Top

വിനായകന് അവാര്‍ഡ് നല്‍കിയതിനാലാണ് പ്രമുഖ താരങ്ങള്‍ വിട്ടുനിന്നതെന്ന് മന്ത്രി ബാലന്‍: മറുപടിയുമായി ജോയ് മാത്യു

വിനായകന് അവാര്‍ഡ് നല്‍കിയതിനാലാണ് പ്രമുഖ താരങ്ങള്‍ വിട്ടുനിന്നതെന്ന് മന്ത്രി ബാലന്‍: മറുപടിയുമായി ജോയ് മാത്യു
സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ പ്രമുഖതാരങ്ങള്‍ പങ്കെടുക്കാതിരുന്നതിനെ വിമര്‍ശിച്ച് മന്ത്രി എ കെ ബാലന്‍. മന്ത്രിക്ക് അതേവേദിയില്‍ തന്നെ വിമര്‍ശനത്തിന് മറുപടി നല്‍കി നടനും സംവിധായകനുമായ ജോയ് മാത്യുവും. ഇന്നലെ പാലക്കാട് ചിറ്റൂരില്‍ കൈരളി, ശ്രീ തിയറ്റര്‍ സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. മികച്ച നടനുള്ള പുരസ്‌കാരം വിനാകന് നല്‍കിയതിനാലാണ് ചില പ്രമുഖ നടീനടന്മാര്‍ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു ബാലന്റെ പരാമര്‍ശം.

എന്നാല്‍ ചടങ്ങിന് ക്ഷണിക്കാത്തതുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്നും നടീനടന്മാര്‍ പങ്കെടുക്കാതിരുന്നതിനെക്കുറിച്ച് നടന്മാരായ പാര്‍ട്ടി എംപിയോടും എംഎല്‍എമാരോടും ചോദിക്കണമെന്നും ജോയ് മാത്യു പറഞ്ഞു. എന്നാല്‍ ജോയ് മാത്യുവിനെക്കുറിച്ച് അല്ല താന്‍ പറഞ്ഞതെന്നും അദ്ദേഹത്തെ ചടങ്ങിന് ക്ഷണിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. വിളിച്ചിട്ടും വരാതിരുന്ന പ്രമുഖ താരങ്ങളെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും മന്ത്രി പിന്നീട് വിശദീകരിച്ചു.

മുന്‍നിര താരങ്ങള്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാത്തതിനെ മുമ്പ് മുഖ്യമന്ത്രിയും വിമര്‍ശിച്ചിട്ടുണ്ട്. അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കേണ്ടത് അവാര്‍ഡ് ജേതാക്കള്‍ മാത്രമല്ല, അവാര്‍ഡ് ലഭിച്ചവരെ പ്രോത്സാഹിപ്പിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ക്ഷണിക്കാതെ തന്നെ ചലച്ചിത്ര ലോകത്ത് നിന്ന് എല്ലാവരുടെയും സാന്നിധ്യം ഇവിടെ ഉണ്ടാകേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories