TopTop

യൂണിവേഴ്‌സിറ്റി കോളേജ് ഇടിച്ചുനിരത്തണമെന്ന് പറഞ്ഞ മുരളീധരന് മറുപടിയുമായി എസ്എഫ്‌ഐ

യൂണിവേഴ്‌സിറ്റി കോളേജ് ഇടിച്ചുനിരത്തണമെന്ന് പറഞ്ഞ മുരളീധരന് മറുപടിയുമായി എസ്എഫ്‌ഐ
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഒന്നുകില്‍ ഇടിച്ചു നിരത്തുകയോ അല്ലെങ്കില്‍ മ്യൂസിയമോ ആക്കണമെന്ന കെ മുരളീധരന് മറുപടിയുമായി എസ്എഫ്‌ഐ. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ മറുപടി. യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ നേടിയ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തുന്ന കത്തില്‍ യൂണിവേഴ്‌സിറ്റി കോളേജിനെയും അതുവഴി എസ്എഫ്‌ഐയെയും തകര്‍ക്കാനാണ് വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധം നടത്തുന്നതിനിടെയാണ് മുരളീധരന്‍ കോളേജ് ഇടിച്ചു നിരത്തണമെന്ന് ആവശ്യപ്പെട്ടത്. എസ്എഫ്‌ഐയുടെ കത്തിന്റെ പൂര്‍ണരൂപം താഴെ.

ഉറച്ചനിലപാടുകളുമായി.....
തല ഉയര്‍ത്തി തന്നെ നില്‍ക്കും...
എസ്.എഫ്.ഐ യോടൊപ്പം.....
യൂണിവേഴ്‌സിറ്റി കോളേജ്.....

കഴിഞ്ഞ കുറച്ചു കാലമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിനെയും അതുവഴി എസ് എഫ് ഐ യും തകര്‍ക്കുന്നതിനുള്ള വലിയ പരിശ്രമങ്ങള്‍ നടക്കുന്നു.

വലത്പക്ഷ മാധ്യമങ്ങള്‍ സത്യങ്ങള്‍ മറച്ച് വെച്ച് കള്ള പ്രചാരങ്ങള്‍ നടത്തുകയാണ്.

അധികാര വര്‍ഗ്ഗത്തിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ ചരിത്രത്തിന്റെ ഭാഗമായ നിരവധി വിദ്യാര്‍ഥിസമരങ്ങള്‍ നടന്ന കലാലയമാണ് യൂണിവേഴ്‌സിറ്റി കോളേജ്. ലോകമറിയപ്പെടുന്ന വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സംഭാവന ചെയ്ത കലാലയം കൂടിയാണ്.

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് ദേശീയാടിസ്ഥാനത്തില്‍ മികച്ച 100 കോളേജുകളുടെ പട്ടിക തയ്യാറാക്കിയതില്‍ യൂണിവേഴ്‌സിറ്റി കോളേജ് 18-ാമതും കേരളത്തില്‍ ഒന്നാമതുമാണ്. വിദ്യാര്‍ത്ഥി സംഘടനകളെ നിരോധിച്ച സ്വകാര്യ മാനേജ്‌മെന്റ് കോളേജുകളൊക്കെ ഈ കലാലയത്തിന് എത്രയോ പിന്നിലാണ്.

റാങ്കിങ്ങിനായുള്ള മാനദണ്ഡങ്ങളില്‍ പിഎച്ച്.ഡി, എം.ഫില്‍ കോഴ്‌സുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൂടി കണക്കിലെടുത്തിരുന്നുവെങ്കില്‍ റാങ്കിങ്ങില്‍ വീണ്ടും മുന്നിലെത്തുമായിരുന്നു.

23 വകുപ്പുകളില്‍ ബിരുദ, ബിരുദാനന്തര വിഭാഗങ്ങളിലായി ഏകദേശം മൂവായിരത്തിലധികം കുട്ടികള്‍ പഠിക്കുന്നു. ഭൂരിഭാഗവും പെണ്‍കുട്ടികള്‍ പഠിക്കുന്ന ഇവിടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിദേശത്തുനിന്നുള്ളവരും വിദ്യാര്‍ഥികളായുണ്ട്. സര്‍വകലാശാല പരീക്ഷകളിലും മറ്റ് മത്സര പരീക്ഷകളിലുമൊക്കെ മുന്‍നിരയില്‍ നില്‍ക്കുന്ന കലാലയം അവസാന വര്‍ഷ പരീക്ഷ ഫലം വന്നപ്പോള്‍ നേടിയത് 80 ല്‍ അധികം റാങ്കുകളാണ്. മൊത്തം വിദ്യാര്‍ഥികളില്‍ പകുതിയലധികം പേര്‍ക്കും വിവിധ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നുണ്ടെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് വ്യക്തമാക്കുന്നു. 2016-17 അക്കാദമിക വര്‍ഷത്തില്‍ ബിരുദതലത്തിലുള്ള 1242 വിദ്യാര്‍ഥികള്‍ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹരായിരുന്നു. ബിരുദാനന്തര ബിരുദ തലത്തിലാകട്ടെ 214 പേരും ഇത്തരത്തില്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹരാവുകയും ചെയ്തു. പ്ലേസ്‌മെന്റുകളുടെ കാര്യത്തിലും യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് വലിയ മുന്നേറ്റമാണ് നടത്തുന്നത്. ബിരുദതലത്തിലുള്ള 128 വിദ്യാര്‍ഥികള്‍ക്കാണ് 2016-17 വര്‍ഷത്തില്‍ വിവിധ കമ്പനികളിലായി പ്ലേസ്‌മെന്റ് ലഭിച്ചത്. 1.78 ലക്ഷം ശരാശരി ശമ്പളത്തിലാണ് ഇവര്‍ ജോലിയില്‍ പ്രവേശിച്ചത്. ബിരുദാനന്തര ബിരുദതലത്തില്‍ നിന്ന് 214 വിദ്യാര്‍ഥികള്‍ക്കും കാമ്പസ് സെലക്ഷന്‍ ലഭിക്കുകയുണ്ടായി. 2.62 ലക്ഷം രൂപയാണ് ഇവരുടെ ശരാശരി ശമ്പളമെന്ന് എന്‍.ഐ.ആര്‍.എഫ്. ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കേരള സര്‍വ്വകലാശാലയുടെ യുവജനോത്സവത്തില്‍ രണ്ടാം സ്ഥാനം നേടുന്നു. സര്‍ഗ്ഗാത്മകമായ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് നടത്തുന്നു.കേരളത്തിലെ ഏറ്റവും മികച്ച ക്യാമ്പസ് മാഗസീനുകള്‍ ഇറങ്ങുന്നതും ഇവിടെ നിന്നാണ്. ഇനിയുമുണ്ട് നേട്ടങ്ങളുടെ പട്ടിക. അതായത് ഏത് മാനദണ്ഡം വെച്ച് അളന്നാലും മികച്ച് നില്‍ക്കുക യൂണിവേഴ്‌സിറ്റി കോളേജ് തന്നെ. സമൂഹത്തിലെ എല്ലാ മാറ്റങ്ങളോടും കലഹിച്ചിട്ടുള്ള പാരമ്പര്യം.പ്രതിരോധം തീര്‍ക്കേണ്ടയിടത്ത് പടച്ചട്ട അണിഞ്ഞവര്‍. തെറ്റിനോട് വിരല്‍ ചൂണ്ടിയവര്‍.ചുവപ്പിനെ പ്രണയിച്ചവര്‍......

നിങ്ങള്‍ എത്ര കള്ളങ്ങള്‍ വര്‍ഷിച്ചാലും തകര്‍ക്കാന്‍ ശ്രമിച്ചാലും പതറാതെ നില്‍ക്കും...... പൊരുതിക്കയറും..... യൂണിവേഴ്‌സിറ്റി കോളേജ് എസ് എഫ് ഐ യുടെ കൂടെ .... നിലപാടുകളുടെ കൂടെ...read more:കേരളം ഇന്ന് പൂരങ്ങളുടെ പൂരം കാണാന്‍ തൃശൂരിലേക്ക്; പൂരക്കമ്പക്കാര്‍, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പാപ്പാന്‍, ആന പ്രേമികള്‍- ഇവര്‍ക്ക് പറയാനുള്ളത്

Next Story

Related Stories