TopTop

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി കെ ശിവദാസ് അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി കെ ശിവദാസ് അന്തരിച്ചു
മുന്‍പത്രപ്രവര്‍ത്തകനും സാമൂഹികചിന്തകനും സാംസ്‌കാരികപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി.കെ. ശിവദാസ് (ശിവദാസ് പുതിയകോവിലകം) അന്തരിച്ചു. കരള്‍ സംബന്ധമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു.

ജനാധിപത്യ-മതനിരപേക്ഷ-ഇടതുപക്ഷപുരോഗമനപ്രസ്ഥാനത്തിനു ശിവദാസിന്റെ അഭാവം വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജനാവിഷ്‌കാര(janaavishkaara.in)യുടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. ഒറ്റപ്പാലം താലൂക്കിലെ മടങ്ങര്‍ളി മനയ്ക്കല്‍ വിഷ്ണു നമ്പൂതിരിയുടെയും കോഴിക്കോട് സാമൂതിരി കോവിലകം തിരുവണ്ണൂര്‍ ശാഖയിലെ ശ്രീദേവിത്തമ്പുരാട്ടിയുടെയും മകനായി 1960 മാര്‍ച്ച് 16 ന് കോഴിക്കോട്ട് ജനിച്ചു. കോഴിക്കോട് സെയ്ന്റ് ജോസഫ്സ് ബോയ്സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, പട്ടാമ്പി ഗവ. സംസ്‌കൃത കോളേജ്, ഒറ്റപ്പാലം എന്‍ എസ് എസ് കോളേജ്, ബറോഡ എം എസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി ഔപചാരിക വിദ്യാഭ്യാസം.

25 വയസ്സുമുതല്‍ 15 വര്‍ഷത്തോളം ഫ്രീപ്രസ് ജേര്‍ണല്‍ (മുംബൈ), ടൈംസ് ഒഫ് ഡെക്കാന്‍ (ബാംഗ്ലൂര്‍), ന്യൂസ് ടുഡെ (ചെന്നൈ), ഇന്ത്യന്‍ കമ്യൂണിക്കേറ്റര്‍ (കൊച്ചി), ഇന്ത്യന്‍ എക്സ്പ്രസ് (അഹമ്മദാബാദ്, ബറോഡ, ചണ്ഡിഗഢ്), ചിന്ത പബ്ലിഷേഴ്സ് (തിരുവനന്തപുരം), കേരളശാസ്ത്രസാഹിത്യപരിഷത്ത് (തിരുവനന്തപുരം), പുസ്തകപ്രസാധകസംഘം (മാങ്ങാനം) എന്നീ സ്ഥാപനങ്ങള്‍ക്കുവേണ്ടി പത്രപ്രവര്‍ത്തകന്‍, വിവര്‍ത്തകന്‍, രേഖാചിത്രകാരന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. ആര്‍തര്‍ സി ക്ലര്‍ക്, ഐസക് എസിമോവ്, റിച്ചാര്‍ഡ് ബ്ലോഹ് തുടങ്ങിയ പ്രഗത്ഭരുടെ ശാസ്ത്രകഥകളുടെ വിവര്‍ത്തനം, ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം (മൂന്നാം വാല്യം) ഇംഗ്ലീഷ് വിവര്‍ത്തനം, വൈശാഖന്റെ ബൊമ്മിഡിപ്പുണ്ടിയിലെ പാലം എന്ന ചെറുനോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം, ഡി ഡി കൊസാംബിയുടെ Exasperating Essays, റെനെ ദ്യൂബോ, ബാര്‍ബറാ വാര്‍ഡ് എന്നിവരുടെ Only One Earth, ഗോര്‍ഡന്‍ ചൈല്‍ഡിന്റെ What happened in Htsiory, പൗലോ ഫ്രയറിന്റെ Pedagogy of the Oppressed, റൊമില ഥാപ്പറുടെ Htsiory of Ancient India, ബിപന്‍ ചന്ദ്രയുടെ India's Srtuggle for Independence തുടങ്ങി എറിക് ഹോബ്സ്ബോമിന്റെ How to Change the World, രാമചന്ദ്രഗുഹയുടെ India After Gandhi, Makers of Modern India എന്നിവ വരെ നിരവധി മഹദ്ഗ്രന്ഥങ്ങളുടെ മലയാള വിവര്‍ത്തനം, ഡോ. എം പി പരമേശ്വരന്റെ പ്രപഞ്ചരേഖ എന്ന വിജ്ഞാനഗ്രന്ഥത്തിലെ ചിത്രീകരണം എന്നിവയൊക്കെ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.

ഇതിനുപുറമെ ദൂരദര്‍ശന്‍, സി ഡിറ്റ് എന്നിവയ്ക്കുവേണ്ടി വാര്‍ത്താചിത്രങ്ങള്‍ക്ക് ഗവേഷണവും തിരക്കഥാരചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. മലയാളത്തിലെ തന്നെ ആദ്യത്തെ ഈ റിവേഴ്സ് ഡിക്ഷണറി തയ്യാറാക്കിയത് പി കെ ശിവദാസ് ആണ്. രമയാണ് ഭാര്യ, മക്കള്‍: അനുരാധ, ജയദേവന്‍(അപ്പു), ഐശ്വര്യ, അനശ്വര(അഴിമുഖം കോളമിസ്റ്റ്). നാളെ രാവിലെ 10.30ന് ചാലക്കുടി വൈദ്യുതി ശ്മശാനത്തിലാണ് അന്ത്യകര്‍മ്മങ്ങള്‍.

read more:വായ്പ തീർക്കാൻ വിഷു ബംബര്‍ പൂജയ്ക്ക് വെച്ച് ചന്ദ്രനും കൃഷ്ണമ്മയും, ലേഖ എതിര്‍ത്തു; ജപ്തി ഭീഷണിയും മന്ത്രവാദവും നെയ്യാറ്റിന്‍കരയില്‍ രണ്ടു ജീവനെടുത്തത് ഇങ്ങനെയാണ്

Next Story

Related Stories