തര്‍ക്കം നിലനില്‍ക്കുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ സമവായത്തിന് ധാരണ. പി ജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ പ്രസിഡന്റ് പദവി പങ്കിട്ടെടുക്കാന്‍ ധാരണയായിട്ടുണ്ടെന്നാണ് അറിയുന്നത്. സമവായത്തിലെത്തിയില്ലെങ്കില്‍ പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച് ധാരണയായത്.
അതേസമയം ആദ്യ ടേം ആര് എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ അവസാനിച്ച യോഗത്തിലാണ് സമവായത്തിന് ധാരണയായത്. യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു. ക്വാറം തികയാത്തതിനെ തുടര്‍ന്ന് മാറ്റിവച്ച തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11 മണിക്ക് നടത്താനാണ് ജില്ലാ കളക്ടര്‍ പി കെ സുധീര്‍ ബാബു നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് നേതാക്കളുമായി ഇന്ന് രാവിലെയും കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച തുടരും.
ഇന്നലെയും തെരഞ്ഞെടുപ്പിനായി ഭരണസമിതി കൂടിയെങ്കിലും ക്വാറം തികയാത്തതിനാല്‍ മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നതിനെ തുടര്‍ന്നാണ് ക്വാറം തികയാതെ വന്നത്. യുഡിഎഫിന് 14 അംഗങ്ങളാണ് ഉള്ളത്. തര്‍ക്കപരിഹാരത്തിന് ഇരുവിഭാഗങ്ങളുമായി യുഡിഎഫ് നേതാക്കള്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി.
കേരള കോണ്‍ഗ്രസ് എമ്മിലെ പിളര്‍പ്പിന് പിന്നാലെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതാണ് അനിശ്ചിതത്വത്തിന് കാരണം. സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ ജോസ് കെ മാണി വിഭാഗവും അജിത് മുതിരമലയെ ജോസഫ് വിഭാഗവും പ്രഖ്യാപിച്ചു. ഇന്ന് 11 മണിക്ക് തന്നെ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പാണ്. ഒരിക്കല്‍ മാറ്റിവച്ച തെരഞ്ഞെടുപ്പ് വീണ്ടും നടത്തുമ്പോള്‍ ജില്ലാ പഞ്ചായത്ത് നിയമ പ്രകാരം ക്വാറം നോക്കേണ്ട കാര്യമില്ല.
അജിത് മുതിരമലയെ പിന്‍വലിക്കില്ലെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. യുഡിഎഫ് ആവശ്യപ്പെട്ടത് കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നതെന്ന് മോന്‍സ് ജോസഫും കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ മാണിയും പറയുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒറ്റക്കെട്ടായി മത്സരിക്കുമെന്നാണ് ജോസ് കെ മാണി പറയുന്നത്. നിയമപരമായാണ് വിപ്പ് നല്‍കിയതെന്നും അദ്ദേഹം പറയുന്നു.