TopTop

മുഖ്യമന്ത്രിക്കും കോടിയേരിക്കും സംഘപരിവാര്‍ മനസ്: മുല്ലപ്പള്ളി രാമചന്ദ്രന്‍

മുഖ്യമന്ത്രിക്കും കോടിയേരിക്കും സംഘപരിവാര്‍ മനസ്: മുല്ലപ്പള്ളി രാമചന്ദ്രന്‍
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംഘപരിവാര്‍ മനസാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഏറ്റവും വലിയ ഒറ്റകക്ഷിയായാലും കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാനാകില്ലെന്ന കോടിയേരിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് മുല്ലപ്പള്ളി അങ്ങനെ പറയുന്നത്. ജനമഹായാത്രയോട് അനുബന്ധിച്ച് കാസര്‍ഗോഡ് ഡിസിസിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

സിപിഎമ്മിന്റേത് അന്ധമായ കോണ്‍ഗ്രസ് വിരോധം വച്ചുപുലര്‍ത്തുന്നു. മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണം വീണ്ടും വരണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. കര്‍ണാടകയിലും ഗോവയിലും ബിജെപി നടത്തിയ കുതിരക്കച്ചവടത്തെ സിപിഎം അപലപിക്കാത്തത് അതിനാലാണ്. അതിന് വേണ്ടിയാണ് കോണ്‍ഗ്രസ് ത്യാഗങ്ങള്‍ സഹിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാര തുക നല്‍കണമെന്ന് സുപ്രിംകോടതി വിധിച്ചിട്ടും ഇതുവരെ പിണറായി സര്‍ക്കാര്‍ അതിന് തയ്യാറായിട്ടില്ല. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധി നടപ്പിലാക്കാന്‍ കാണിച്ച ശുഷ്‌കാന്തിയുടെ പിന്നിലെ ആത്മാര്‍ത്ഥത കേരള ജനത മനസിലാക്കുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൊല്‍ക്കത്തയില്‍ പ്രതിപക്ഷ ഐക്യറാലി സംഘടിപ്പിച്ച മമത ബാനര്‍ജി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം അപലപനീയമാണെന്നും മമത സര്‍ക്കാരിന് കെപിസിസിയുടെ എല്ലാ പിന്തുണയുമുണ്ടെന്നും മുല്ലപ്പള്ളി പറയുന്നു. ബംഗാളിലെ കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെതിരെ സിപിഎം എന്തുകൊണ്ട് അപലപിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

Next Story

Related Stories