UPDATES

ട്രെന്‍ഡിങ്ങ്

മഴയ്ക്ക് ശമനമില്ല; മൂന്ന് ജില്ലകളില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ആലപ്പുഴയില്‍ മാത്രം 225 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ 25 മണിക്കൂറില്‍ 204 മില്ലി മീറ്ററില്‍ കൂടുതല്‍ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

സംസ്ഥാനത്തെ കാലവര്‍ഷം ശക്തമായി തന്നെ തുടരുന്നു. വ്യാഴാഴ്ച വരെയും മഴയ്ക്ക് ശമനമുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കണ്ണൂരിലെ റെഡ് അലര്‍ട്ട് ഇന്നും തുടരും. കാസറഗോഡ് ജില്ലയിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന രണ്ട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന മലപ്പുറം ജില്ലയിലും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറത്തെ കൂടാതെ വയനാട്ടിലും കോഴിക്കോടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂര്‍, കാസറഗോഡ്, മലപ്പുറം ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. മലപ്പുറത്ത് മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കാര്‍ത്തികപ്പിള്ളി താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും.

കോട്ടയം ജില്ലയില്‍ അയര്‍ക്കുന്നം പുന്നത്തറ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ഒഴികെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയില് മാത്രം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം 225 ആയി. കടല്‍ക്ഷോഭം രൂക്ഷമായ ആറാട്ടുപുഴയിലും കാട്ടൂരിലുമാണ് ക്യാമ്പുകള്‍ തുറന്നത്.

അമ്പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ മലയോരപ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.

കാസറഗോഡ് വെള്ളരിക്കുണ്ട് കനകപ്പള്ളിയില്‍ വീടിന് മുകളില്‍ മരം വീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാസറഗോഡ് കാക്കടവ് ചെക്ക് ഡാമിന് സമീപത്തെ പാര്‍ശ്വഭിത്തി തകര്‍ന്നിരിക്കുകയാണ്. കനത്ത മഴയില്‍ കാലടി യോര്‍ദനാപുരം മഠത്തിപ്പറമ്പില്‍ സുബ്രഹ്മണ്യന്റെ വീട് തകര്‍ന്നു. പെരുവണ്ണാമൂഴി ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി.

റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ 25 മണിക്കൂറില്‍ 204 മില്ലി മീറ്ററില്‍ കൂടുതല്‍ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രതപാലിക്കാനും ക്യാമ്പുകള്‍ തയ്യാറാക്കുന്നതുമുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതുമാണ് റെഡ് അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും.

ജൂലൈ 24ന് കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ നാളെ എവിടെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മില്ലി മീറ്ററില്‍ താഴെ) അതിശക്തമായതോ (115 മില്ലിമീറ്റര്‍ മുതല്‍ 204.5 മില്ലിമീറ്റര്‍ വരെ) മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുകയെന്നതാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ടുദ്ദേശിക്കുന്നത്.

read more:കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ട്രംപിന്റെ വെളിപ്പെടുത്തല്‍, പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥം വഹിക്കാന്‍ ആവശ്യപ്പെട്ടു, നിഷേധിച്ച് ഇന്ത്യ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍