Top

ദേശീയ പാതാ വികസനത്തില്‍ നിന്നും കേരളത്തെ ഒഴിവാക്കിയ നടപടി കേന്ദ്രം റദ്ദാക്കി

ദേശീയ പാതാ വികസനത്തില്‍ നിന്നും കേരളത്തെ ഒഴിവാക്കിയ നടപടി കേന്ദ്രം റദ്ദാക്കി
ദേശീയ പാതാ വികസനത്തില്‍ നിന്നും കേരളത്തെ ഒഴിവാക്കിയ നടപടി റദ്ദാക്കിയതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ആവശ്യ പ്രകാരമാണ് വിജ്ഞാപനം റദ്ദാക്കുന്നതെന്നും ഗഡ്കരി അറിയിച്ചു.

കേരളത്തോട് വിവേചനം കാണിക്കില്ലെന്ന് മന്ത്രി അറിയിച്ചു. കേരളത്തില്‍ സ്ഥലം ഏറ്റെടുക്കലാണ് വെല്ലുവിളിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയനോടും ഗഡ്കരി ഇക്കാര്യം അറിയിച്ചിരുന്നു.

ദേശീയ പാതാ വികസനത്തില്‍ നിന്നും കേരളത്തെ ഒഴിവാക്കിയ നടപടി ബിജെപി അധ്യക്ഷന്റെ ഇടപെടല്‍ മൂലമാണെന്നും അത് അദ്ദേഹത്തിന്റെ സാഡിസ്റ്റ് നിലപാട് മൂലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ എല്ലാകാലവും ഗതാഗത കുരുക്കില്‍പെട്ട് കഴിയട്ടെ എന്ന തോന്നലാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കത്തയച്ചത് വളരെ രഹസ്യമായിട്ടാണ്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെങ്കില്‍ അത് സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ തയ്യാറാകണമായിരുന്നു. അല്ലെങ്കില്‍ എന്തുകൊണ്ട് ദേശിയപാത വികസനം ആവശ്യമില്ലെന്ന കാര്യം പരസ്യമായി പറയാന്‍ ബിജെപി അധ്യക്ഷന്‍ തയ്യാറാകണമായിരുന്നു. അത് ചെയ്യാതെ രഹസ്യമായി കത്തയച്ച് ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവെപ്പിച്ചത് കേരളത്തിനെതിരായ നീക്കമാണ്. ബിജെപി സര്‍ക്കാര്‍ പിന്തുടരുന്ന സമീപനത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇതിനെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പാത വികസനത്തിന്റെ പേരില്‍ സെസ്സ് വഴി കേരളത്തില്‍ നിന്ന് പിരിച്ചെടുത്ത തുകയുണ്ട്. എന്നാല്‍ ഇതില്‍ എത്ര പണം കേരളത്തില്‍ ചെലവഴിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തോടുള്ള സമീപനത്തിന്റെ ഭാഗാമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണം.

Next Story

Related Stories