TopTop

"ഇന്ത്യന്‍ സംസ്‌കാരം മതേതരത്വത്തിന്റെ പേരില്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തെല്ലാം?" സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിവാദ ചോദ്യം

"ഇന്ത്യന്‍ സംസ്‌കാരം മതേതരത്വത്തിന്റെ പേരില്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തെല്ലാം?" സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിവാദ ചോദ്യം
ഇന്ത്യന്‍ സാംസ്‌കാരം മതേതരത്തിന്റെ പേരില്‍ നേരിടുന്ന വെല്ലുവിളികളെന്തെല്ലാമാണെന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ചോദ്യം. മെയിന്‍ പരീക്ഷയില്‍ ഇന്ന് നടന്ന ആദ്യ പരീക്ഷയിലാണ് ഈ ചോദ്യമുള്ളത്. അഞ്ച് പരീക്ഷകളാണ് മെയിനില്‍ ഉള്ളത്. യുപിഎസ് സി പരീക്ഷയുടെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായിട്ടായിരിക്കും ഇത്തരത്തിലൊരു രാഷ്ട്രീയ ചോദ്യം ഉണ്ടാകുന്നതെന്ന് പരീക്ഷാര്‍ത്ഥികള്‍ പറയുന്നു.

ജനറല്‍ സ്റ്റഡീസ് പേപ്പര്‍ ഒന്നിലെ 20 ചോദ്യങ്ങളില്‍ പത്താമത്തെ ചോദ്യമായാണ് ഈ ചോദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'What are the challenges to our cultural practices in the name of secularism?' എന്നാണ് ഈ ചോദ്യം. 150 വാക്കുകളില്‍ ഉത്തരമെഴുതേണ്ട ഈ ചോദ്യത്തിന് പത്ത് മാര്‍ക്കാണ്. ചോദ്യ പേപ്പറിലെ ആദ്യ പത്ത് ചോദ്യങ്ങള്‍ക്ക് പത്ത് മാര്‍ക്ക് വീതവും പിന്നീടുള്ള പത്ത് ചോദ്യങ്ങള്‍ക്ക് 15 മാര്‍ക്ക് വീതവുമാണ്. ഈ ചോദ്യം ഭരണഘടനാ വിരുദ്ധമാണെന്ന അഭിപ്രായമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. അതേസമയം ചോദ്യത്തെ അഭിമുഖീകരിക്കുന്നവരുടെ ഔചിത്യം പോലെയിരിക്കും അതിനോടുള്ള സമീപനമെന്നും ഇത്തരം ചോദ്യങ്ങള്‍ ഉയരുന്നതില്‍ തെറ്റില്ലെന്നും വാദിക്കുന്ന ഒരു വിഭാഗവുമുണ്ട്.

ഇത് വ്യക്തമായും ഒരു നെഗറ്റീവ് ചോദ്യമാണെന്നാണ് മുന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ഐഎഎസ് അഴിമുഖത്തോട് പ്രതികരിച്ചത്. ഭരണഘടനയെ സന്തുലിതമായി കൊണ്ടുപോകുമ്പോള്‍ ഒരിക്കലും ഇത്തരമൊരു ചോദ്യം സിവില്‍ സര്‍വീസ് പരീക്ഷയില്‍ ചോദിക്കാന്‍ പാടില്ലായിരുന്നു. ഇത് തികച്ചും അപ്രതീക്ഷിതമാണെന്നും അദ്ദേഹം പ്രതികരിച്ചു. സമൂഹത്തിലെ ബുദ്ധിജീവികള്‍ ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ കാലത്ത് നമ്മുടെ മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന ചോദ്യമാണ് സാധരണയുണ്ടാകാറെന്ന് കവി കെ സച്ചിദാനന്ദന്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചു. ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ ഉറപ്പുനല്‍കിയിട്ടുള്ളതാണ് മതേതരത്വം. എന്നാല്‍ മതേതരത്വം നമ്മുടെ സംസ്‌കാരത്തിന് ഏതെല്ലാം വിധത്തില്‍ വെല്ലുവിളിയുയര്‍ത്തുന്നുവെന്ന ചോദ്യം തന്നെ നമ്മുടെ ഭരണഘടനയെയും മതേതര സംസ്‌കാരത്തെയും നേരിട്ട് ചോദ്യം ചെയ്യുന്നതാണ്. മതേതരത്വം അല്ല നമ്മുടെ സംസ്‌കാരമെന്നാണ് ആ ചോദ്യം നേരിട്ട് പറയാതെ പറയുന്നത്. നമ്മുടെ മതസാഹോദര്യത്തിന്റെ പാരമ്പര്യത്തെ പൂര്‍ണമായും തള്ളിക്കളയുന്നതാണ് ഈ ചോദ്യമെന്നും സച്ചിദാനന്ദന്‍ ആരോപിക്കുന്നു. എല്ലാക്കാലത്തും ഇവിടെ ധാരാളം മതങ്ങളുണ്ടായിരുന്നു. ഇവിടെയുണ്ടായിരുന്നവ കൂടാതെ വന്നു ചേര്‍ന്ന മതങ്ങളുണ്ട്. ഇവയെല്ലാം ചേര്‍ന്നുള്ള സാഹോദര്യമാണ് ഇന്ത്യന്‍ സമൂഹത്തെ നിര്‍മ്മിച്ചത്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രധാനപ്പെട്ട മുഖമുദ്രയും ഈ മതേതരത്വമാണ്. മുഗള്‍ കാലത്തെക്കുറിച്ചൊക്കെ പഠിച്ചിട്ടുള്ളവര്‍ പറയുന്നത് ഹിന്ദു-മുസ്ലിം സാഹോദര്യത്തെക്കുറിച്ചാണ്. മുഗള്‍ ഭരണത്തിന് കീഴില്‍ ഹിന്ദുക്കളായ ധാരാളം കലാകരന്മാരും മന്ത്രിമാരും എല്ലാം ഉണ്ടായിരുന്നു. കലാകാരന്മാര്‍ക്ക് ഏറ്റവുമധികം പ്രോത്സാഹനം ലഭിച്ചതും അക്കാലത്താണ്. നമ്മുടെ സംസ്‌കാരം വളരെയധികം മുന്നോട്ട് പോയിട്ടുള്ളതും സംസ്‌കാരത്തിന് സംഭാവന നല്‍കിയിട്ടുള്ളതുമെല്ലാം എല്ലാ മതങ്ങളും തമ്മിലുള്ള സൗഹൃദവും സംവാദവുമൊക്കെ പുലര്‍ന്നിരുന്ന കാലത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരത്തിലൊരു ചോദ്യം ഒരു കുബുദ്ധിക്ക് മാത്രമേ തോന്നുകയുള്ളൂ. സ്വതന്ത്രചിന്താഗതിയുള്ള ഒരു ഇന്ത്യന്‍ പൗരന് ഇത്തരത്തിലൊരു ചോദ്യം ചോദിക്കാന്‍ തോന്നുകയില്ല. ഇവിടെ മതവിദ്വേഷം പരത്തുന്നവരും വര്‍ഗ്ഗീയത പരത്തുന്നവരുമായ ആളുകളുള്ളതിനാല്‍ യഥാര്‍ത്ഥത്തില്‍ ഇവിടെ ചോദിക്കേണ്ട ചോദ്യം സെക്കുലറിസം നേരിടുന്ന വെല്ലുവിളികള്‍ എന്തെല്ലാമാണെന്നാണെന്നും അല്ലാതെ സെക്കുലറിസത്തിന്റെ പേരില്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തെല്ലാമെന്ന് അല്ലെന്നും അദ്ദേഹം പറയുന്നു. നമ്മുടെ ഭരണഘടനയുടെയും രാജ്യത്തിന്റെയും ആത്മാവിന് കളങ്കം വരുത്തുന്ന ചോദ്യമാണ് ഇത്. സംസ്‌കാരം എന്ന് പറയുന്നത് കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് ഒരുപക്ഷെ ഹിന്ദു സംസ്‌കാരമായിരിക്കും. ഇന്ത്യയുടെ സംസ്‌കാരം വൈവിധ്യം നിറഞ്ഞതാണെന്ന് അംഗീകരിക്കാനാകാത്ത ഒരു ഭരണകൂടമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഹിന്ദു സംസ്‌കാരമെന്ന് നേരിട്ട് പറയാന്‍ മടിയുള്ളതിനാല്‍ ഈ രീതിയില്‍ പറഞ്ഞുവയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

also read:വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്ത്, എറണാകുളത്ത് സെബാസ്റ്റിയന്‍ പോളിന്റെ മകന്‍; എല്‍ഡിഎഫിന്റെ സാധ്യതകളില്‍ ഇവരൊക്കെ

Next Story

Related Stories