Top

നാട്ടുകാരെ പ്രതിരോധിക്കാന്‍ മനുഷ്യ കവചം ഒരുക്കിയ സൈനികന്‍ അനാശാസ്യത്തിനെത്തിയത് മുസ്ലിമെന്ന വ്യാജേന

നാട്ടുകാരെ പ്രതിരോധിക്കാന്‍ മനുഷ്യ കവചം ഒരുക്കിയ സൈനികന്‍ അനാശാസ്യത്തിനെത്തിയത് മുസ്ലിമെന്ന വ്യാജേന
മുസ്ലിമാണെന്ന വ്യാജേനയാണ് വിവാദ സൈനികന്‍ മേജര്‍ ലീതുള്‍ ഗൊഗോയ് ശ്രീനഗറിലെ ഹോട്ടലിലേക്ക് പെണ്‍കുട്ടിയുമായി അനാശാസ്യത്തിനെത്തിയതെന്ന് പോലീസ്. സഹപ്രവര്‍ത്തകാനായ സമീര്‍ മല്ലയും ഗൊഗോയ്‌ക്കൊപ്പം ഹോട്ടലില്‍ എത്തിയിരുന്നുവെന്നും അധികൃതര്‍ പിടികൂടിയപ്പോള്‍ അവര്‍ വാക്കേറ്റം നടത്തിയെന്നും ശ്രീനഗറിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ ജമ്മു കാശ്മീര്‍ പോലീസ് പറഞ്ഞു.

ഫേസ്ബുക്കില്‍ ഉബൈദ് അര്‍മാന്‍ എന്നപേരില്‍ വ്യാജ അക്കൌണ്ട് ഉണ്ടാക്കി യുവാവാണെന്ന് തെറ്റിധരിപ്പിച്ചാണ് ഗോഗോയ് കാശ്മീരി പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. ഇതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകനും ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ ജസ്റ്റിസ് ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് (ഐഎഫ്‌ജെഎച്ച്ആര്‍) ചെയര്‍മാനുമായ മുഹമ്മദ് അഹ്‌സന്‍ സമര്‍പ്പിച്ച പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പെണ്‍കുട്ടിക്ക് തങ്ങളുടെ മൊബൈല്‍ നമ്പരുകള്‍ കൈമാറിയ ഗോഗോയിയും സമീറും നല്‍കിയ നിര്‍ദേശമനുസരിച്ച് കശ്മീരിലെ മഗം എന്ന സ്ഥലത്തു നിന്നാണ് ഒരു സ്വകാര്യ വാഹനത്തില്‍ കയറി മൂവരും ഹോട്ടലിലേക്ക് പുറപ്പെട്ടത്. ഇത് കണ്ട ഒരു ദൃസാക്ഷിയേയും പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് (സിആര്‍പിസി) 156 (3) വകുപ്പ് അനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം, പെണ്‍കുട്ടി മജിസ്‌ട്രേറ്റിനു മുമ്പാകെ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം അവള്‍ക്ക് 18 വയസ്സാണെന്ന സൂചനയുണ്ട്. തങ്ങള്‍ ഇരുവരും നേരത്തേയും പല തവണ നേരില്‍ കണ്ടിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ഉബൈദ് അര്‍മാന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് താനാണ് ആദ്യം ബന്ധപ്പെട്ടതെന്നും പിന്നീടാണ് അത് ഗൊഗോയിയുടെ വ്യാജ അക്കൗണ്ടാണെന്ന കാര്യം അറിഞ്ഞതെന്നും പെണ്‍കുട്ടി വ്യക്തമാക്കി. മേജര്‍ തന്നെയാണ് അദ്ദേഹം ആരാണെന്ന് വെളിപ്പെടുത്തിയതെന്നും അതിനു ശേഷം തങ്ങള്‍ സുഹൃത്തുക്കളായെന്നും പെണ്‍കുട്ടി പറഞ്ഞു.

ഹോട്ടലില്‍ കലഹം നടക്കുന്നുണ്ടെന്ന് ഖന്യാര്‍ പോലീസ് സ്റ്റേഷനിലേക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഭവസ്ഥലത്തെത്തുന്നത്. മേജര്‍ ഗോഗോയി നേരത്തേതന്നെ ഓണ്‍ലൈന്‍ വഴി ഹോട്ടലില്‍ ഒരു റൂം ബുക്ക് ചെയ്തിരുന്നുവെന്നും എന്നാല്‍ കൂടെ ഒരു കാശ്മീരി പെണ്‍കുട്ടിയെക്കൂടെ കണ്ടപ്പോള്‍ ഹോട്ടല്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചുവെന്നും പോലീസ് പറയുന്നു. തുടര്‍ന്ന് സമീര്‍ മല്ല മാനേജരുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ബഹളം കേട്ടാണ് ജനങ്ങള്‍ തടിച്ചുകൂടിയത്. പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും പട്ടാളക്കാരാണെന്ന് വ്യക്തമായത്.

2017 ഏപ്രിലില്‍ നാട്ടുകാരുടെ കല്ലേറിനെ പ്രതിരോധിക്കാന്‍ ബുദ്ഗാമിലെ ഖാന്‍സാഹിബ് സ്വദേശി ഫാറൂഖ് അഹ്മദ് ധര്‍ എന്ന യുവാവിനെ സേനാവാഹനത്തിന് മുന്നില്‍ കെട്ടിവച്ച് കൊണ്ടുപോകാന്‍ ഉത്തരവിട്ട ആളാണ് മേജര്‍ ലീതുള്‍ ഗോഗോയ്.

Next Story

Related Stories