്ടി (ജന. കണ്‍വീനര്‍, ദലിത് ഭൂ അവകാശ സമരമുന്നണി, വടയമ്പാടി), എം. ഗീതാനന്ദന്‍ (ഭൂ അധികാര സംരക്ഷണ സമിതി കണ്‍വീനര്‍), വി.കെ. ജോയ് (സമരസഹായ സമിതി കണ്‍വീനര്‍), അഡ്വ. തുഷാര്‍ നിര്‍മ്മല്‍ (സ്‌റ്റേറ്റ് സെക്രട്ടറി ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം), പി.എം. വിനോദ് (ജനറല്‍ സെക്രട്ടറി കെ.പി.എം.എസ്.), എന്‍. സോമന്‍ (ജോ. സെക്രട്ടറി, കെ.വി.എം.എസ്) എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി ഇറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.
Next Story

Related Stories