UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം അട്ടിമറിച്ചത് ജോസ് കെ മാണിയും നിഷയുമെന്ന് കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി അംഗം

വാസവനെ സഹായിക്കാന്‍ മാത്രമാണ് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും ആരോപണം

പി ജെ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം അട്ടിമറിച്ചത് ജോസ് കെ മാണിയും നിഷ ജോസ് കെ മാണിയും ചേര്‍ന്നാണെന്ന് കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി അംഗം വി സി ചാണ്ടി. പാര്‍ട്ടിക്കുള്ളില്‍ ഏകാധിപത്യ ഭരണമാണെന്നും ചാണ്ടി ആരോപിക്കുന്നു. കൂടാതെ വാസവനെ സഹായിക്കാന്‍ മാത്രമാണ് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും ചാണ്ടി പറയുന്നു.

പി ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിനെതിരെ കേരള കോണ്‍ഗ്രസില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നേരത്തെ ജോസ് കെ മാണിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവനുമായി രഹസ്യകരാര്‍ ഉണ്ടാക്കിയതായി പി സി ജോര്‍ജ്ജും പറഞ്ഞിരുന്നു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇരുവരും തമ്മില്‍ രഹസ്യ കച്ചവടമുണ്ടായിരുന്നു. ആ രഹസ്യകച്ചവടത്തില്‍ ജോസ് കെ മാണിക്ക് ലാഭം കിട്ടിയിട്ടുണ്ട്. ആ ലാഭത്തിന്റെ പ്രത്യുപകാരമാണ് സ്ഥിരമായി തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും ജോര്‍ജ്ജ് ആരോപിച്ചു.

പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് ആവശ്യപ്പെട്ടാല്‍ സീറ്റ് കൊടുക്കുകയെന്നത് മര്യാദയാണ്. ഈ മര്യാദയാണ് പാലിക്കപ്പെടാതെ പോയത്. എന്നിട്ട് സ്ഥിരം തോല്‍ക്കുന്ന ഒരാളെ പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുകയാണ്. ജോസഫിന് ഇനി രണ്ട് കാര്യങ്ങള്‍ ചെയ്യാം. രാഷ്ട്രീയം നിര്‍ത്തി പശുക്കറവയും കൃഷിയുമായി മുന്നോട്ട് പോകാം. അത് ജോസഫിന് ഇഷ്ടമുള്ള തൊഴിലാണ്. അല്ലെങ്കില്‍ ഈ അനീതിക്കെതിരെ യുദ്ധം ചെയ്യണം- ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോട്ടയത്ത് തോമസ് ചാഴിക്കാടനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. തീരുമാനത്തില്‍ പ്രതിഷേധമുണ്ടെന്ന് ജോസഫ് അറിയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍