വരാപ്പുഴ ദേവസ്വം പാടത്ത് സിപിഎം അനുഭാവിയായ വാസുദേവന്റെ മരണത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. അതേസമയം കേസിലെ കുറ്റപത്രം സമര്‍പ്പിക്കാതെ ഒളിച്ചുകളിക്കുകയാണ് പോലീസ്. ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെയുള്ളവര്‍ പ്രതിസ്ഥാനത്ത് വന്ന കേസിലെയാണ് കുറ്റപത്രം സമര്‍പ്പിക്കാത്തത്.
ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ആലുവ റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജ്ജ് ഉള്‍പ്പെടെ 11 ഉദ്യോഗസ്ഥരെയാണ് കേസിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തത്. പിന്നീട് ഇവരെ തിരിച്ചെടുക്കുകയും ചെയ്തു. അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതും നിരസിക്കപ്പെട്ടു. അന്വേഷണം നല്ലരീതിയില്‍ നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
കേസില്‍ ഉള്‍പ്പെട്ട വരാപ്പുഴ എസ്ഐ മാസങ്ങളോളം ജയിലില്‍ കിടന്നിരുന്നു. ശ്രീജിത്തിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുകയും ചെയ്തു. മരണം സംഭവിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തത് കടുത്ത അനാസ്ഥയാണെന്ന് ശ്രീജിത്തിന്റെ കുടുംബം പറയുന്നു. പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ചതെന്നും ഇവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ എത്ര ഉന്നതരായാലും സംരക്ഷിക്കില്ലെന്നും അന്വേഷണം ശരിയായ നിലയിലാണ് നടക്കുന്നതെന്നുമാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പറയുന്നത്.
വരാപ്പുഴ ദേവസ്വം പാടത്ത് രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് വാസുദേവന്‍ ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഏഴിന് മഫ്തിയിലെത്തിയ ആര്‍ടിഎഫ്(റൂറല്‍ ടൈഗര്‍ ഫോഴ്സ്) സംഘം ഉറങ്ങിക്കിടന്ന ശ്രീജിത്തിനെ പിടിച്ചുകൊണ്ട് പോകുകയായിരുന്നു. മര്‍ദ്ദനത്തിന് ഇരയായ ശ്രീജിത്ത് ദേഹാസ്വസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറ്റേന്ന് മരണം സംഭവിക്കുകയും ചെയ്തു. ആന്തരിക അവയവങ്ങള്‍ക്കേറ്റ പരിക്കാണ് മരണ കാരണമെന്ന് വിവിധ പരിശോധനകളില്‍ തെളിഞ്ഞിരുന്നു.