UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അച്ഛന്‍ മരിച്ചാല്‍ മകന് സ്ഥാനം നല്‍കുമോ? പ്രസ്താവന തിരുത്തി പിജെ ജോസഫ്

മാണി ചോരയും നീരും കൊടുത്ത് വളര്‍ത്തിയ പാര്‍ട്ടിയുടെ ലെഗസി ഇല്ലാതാക്കാന്‍ സമ്മതിക്കില്ല എന്നാണ് താന്‍ പറഞ്ഞതെന്നും ഈ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും ജോസഫ്

അച്ഛന്‍ മരിച്ചാല്‍ മകന് സ്ഥാനം നല്‍കുമോയെന്ന തന്റെ മുന്‍ പ്രസ്താവന തിരുത്തി പി ജെ ജോസഫ്. ശിഹാബ് തങ്ങള്‍ മരിച്ചപ്പോള്‍ മകന് അല്ല സ്ഥാനം കൊടുത്തതെന്ന തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ജോസഫ് ആരോപിക്കുന്നു. അച്ഛന്‍ മരിച്ചാല്‍ മകനെ ചെയര്‍മാനാക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്ന് ജോസഫ് പറഞ്ഞതായാണ് റിപ്പോര്‍ട്ട് ചെയ്തത്.

മാണി ചോരയും നീരും കൊടുത്ത് വളര്‍ത്തിയ പാര്‍ട്ടിയുടെ ലെഗസി ഇല്ലാതാക്കാന്‍ സമ്മതിക്കില്ല എന്നാണ് താന്‍ പറഞ്ഞതെന്നും ഈ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും ജോസഫ് തൊടുപുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങളൊന്നും മാധ്യമങ്ങള്‍ കൊടുത്തില്ലെന്നും ജോസഫ് പറയുന്നു. ജോസ് കെ മാണിയെ അധിക്ഷേപിക്കുന്ന രീതിയില്‍ താന്‍ സംസാരിച്ചിട്ടില്ല. തന്റെ പേരില്‍ മാധ്യമങ്ങളില്‍ വന്ന പ്രസ്താവനകള്‍ കെ എം മാണിയുടെ കുടുംബത്തെ വേദനിപ്പിക്കുന്നതാണെന്നും ജോസഫ് പറഞ്ഞു.

അതേസമയം മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് സി എഫ് തോമസ് അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണ് ജോസഫ് മുന്‍ പ്രസ്താവന തിരുത്തിയതെന്നും അറിയുന്നുണ്ട്. ഇതിനിടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗമോ, ഹൈപവര്‍ കമ്മിറ്റിയോ വിളിച്ചു ചേര്‍ക്കാന്‍ തയ്യാറാണെന്ന് ജോസഫ് അറിയിച്ചിട്ടുണ്ട്. ഇതില്‍ സമവായമില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റി വിളിക്കും. യോഗത്തില്‍ ജോസ് കെ മാണി വിഭാഗം പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ജോസഫ് പറയുന്നു.

ഇന്നലെ രാത്രി കോട്ടയത്ത് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെ അനൗദ്യോഗിക യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ യോഗത്തില്‍ നിന്നും ജോസ് കെ മാണി വിഭാഗം വിട്ട് നിന്നു.

read more:‘ഒക്കെ ജോയ് എബ്രഹാമിന്റെ കുടിലബുദ്ധി’; എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന അവസ്ഥയില്‍ കേരള കോണ്‍ഗ്രസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍