TopTop

പ്രായപൂര്‍ത്തി ആയവരുടെ വിവാഹത്തില്‍ ഘാപ്പ് പഞ്ചായത്തുകളോ സമുദായമോ കുടുംബമോ ഇടപെടരുത്: സുപ്രിംകോടതി

പ്രായപൂര്‍ത്തി ആയവരുടെ വിവാഹത്തില്‍ ഘാപ്പ് പഞ്ചായത്തുകളോ സമുദായമോ കുടുംബമോ ഇടപെടരുത്: സുപ്രിംകോടതി
പ്രായപൂര്‍ത്തിയായ വ്യക്തികളുടെ വിവാഹം മുടക്കാന്‍ ശ്രമിക്കരുതെന്ന് ഖാപ് പഞ്ചായത്തുകള്‍ക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. പരസ്പര സമ്മത പ്രകാരം പ്രായപൂര്‍ത്തിയായ വ്യക്തികള്‍ വിവാഹത്തിന് താല്‍പര്യപ്പെടുമ്പോള്‍ അത് മുടക്കാനും അവരെ തടയാനും കുടുംബത്തിനോ സമുദായത്തിനോ അവകാശമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കോടതി മുന്നോട്ട് വച്ച പെരുമാറ്റ ചട്ടങ്ങള്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നതുവരെ പ്രാബല്യത്തില്‍ തുടരുമെന്നും മിശ്ര ജാതി, മത വിവാഹ ബന്ധങ്ങളുണ്ടാക്കുന്നവരെ സംബന്ധിച്ച് ആശ്വാസകരമായ വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കി.

ഖാപ്പ് പഞ്ചായത്തുകളെയും ദുരഭിമാന കൊലപാതകങ്ങളും തടയാൻ നടപടി ആവശ്യപ്പെട്ട് ശക്തി വാഹിനി എന്ന മനുഷ്യാവകാശ സംഘടന നല്‍കിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധിന്യായം. രണ്ടുപേർ തമ്മിലുള്ള വിവാഹ ബന്ധത്തിൽ ഇടപെടാൻ കോടതിക്ക് കഴിയില്ലെന്ന് ഹാദിയ കേസിൽ വ്യക്തമാക്കിയ അതേ ബെഞ്ചാണ് ഈ കേസിലും വിധി പ്രസ്താവിച്ചതെന്നത് ശ്രദ്ധേയം. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ദുരഭിമാന കൊലകള്‍ക്ക് പിന്നില്‍ ഖാപ് പഞ്ചായത്തുകളുടെ സ്വാധീനമാണ്. ദലിത് യുവാവിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയ മലപ്പുറം അരീക്കോട് സ്വദേശി ആതിരയെ പിതാവ് കൊലപ്പെടുത്തിയത് ഏറെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ആറു മാസത്തിനകം എല്ലാ സംസ്ഥാനങ്ങളും മാർഗരേഖ നടപ്പാക്കി നടപടി റിപ്പോർട്ട് നൽകണമെന്നാണ് സുപ്രീം കോടതി നിർദ്ദേശം.

അതേസമയം ഘാപ്പ് പഞ്ചായത്തുകള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ കോണ്‍സെല്‍ 'മാനംകാക്കല്‍' കൊലപാതകങ്ങളെ ന്യായീകരിക്കുകയാണ് ചെയ്തത്. മനസാക്ഷി പാലകരാണ് തങ്ങളെന്നാണ് ഇതേക്കുറിച്ച് പറഞ്ഞത്. എന്നാല്‍ അങ്ങനെയാകരുതെന്ന് ചീഫ് ജസ്റ്റിസ് മറുപടി പറഞ്ഞു. ഘാപ്പ് പഞ്ചായത്തുകള്‍ പഴയകാലത്തെ ആചാരമാണെന്നും ഇപ്പോള്‍ അവര്‍ മിശ്ര വിവാഹങ്ങളും പിന്തുണയ്ക്കുന്നുണ്ടെന്നും സീനിയര്‍ കോണ്‍സെല്‍ പറഞ്ഞു. അതേസമയം ആചാരത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും ഉപന്യസിക്കേണ്ടതില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചവരുടെ ആത്മാഭിമാനത്തെക്കുറിച്ചാണ് കോടതി ചര്‍ച്ച ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സുപ്രീം കോടതി മാർഗരേഖ ഇങ്ങനെ:

1. ഭിന്ന സമുദായത്തിൽ നിന്നും ജാതിയിൽ നിന്നും വിവാഹം കഴിച്ച ദമ്പതിമാരെ ഭീഷണിപ്പെടുത്തിയാൽ ഐപിസി 141, 143, 503,506 എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കണം.

2. ഭീഷണി നേരിടുന്ന ദമ്പതിമാർക്ക് ആവശ്യമായ സുരക്ഷ നൽകണം. ജില്ലാ കേന്ദ്രങ്ങളിൽ സുരക്ഷാ ഭവനങ്ങൾ സ്ഥാപിക്കണം. ബന്ധുക്കളിൽ നിന്നും സമുദായത്തിൽ നിന്നും ഭീഷണി നേരിടുന്ന ദമ്പതിമാരെയാണ് ഇവിടെ പാർപ്പിക്കേണ്ടത്. ജില്ലാ മജിസ്‌ട്രേറ്റ്, എസ്.പി എന്നിവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാവും ഈ സുരക്ഷാ ഭവനങ്ങൾ. ഒരു മാസം മുതൽ പരമാവധി ഒരു വർഷം വരെ ദമ്പതികൾക്ക് ഇവിടെ താമസിക്കാം.

3. വീട്ടുകാരിൽ നിന്നും സമുദായത്തിൽ നിന്നും നേരിടുന്ന ഭീഷണികളെപ്പറ്റി പരാതി ലഭിച്ചാൽ പോലീസ് ഗൗരവത്തോടെ അത് പരിശോധിക്കണം. പരാതി നൽകിയ യുവാവിന്റെയും യുവതിയുടെയും പ്രായവും കാര്യപ്രാപ്തിയും മനസിലാക്കണം. ആവശ്യമെങ്കിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ പൊലീസിന് ഇവരെ സഹായിക്കാം. ഇവരെ സുരക്ഷാ ഭവനങ്ങളിൽ താമസിക്കാൻ അനുവദിക്കാം. താമസത്തിന് ദമ്പതികൾ നിശ്ചിത വാടക നൽകിയാൽ മതി.

4. ഭീഷണി സംബന്ധിച്ച് യുവതി യുവാക്കൾ നൽകുന്ന പരാതികൾ എ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണം. ഐ.പി.സി 151 പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം. പരാതി യാഥാർത്ഥമെന്നു കണ്ടെത്തിയാൽ ഒരാഴ്ചയ്ക്കകം എസ്.പിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.

5. പരാതിയിൽ അന്വേഷണം നടത്തുന്നതിലും നടപടി എടുക്കുന്നതിലും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പ് തല നടപടി സ്വീകരിക്കണം. ആറു മാസത്തിനകം നടപടി വേണം.മുൻ‌കൂർ വിവരം ലഭിച്ചിട്ടും പ്രവർത്തിക്കാതിരുന്നവർക്കെതിരെ നടപടി വേണം.

6. മിശ്ര വിവാഹിതരുടെയും, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരുടെയും പരാതികൾ സ്വീകരിക്കാൻ ജില്ലാ തലങ്ങളിൽ എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സെൽ രൂപീകരിക്കണം. 24 മണിക്കൂർ ഹെൽപ്പ് ലൈൻ നമ്പർ സ്ഥാപിക്കണം.

7. ദുരഭിമാനക്കൊല, ആക്രമണങ്ങൾ എന്നിവയുടെ വിചാരണയ്ക്കായി അതിവേഗ കോടതികൾ സ്ഥാപിക്കണം. കെട്ടിക്കിടക്കുന്ന കേസുകളും പുതിയ കേസുകളും തുടര്ച്ചയായി വാദം കേട്ട് ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണം.

8. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ദുരഭിമാന കൊലപാതകങ്ങൾ നടന്ന പ്രദേശങ്ങൾ ഏതൊക്കെയെന്നു സംസ്ഥാന സർക്കാരുകൾ കണ്ടെത്തണം.

9. വ്യത്യസ്ത ജാതികളിലും മതത്തിലുമുള്ളവരുടെ വിവാഹത്തെപ്പറ്റി വിവരം ലഭിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടെങ്കിൽ ജാഗ്രത പാലിക്കണം.

10. ഖാപ്പ് പഞ്ചായത്തുകൾ ചേരാൻ നീക്കമുണ്ടായാൽ നിയമപരമായ അനുമതി ഇല്ലെന്ന് പങ്കെടുക്കുന്നവരെ അറിയിക്കണം. ദമ്പതിമാരെയോ കുടുംബത്തെയോ ആക്രമിക്കാൻ തീരുമാനമെടുത്താൽ ഖാപ്പ് പഞ്ചായത്തിൽ പങ്കെടുക്കുന്നവർക്ക് എതിരെ ക്രിമിനൽ കേസെടുക്കണം. ആവശ്യമെങ്കിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാം.

Next Story

Related Stories