UPDATES

ട്രെന്‍ഡിങ്ങ്

തെരഞ്ഞെടുപ്പ് കാലത്ത് നവോത്ഥാനം വിഷയമാക്കാതിരുന്നത് ഒളിച്ചോടിയെന്ന പ്രതീതിയുണ്ടാക്കി: സിപിഎം സംസ്ഥാന സമിതി

ശക്തികേന്ദ്രങ്ങളിലെ തോല്‍വി അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിരിക്കുകയാണ്

കാസറഗോഡ്, പാലക്കാട്, ആറ്റിങ്ങള്‍ മണ്ഡലങ്ങളിലെ കോല്‍വി അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സമിതി. ശബരമലയും നവോത്ഥാനവും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാതിരുന്നതും ദോഷം ചെയ്‌തെന്നും സിപിഎം സംസ്ഥാന സമിതിയില്‍ ഇന്ന് കുറ്റപ്പെടുത്തലുണ്ടായി. പ്രചരണ സമയത്ത് ഈ വിഷയങ്ങളില്‍ നിശബ്ദത പാലിച്ചത് ഒളിച്ചോടിയെന്ന പ്രതീതിയാണ് ഉണ്ടാക്കിയത്.

തെരഞ്ഞെടുപ്പില്‍ ഇടതുവോട്ട് ബിജെപിയിലേക്ക് വരെ ചോര്‍ന്നെന്നാണ് ഇന്നലെ യോഗം അഭിപ്രായപ്പെട്ടത്. എന്നാല്‍ ശക്തികേന്ദ്രങ്ങളിലെ തോല്‍വി അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. ശബരി മല വിധി നടപ്പാക്കിയതില്‍ ജാഗ്രതക്കുറവുണ്ടായതായും സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. ഇക്കാര്യം ബിജെപി മുതലെടുത്തു, ബിജെപിയുടെ വളര്‍ച്ച ഗുരുതരമായി കാണണമെന്നും സമിതി വിലയിരുത്തി.

അതേസമയം, വിധി നടപ്പാക്കിയതില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്ന് വിലയിരുത്തുമ്പോഴും ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാട് മാറ്റേണ്ടതിലില്ലെന്നും സമിതിയില്‍ അഭിപ്രായം ഉയര്‍ന്നു. ഇനി നിലപാട് മാറ്റിയാല്‍ സംഘടനാ തലത്തില്‍ തിരിച്ചടി ഉണ്ടാവുമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ പാര്‍ട്ടിയുടെ അടിത്തട്ടില്‍ നിലപാട് വ്യക്തമാക്കണെമന്നും സമിതിയില്‍ അഭിപ്രായം ഉയര്‍ന്നു.

അതേസമയം, തെരഞ്ഞെടുപ്പിലെ തിരിച്ചടി സംബന്ധിച്ച സിപിഎമ്മിന്റെ റിപ്പോര്‍ട്ടില്‍ ശബരിമലയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ശബരിമല വിഷയത്തെ കാര്യമായി പരാമര്‍ശിക്കാതെ കടന്ന് പോവുയത്. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കോടിയേരി ഇന്ന് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചത്.

വിശ്വാസികളില്‍ ഒരു വിഭാഗത്തിന്റെ നിലപാട് തിരിച്ചടിയായി എന്നാണ് റിപ്പോര്‍ട്ടിലെ നിലപാടെന്നാണ് വാര്‍ത്തകള്‍. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ യുഡിഎഫ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് കഴിഞ്ഞുവെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ന്യൂനപക്ഷ ഏകീകരണം സംഭവിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ മെയ് 27ന് തിരിച്ചടി സംബന്ധിച്ച പ്രാഥമിക വിലയിരുത്തല്‍ നടത്തി സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവന ആവര്‍ത്തിക്കുന്ന തരത്തിലാണ് റിപ്പോര്‍ട്ട്.

ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടുകള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. എന്നാല്‍ ഇതിന് വിരുദ്ധമായിരുന്നു മറ്റ് നേതാക്കളുടെ പരാമര്‍ശങ്ങള്‍. പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെയാണ് വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് രംഗത്തെത്തിയത്. അതിനിടെ പാലക്കാട്ടെ അപ്രതീക്ഷിത പരാജയം സംബന്ധിച്ച് ചില പരാതികളും സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. അതിനാല്‍ പാലക്കാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ തിരിച്ചടിയില്‍ വിശദമായ ചര്‍ച്ചയാണ് സംസ്ഥാന സമിതിയില്‍ നടക്കുന്നത്. പാലക്കാട്ടെ പരാജയം സംബന്ധിച്ച് അന്വേഷണ കമ്മീഷനെ നിയോഗിക്കാനും സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് തിരിച്ചടി സംബന്ധിച്ച വിശദമായ ചര്‍ച്ച നാളെയും സംസ്ഥാന സമിതിയില്‍ തുടരും. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്ആര്‍പി, എംഎ ബേബി, പ്രകാശ് കാരാട്ട് എന്നിവരും സംസ്ഥാന സമിതിയില്‍ പങ്കെടുക്കുന്നുണ്ട്.

read more:വെള്ളമില്ല, വീടുകള്‍ വിണ്ടുകീറുന്നു, ഗുണ്ടാഭീഷണി; ഒടുവില്‍ ക്വാറിക്കെതിരെ സമരം ചെയ്ത മുണ്ടത്തടം കോളനിയിലെ ദളിതരെയും ആദിവാസികളെയും തല്ലിച്ചതച്ച് പോലീസും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍