UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍

ഒരു വ്യക്തിയുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം മാത്രമല്ല, അഭിഭാഷകന്റെ കടമയെന്ന് മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാതെ മുഖ്യമന്ത്രി. കേരള ബാര്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഒരു പൊതുസമ്മേളനത്തില്‍ സംസാരിച്ചത്. നേരത്തെ ഒരു പത്രക്കുറിപ്പ് മാത്രമാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പുറത്തിറക്കിയത്. പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഈ കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ താഴെ:

കാര്‍ഷിക നിയമങ്ങളും ഭൂപരിഷ്‌കരണ നിയമങ്ങളും കൊണ്ടുവന്നപ്പോള്‍ അതിനെ എതിര്‍ത്തുകൊണ്ട് ഒട്ടേറെ ഹര്‍ജികളാണ് കോടതിയിലെത്തിയത്. അത്തരം ഹര്‍ജികളൊക്കെ ജന്മിത്വത്തിന്റെ താല്‍പര്യങ്ങളായിരുന്നു. കുടികിടപ്പുകാരന് സ്വന്തമായി ഒരുപിടി മണ്ണ് നിഷേധിക്കണമെന്ന താല്‍പര്യമായിരുന്നു. അത്തരം താല്‍പര്യങ്ങളുടെ പരിരക്ഷണത്തിനും നിയമങ്ങളില്‍ പഴുതുണ്ടാകണം. അത്തരം പഴുതുകളുണ്ടെന്നതുകൊണ്ടാണ് ചില നിയമങ്ങള്‍ ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ നിന്നും വ്യക്തമാകുന്നത് നിയമങ്ങള്‍ ദുരുപയോഗത്തിനുള്ള പഴുതുകള്‍ കൂടി ഉള്‍പ്പെട്ടതാവാം എന്നതാണ്. അത്തരം ദുരുപയോഗത്തിനുള്ള പഴുതുകള്‍ ഇല്ലാതാക്കാനുള്ള സാമൂഹ്യ ജാഗ്രത നീതിന്യായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നുണ്ടായാല്‍ നീതി സമീപകരുടെ സ്വീകാര്യത സമൂഹത്തില്‍ കൂടുതല്‍ വര്‍ധിക്കുകയേയുള്ളൂ.

ഒരു വ്യക്തിയുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം മാത്രമല്ല, അഭിഭാഷകന്റെ കടമ. അടിസ്ഥാന മൂല്യങ്ങളോടുള്ള പ്രതിബദ്ധത നിലനിര്‍ത്തി സാമൂഹിക പരിവര്‍ത്തനത്തിനുള്ള ഉപകരണമാക്കി മാറ്റുന്നതില്‍ മുഖ്യപങ്ക് വഹിക്കേണ്ടത് അഭിഭാഷകരാണ്. ഈ ബോധം അഭിഭാഷകവൃത്തിയില്‍പ്പെട്ട എല്ലാവരിലും ഉണ്ടായിരിക്കണം. അഭിഭാഷകവൃത്തിയെ നിയന്ത്രിക്കാന്‍ നയപരമായി ചുമതലപ്പെടുത്തിയ ബാര്‍ കൗണ്‍സില്‍ പോലുള്ള സംവിധാനങ്ങള്‍ക്കും ഇക്കാര്യത്തില്‍ നേതൃത്വപരമായ പങ്ക് വഹിക്കാനാകും. ഇത്തരമൊരു പങ്ക് വഹിക്കാനുള്ള പ്രാപ്തി അഭിഭാഷകര്‍ക്കും ഉണ്ടാകണമെങ്കില്‍ അവര്‍ കോടതി മുറികളില്‍ ഉപയോഗിക്കേണ്ട തന്ത്രങ്ങളും അടവുകളും മാത്രം വശമാക്കിയാല്‍ പോര. നിലവിലുള്ള നിയമത്തിന്റെ ഉള്ളടക്കം വിമര്‍ശനാത്മകമായി പരിശോധിക്കുകയും സാമൂഹിക പരിവര്‍ത്തനത്തിനുള്ള ഉപകരണമായി നിയമത്തെ മാറ്റിയെടുക്കാനുള്ള നിരന്തരമായ ശ്രമത്തില്‍ സജീവമായ പങ്കാളികളാകുകയും വേണ്ടതായിട്ടുണ്ട്. നിയമവുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യത്തിനുപരി നിയമവ്യവസ്ഥയുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസിലാക്കാനും അവ പരിഹരിക്കാനും ശക്തമായ വൈജ്ഞാനിക അടിത്തറ ആവശ്യമാണ്. ഈ വീക്ഷണം ഉള്‍ക്കൊണ്ട് നിയമവിദ്യാഭ്യാസത്തില്‍ ആവശ്യമായ പരിഷ്‌കാരം വരുത്തുക എന്നതാണ് ഇതിനുള്ള പരിഹാരമാര്‍ഗ്ഗം.

അതുപോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ് അഭിഭാഷകരുടെ തുടര്‍ വിദ്യാഭ്യാസം. കേരള ബാര്‍ കൗണ്‍സില്‍ ഇതിന്റെ പ്രാധാന്യം മനസിലാക്കുകയും അഭിഭാഷകര്‍ക്ക് തുടര്‍ വിദ്യാഭ്യാസം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുവെന്നുള്ളത് സ്വാഗതാര്‍ഹമാണ്. അറ്റോണി ജനറല്‍ കെ കെ വേണുഗോപാലിന്റെ സഹായത്തോടെ തുടര്‍ പരിശീലന സ്ഥാപനത്തിന് രൂപം നല്‍കിയതിന് പുറമെ കേരള ബാര്‍കൗണ്‍സില്‍ നേരിട്ട് തുടര്‍ പരിശീലനങ്ങള്‍ക്ക് മുന്‍കൈയെടുക്കുകയും ചെയ്യുന്നത് പുതിയൊരു ദിശാബോധത്തിന്റെ പ്രതിഫലനമായാണ് കാണേണ്ടത്.

ആറ് ലക്ഷത്തിലേറെ അഭിഭാഷകര്‍ അടങ്ങുന്ന ഇന്ത്യയിലെ അഭിഭാഷക സമൂഹം എണ്ണത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്താണ്. സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെയും ആഗോള വല്‍ക്കരണത്തിന്റെയും ഫലമായി നിയമങ്ങള്‍ക്കും നിയമപ്രശ്‌നങ്ങള്‍ക്കും കുറെക്കൂടി അന്താരാഷ്ട്ര സ്വഭാവം കൈവന്നിരിക്കുന്നു. ഇതിനനുസൃതമായി അഭിഭാഷകവൃത്തിയിലും കാര്യമായ മാറ്റങ്ങള്‍ കൈവന്നിരിക്കുന്നു. ഇതിനനുസൃതമായി അഭിഭാഷകവൃത്തിയിലും സാരമായ മാറ്റങ്ങള്‍ കൈവന്നിരിക്കുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു മാറ്റം കമ്പോളാധിഷ്ടിതമായ ഒരു മാറ്റത്തിന്റെ സ്വാധീനമാണ്. കോര്‍പ്പറേറ്റുകള്‍ വന്‍തോതില്‍ നിയമങ്ങള്‍ക്ക് അനുകൂലമായി വളച്ചൊടിക്കാനും അഭിഭാഷകരെ തങ്ങളുടെ സേവകരാക്കി കൂടെ നിര്‍ത്താനുമുള്ള നിരന്തരമായ പരിശ്രമങ്ങള്‍ നടത്തുകയും അതില്‍ വലിയൊരു അളവില്‍ വിജയം കൈവരിക്കുകയും ചെയ്തിരുന്നു. ഈയൊരു സാഹചര്യത്തില്‍ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് നീതി ഉറപ്പാക്കാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും തങ്ങള്‍ക്ക് എത്രത്തോളം കഴിയുന്നുവെന്ന് അഭിഭാഷക സമൂഹം വിലയിരുത്തേണ്ടതുണ്ട്. അതിനായി തങ്ങളുടേതായ അധികാരപരിധിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ നമ്മുടെ സംസ്ഥാനം നിലനില്‍ക്കുകയും അതിജീവിക്കുകയും ചെയ്യുകയുള്ളൂ.

ആലപ്പാട് കരിമണല്‍ ഖനനത്തിന് പാരിസ്ഥിതിക അനുമതിയില്ല; രേഖകള്‍ പുറത്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍