Top

നാട്ടുകാരുമായി ബന്ധമില്ല, കൂടുതല്‍ സമയവും കാട്ടില്‍; പുല്‍പ്പള്ളിക്കൊലപാതകത്തിലെ പ്രതിയെക്കുറിച്ച് നാട്ടുകാര്‍

നാട്ടുകാരുമായി ബന്ധമില്ല, കൂടുതല്‍ സമയവും കാട്ടില്‍; പുല്‍പ്പള്ളിക്കൊലപാതകത്തിലെ പ്രതിയെക്കുറിച്ച് നാട്ടുകാര്‍
പുല്‍പ്പള്ളിയില്‍ നിതിന്‍ എന്ന യുവാവിന്റെ ജീവനെടുത്തത് തലമുറകള്‍ക്ക് മുന്‍പെ നിലനിന്ന അതിര്‍ത്തി തര്‍ക്കമെന്ന് നാട്ടുകാര്‍. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടുകൂടിയായിരുന്നു പുല്‍പ്പള്ളി കാപ്പിസെറ്റിലെ നിതിന്‍ അയല്‍ക്കാരനായ ചാര്‍ളിയുടെ വെടിയേറ്റ് മരിച്ചത്‌.

സംഭവത്തെ കുറിച്ച് വാര്‍ഡ് മെമ്പറായ റീജ പറയുന്നതിങ്ങനെയാണ്. തലമുറകള്‍ക്ക് മുന്‍പെ തുടങ്ങിയ അതിര്‍ത്തി പ്രശ്‌നമായിരുന്നു അയല്‍ക്കാരായ നിതിനെയും, ചാര്‍ളിയേയും ശത്രുക്കളാക്കിമാറ്റിയത്. രണ്ട് ദിവസം മുന്‍പ് നിതിന്റെ വല്ല്യച്ഛന്റെ മകളുടെ കല്ല്യാണമായിരുന്നു. അതുകൊണ്ടുതന്നെ സംഭവ ദിവസം ബന്ധുക്കളില്‍ പലരും നിതിന്റെ വീട്ടിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം സുഹൃത്തുക്കളെ കാണാനായി നിതിന്‍ പുറത്തേക്കിറങ്ങി. തിരിച്ചുവരുംവഴി ചാര്‍ളി മാദ്യപിച്ചെത്തി വഴക്കുണ്ടാക്കുകയായിരുന്നു. കണ്ടുനിന്ന ബന്ധുക്കളെത്തി ഇവരെ സമാധാനിപ്പിക്കുകയും, ചാര്‍ളിയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. നമ്മളില്‍ ഒരാള്‍ മാത്രമേ ജീവിച്ചിരിക്കുകയുള്ളുവെന്ന് ചാര്‍ളി നിതിനെ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ഈ വെല്ലുവിളി നിതിന്റെ മരണത്തിലേക്ക് നയിക്കുമെന്ന് ആരും കരുതിയില്ല.

പാതിരാത്രിയായപ്പോഴേക്കും ചാര്‍ളി വീണ്ടുമെത്തുകയും, നിതിനുനേരെ വെടിയുതിര്‍ക്കുകയുമാണ് ചെയ്തത്. മൈസൂര്‍ കാടിനോട് ചേര്‍ന്ന, ആനയിറങ്ങുന്ന പ്രദേശമായതിനാല്‍ ആനയെ ഓടിക്കാന്‍ പടക്കം പൊട്ടിച്ചതാവുമെന്നാണ് ആദ്യം ബന്ധുക്കള്‍ കരുതിയിരുന്നത്. നിതിന്‍ മറിഞ്ഞ് വീഴുന്നത് കണ്ട്‌ ചെന്ന ഭാര്യ ആതിര പടക്കം പൊട്ടിയത് കേട്ട് പേടിച്ച് ബോധംകെട്ട് വീഴുന്നോ എന്നാദ്യം കളിയാക്കുകയാണ് ചെയ്തത്. അപ്രതീക്ഷിതമായി കേട്ട ശബ്ദം നിതിനെ ഭയപ്പെടുത്തിയിരിക്കാമെന്ന് കരുതിയാണ് ആതിര അങ്ങനെ പറഞ്ഞത്. എന്നാല്‍ തന്റെ അരികിലേക്ക്‌ ചാഞ്ഞ് വീണ നിതിന്റെ ശരീരത്തിലെ മുറിവ് അപ്പോഴാണ് ആതിര കണ്ടത്. കുലുക്കി വിളിച്ചിട്ടും പിന്നെ നിതിന്‍ കണ്ണ് തുറന്നില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിന് മുന്‍പ് വീട്ടില്‍വെച്ചുതന്നെ നിതിന്‍ മരണപ്പെട്ടിരുന്നു.

നിതിന്‍ മരണപ്പെട്ടതിന് ശേഷമാണ് അല്‍പ്പം മാറി ബന്ധുവായ കിഷോറിനെ പരിക്കേറ്റ നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. ഗുരുതര പരുക്കുകളോടെ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

മുന്‍പും പലപ്പോഴും ചാര്‍ളി നിതിനെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. പലപ്പോഴും പരാതി നല്‍കിയിട്ടും പോലീസുകാരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചാര്‍ളിയും നിതിനും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ സകല പാര്‍ട്ടിക്കാരും ഇടപെട്ടിരുന്നുവെന്നും, ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് സണ്ണി തോമസ് പറയുന്നു. ചാര്‍ളിയുടേയും, നിതിന്റേയും വീട്ടുകാര്‍ തമ്മിലുള്ള പ്രശ്‌നം മുന്‍പ് കോടതിയിലെത്തിയിരുന്നെന്നും, അന്ന് ചാര്‍ളിക്കനുകൂലമായാണ് വിധി വന്നതെന്നുമാണ് മെമ്പര്‍ റീജ പറയുന്നത്. എന്നാല്‍ കോടതി വിധിക്ക് ശേഷവും ഇവര്‍ തമ്മിലുള്ള വഴക്ക് തുടരുകയായിരുന്നു.

പ്രദേശവാസിയായ സുഭാഷ് ചാര്‍ളിയെ കുറിച്ച് പറയുന്നതിങ്ങനെയാണ് 'ചാര്‍ളി കൂടുതല്‍ സമയവും കാട്ടിലാണ് ചിലവഴിക്കുക, ആനയെ വെടിവെക്കുക, മറ്റ് മൃഗങ്ങളെ നായാടുക തുടങ്ങിയ വിനോദങ്ങളിലാണ് ചാര്‍ളിയെപ്പോഴും, അയാള്‍ക്ക് നാടുമായി കൂടുതല്‍ ബന്ധങ്ങളില്ല. സുഹൃത്തുക്കള്‍ ഒട്ടുംതന്നെയില്ല, നിസാര പ്രശ്‌നങ്ങള്‍ക്ക് പോലും നാട്ടുകാരെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും തല്ലിതീര്‍ക്കുക എന്നതായിരുന്നു അയാളുടെ രീതി. മൃഗത്തെ നായാടുന്നതുപോലെ ഒരു മനുഷ്യനെ കൊല്ലാനും ചാര്‍ളിക്ക് മടിയൊന്നുമില്ല. ആരെയും കൊല്ലാന്‍ പാകത്തിന് അയാളൊരു നാടന്‍തോക്ക് കൈയ്യില്‍ കരുതിയിരുന്നുവെന്നും നായാടാന്‍ ഉപയോഗിച്ച തോക്ക് കൊണ്ടുതന്നെ അയാള്‍ നിതിനേയും കൊന്നുവെന്നും സുഭാഷ് പറയുന്നു.'

കിഷോറിനെ ആക്രമിക്കുകയും, നിതിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തശേഷം ചാര്‍ളി കാപ്പിസെറ്റിനോട് ചേര്‍ന്ന് കിടക്കുന്ന കാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് പോലീസ് പറയുന്നത്. ആനക്കൊമ്പ് കേസിലടക്കം പല കേസുകളിലും പ്രതിയാണ് ചാര്‍ളി. മുന്‍പ് മൈസൂര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ചാര്‍ളിക്ക്‌ പരിക്കേറ്റിരുന്നു. ചാര്‍ളിക്ക്‌ വേണ്ടി മൈസൂര്‍ കാട്ടിലടക്കം പോലീസും, വനപാലകരും തെരച്ചില്‍ നടത്തിവരികയാണ്.

ഇത്തവണ സിപിഎമ്മിന് കിട്ടിയത് നിലപാടുകളുടെ വോട്ടാണ്, തോല്‍വിക്ക് കാരണം ശബരിമലയല്ല, നവോഥാന നിലപാടുകള്‍ കൈവിടരുത്: ബിന്ദു അമ്മിണി

Next Story

Related Stories