ന്യൂസ് അപ്ഡേറ്റ്സ്

ആദ്യം നിങ്ങളെങ്ങനെയാണ് വിശ്വാസിയാകുന്നതെന്ന് പറയൂ; രഹന ഫാത്തിമ ചോദിക്കുന്നു

അവര്‍ കുട്ടികളെ ഉപയോഗിച്ചാണ് വിലപേശിയത്. അവരുടെ ജീവന് എന്തെങ്കിലും പറ്റണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.

ശബരിമല സന്നിധാനത്ത് പ്രവേശിക്കുന്നതില്‍ നിന്നും പിന്‍വാങ്ങിയത് അവിടെ കൂടിയിരുന്ന കുട്ടികളെ ഓര്‍ത്താണെന്നാണ് രഹന ഫാത്തിമ. തെലങ്കാനയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയായ കവിത ജക്കാലയ്‌ക്കൊപ്പം കനത്ത സുരക്ഷയില്‍ ശബരിമല സന്നിധാനത്തെത്താന്‍ ശ്രമിച്ച് തിരികെ പമ്പയിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍. പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്താന്‍ സാധിച്ചില്ലെങ്കിലും കരിമല ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന സ്ഥലങ്ങള്‍ കടന്നാണ് രഹനയും കവിതയും വലിയ നടപ്പന്തലിലെത്തിയത്.

കനത്ത പോലീസ് വലയത്തിലാണ് ഇവരെ തിരികെ പമ്പയിലെത്തിച്ചത്. താന്‍ വിശ്വാസിയായതുകൊണ്ടാണ് അയ്യപ്പദര്‍ശനത്തിന് ശ്രമിച്ചതെന്നും എന്നാല്‍ അവിടുത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോകേണ്ടെന്ന് സ്വയം തീരുമാനിക്കുകയായിരുന്നെന്നും രഹന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പേടിപ്പെടുത്തുന്ന സാഹചര്യമാണ് അവിടെ നിലനില്‍ക്കുന്നത്. അവര്‍ കുട്ടികളെ ഉപയോഗിച്ചാണ് വിലപേശിയത്. അവരുടെ ജീവന് എന്തെങ്കിലും പറ്റണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇനി മുന്നോട്ട് പോകാനാകില്ലെന്ന് പോലീസും വ്യക്തമാക്കി.

അയ്യപ്പനെ കാണണമെന്ന് ആഗ്രഹിച്ചാണ് ഇരുമുടിക്കെട്ട് തലയിലേന്തിയത്. എന്നാല്‍ അതിന് അനുവദിച്ചില്ല. ഇത് ഇവിടെ ഉപേക്ഷിച്ച് പോകുകയാണ്. ഇനിയും വരാന്‍ ആഗ്രഹമുണ്ടെന്നും രഹന കൂട്ടിച്ചേര്‍ത്തു. അതേസമയം നിങ്ങള്‍ എങ്ങനെയാണ് വിശ്വാസിയാകുന്നതെന്ന ചോദ്യം അവിടെ വച്ച് ഉയര്‍ന്നു. ‘നിങ്ങള്‍ എങ്ങനെയാണ് വിശ്വാസിയാകുന്നതെന്ന് ആദ്യം പറയൂ. അങ്ങനെയെങ്കില്‍ ഞാനെങ്ങനെയാണ് വിശ്വാസിയാകുന്നതെന്ന് വ്യക്തമാക്കാം’ എന്നായിരുന്നു രഹനയുടെ മറുപടി.

രഹനയുടെ പനമ്പള്ളി നഗറിലെ വീടിന് നേരെ ഇന്ന് ആക്രമണമുണ്ടായിരുന്നു. വീടിന്റെ ചില്ലുകള്‍ തല്ലിത്തകര്‍ക്കുകയും വീട്ടിനകത്തെ സാധനങ്ങള്‍ ഒരു സംഘം ആക്രമികള്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ തന്റെയും കുടുംബാംഗങ്ങളുടെയും ജീവനിലും സ്വത്തിലും ഭയമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വീട് വരെ കനത്ത സുരക്ഷ നല്‍കാമെന്ന് പോലീസ് ഉറപ്പുനല്‍കിയതിനാലാണ് മലയിറങ്ങുന്നതെന്ന് രഹന വ്യക്തമാക്കി.

PROFILE: ശബരിമലയില്‍ നിന്ന് തിരിച്ചു പോരേണ്ടി വന്ന രഹന ഫാത്തിമ ആരാണ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍