ന്യൂസ് അപ്ഡേറ്റ്സ്

മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചു; ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷവും ക്ലാസ് നടക്കില്ല

പരിശോധനയില്‍ അധ്യാപകരുടെ കുറവ് അടക്കം പല പ്രശ്‌നങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്

ഇടുക്കി മെഡിക്കല്‍ കോളജിന് ഈ വര്‍ഷവും മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൗണ്‍സിലിന്റെ നടപടി. അതേസമയം ആശുപത്രിയില്‍ നടപ്പാക്കിയ കാര്യങ്ങള്‍ കൗണ്‍സിലിനെ ബോധ്യപ്പെടുത്തി അനുമതി വാങ്ങുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

ഈ അധ്യയന വര്‍ഷം മുതല്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ മെഡിക്കല്‍ കൗണ്‍സിലിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തി. പരിശോധനയ്ക്ക് മുമ്പ് മറ്റ് മെഡിക്കല്‍ കോളജുകളില്‍ നിന്ന് അധ്യാപകരെ ഇടുക്കിയിലേക്ക് മാറ്റിയിരുന്നെങ്കിലും പരിശോധനയില്‍ അധ്യാപകരുടെ കുറവ് അടക്കം പല പ്രശ്‌നങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്.

റസിഡന്റ് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കുറവ്, വാര്‍ഡുകളിലെ അപര്യാപ്തതകള്‍, കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് സൗകര്യമില്ലായ്മ, അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമായുള്ള ക്വാര്‍ട്ടേഴ്‌സിന്റെ അഭാവം, ആശുപത്രിയില്‍ കിടക്കകളുടെ എണ്ണം കുറവ്, ആവശ്യത്തിന് തീവ്രപരിചരണ വിഭാഗങ്ങളില്ല തുടങ്ങി പ്രശ്‌നങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അനുമതി നിഷേധിച്ച വിവരം സര്‍ക്കാരിനെ മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചു. സര്‍ക്കാര്‍ പ്രതിനിധിയ്ക്ക് വെള്ളിയാഴ്ച നേരില്‍ ഹാജരായി വിശദീകരണം നല്‍കാനുള്ള അവസരമുണ്ട്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഇടുക്കി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തിയത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെയായിരുന്നു ഇത്. രണ്ട് ബാച്ചുകളിലായി 100 കുട്ടികളേയും പ്രവേശിപ്പിച്ചു. എന്നാല്‍ പഠനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ സമരം തുടങ്ങി. ഇടതു സര്‍ക്കാര്‍ വന്നതോടെ വിദ്യാര്‍ഥികളെ മറ്റ് മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റി ഇടുക്കി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും ചെയ്തു.

read more:സത്യദീപത്തില്‍ റെയ്ഡ് നടന്നെന്ന വാര്‍ത്തയ്ക്ക് പിന്നിലാര്? കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരായ വ്യാജരേഖ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍