UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരത്ത് കൂപ്പുകുത്തി വിന്‍ഡീസ്: ഇന്ത്യയ്ക്ക് 9 വിക്കറ്റ് ജയം

ബാറ്റിംഗ് വെടിക്കെട്ടെന്ന ആരാധകരുടെ ആഗ്രഹത്തോട് നീതി പുലര്‍ത്തുന്നതായിരുന്നു രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ്

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ഏകദിനത്തില്‍ ബൗളര്‍മാരുടെ മികവില്‍ ഇന്ത്യയ്ക്ക് അനായാസ ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസ് ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യതയ്ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 5-1ന് ഇന്ത്യയ്ക്ക് സ്വന്തം.

31.5 ഓവറില്‍ എല്ലാ വിക്കറ്റും നഷ്ടമായ അവര്‍ക്ക് 104 റണ്‍സ് മാത്രമാണ് എടുക്കാനായത്. 25 റണ്‍സെടുത്ത ജോ ഹോള്‍ഡറാണ് ടോപ്പ് സ്‌കോറര്‍. മര്‍ലോണ്‍ സാമുവല്‍സ് 24 റണ്‍സെടുത്തു. 10 റണ്‍സെടുത്ത റോവ്മാന്‍ പവല്‍ മാത്രമാണ് രണ്ടക്കം കടന്ന മറ്റൊരു വിന്‍ഡീസ് ബാറ്റ്‌സ്മാന്‍. പന്തെറിഞ്ഞവരെല്ലാം മികച്ചു നിന്നെങ്കിലും രവീന്ദ്ര ജഡേജയുടെ സ്പിന്‍ മികവാണ് വിന്‍ഡീസിന് ഏറെ തലവേദനയായത്. ജഡേജ 34 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി. ബുംറ, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാറും കുല്‍ദീപ് യാദവും ഒരു വിക്കറ്റ് വീതം വീഴ്ത്തി.

വിന്‍ഡീസിന് വന്‍ സ്‌കോര്‍ കണ്ടെത്താനാകാതെ വന്നതോടെ കോഹ്ലിയുടെയും കൂട്ടരുടെയും ബാറ്റിംഗ് വിരുന്ന് പ്രതീക്ഷിച്ച് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തടിച്ചു കൂടിയ ആരാധകര്‍ നിരാശരായിരുന്നു. എന്നിരുന്നാലും ഈ മണ്ണില്‍ ഇന്ത്യ ജയിക്കുന്നത് കാണാമെന്ന ആവേശത്തിലായിന്നു. മുമ്പ് ന്യൂസിലാന്‍ഡിനെതിരെ നടന്ന ട്വന്റി 20 മത്സരമാണ് ഇന്ത്യ ഇവിടെ കളിച്ചത്. ആ മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുകയായിരുന്നു.

ബാറ്റിംഗ് വെടിക്കെട്ടെന്ന ആരാധകരുടെ ആഗ്രഹത്തോട് നീതി പുലര്‍ത്തുന്നതായിരുന്നു രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ്. തുടക്കത്തില്‍ തന്നെ ആറ് റണ്‍സെയുത്ത ധവാനെ നഷ്ടമായെങ്കിലും രോഹിതും കോഹ്ലിയും അടിച്ചു തന്നെയാണ് കളിച്ചത്. നാല് സിക്‌സും അഞ്ച് ഫോറും അടിച്ച രോഹിത് 63 റണ്‍സെടുത്തു. ആ അര്‍ത്ഥത്തില്‍ ഒരു മിനി വിരുന്നാണ് രോഹിത് കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്. ആറ് ഫോറുകള്‍ അടിച്ച കോഹ്ലി 33 റണ്‍സെടുത്തു. അതോടെ രാപ്പകല്‍ മത്സരമായി നടക്കേണ്ടിയിരുന്ന മത്സരം പകല്‍ തന്നെ അവസാനിച്ചു.

രവീന്ദ്ര ജഡേജയാണ് കളിയിലെ കേമന്‍. പരമ്പരയില്‍ മൂന്ന് സെഞ്ചുറി നേടിയ വിരാട് കോഹ്ലിയാണ് മാന്‍ ഓഫ് ദ സീരീസ്. അതേസമയം ധോണി ഏകദിന ക്രിക്കറ്റില്‍ 10000 റണ്‍സ് തികയ്ക്കുന്നത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാകുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ നിരാശരായി. ഇനി ഒരു റണ്‍സ് കൂടിയെടുത്താല്‍ ധോണിക്ക് 10000 റണ്‍സ് തികയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍