TopTop
Begin typing your search above and press return to search.

1865 ജനുവരി 31: അമേരിക്കന്‍ കോണ്‍ഗ്രസ് അടിമത്തം നിരോധിച്ചു

1865 ജനുവരി 31: അമേരിക്കന്‍ കോണ്‍ഗ്രസ് അടിമത്തം നിരോധിച്ചു

യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെ ഭരണഘടനയുടെ പതിമൂന്നാം ഭേദഗതി പ്രകാരം അടിമത്തം നിരോധിക്കുകയും ഒരു കുറ്റകൃത്യത്തിനുള്ള ശിക്ഷ എന്ന നിലയിലല്ലാത്ത നിര്‍ബന്ധിത തടങ്കല്‍ അവസാനിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍, 1864 ഏപ്രില്‍ എട്ടിന് സെനറ്റ് പാസാക്കിയ നിയമം 1865 ജനുവരി 31-ന് ജനപ്രതിനിധിസഭയും പാസാക്കി. 1865 ഡിസംബര്‍ ആറിന് ആവശ്യത്തിനുള്ള സംസ്ഥാനങ്ങള്‍ നിയമം സാധുവായി അംഗീകരിച്ചു. 1865 ഡിസംബര്‍ 18-ന് നിയമം അംഗീകരിക്കുന്നതായി സ്റ്റേറ്റ് സെക്രട്ടറി വില്യം എച്ച് സെവാര്‍ഡ് പ്രഖ്യാപിച്ചു. അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് അംഗീകരിക്കപ്പെട്ട മൂന്ന് പുനഃര്‍നിര്‍മ്മാണ ഭേദഗതികളില്‍ ആദ്യത്തെതായിരുന്നു ഇത്. 'യുണൈറ്റഡ് സ്റ്റേറ്റ്‌സിലോ അല്ലെങ്കില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന മറ്റേതെങ്കിലും സ്ഥലങ്ങളിലോ അടിമത്തമോ നിര്‍ബന്ധിതമായ തടങ്കലോ നിലനില്‍ക്കുന്നതല്ല.'

1777-നും 1804-നും ഇടയില്‍ പ്രഖ്യാപിച്ച സ്വാതന്ത്ര്യ പ്രഖ്യാപന പ്രകാരം, അടിമത്തം ഉടനടിയോ പടിപടിയായോ നിരോധിക്കാനുള്ള നടപടികള്‍ എല്ലാ വടക്കന്‍ സംസ്ഥാനങ്ങളും സ്വീകരിച്ചു. അടിമകളില്‍ ഭൂരിഭാഗവും ഗാര്‍ഹീക വേലക്കാരായിരുന്നു. തെക്കന്‍ സംസ്ഥാനങ്ങളൊന്നും അടിമത്തത്തിനെതിരെ പ്രവര്‍ത്തിക്കാത്തതിനാല്‍, അവിടങ്ങളിലെ അടിമ ജനസംഖ്യ വര്‍ദ്ധിക്കുകയും 1861 ആയപ്പോഴേക്കും ഏകദേശം നാല് ദശലക്ഷം ആവുകയും ചെയ്തു. വില്യം ലോയ്ഡ് ഗാരിസണെ പോലുള്ള വ്യക്തികളുടെ നേതൃത്വത്തിലുള്ള നിരോധന പ്രസ്ഥാനം വടക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തി പ്രാപിക്കുകയും ദേശീയതലത്തില്‍ അടിമത്തം അവസാനിപ്പിക്കുന്നതിന് ആഹ്വാനം നല്‍കുകയും ചെയ്തു. ഇത് തെക്കും വടക്കും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടി. ആഭ്യന്തരയുദ്ധം ആരംഭിച്ചപ്പോള്‍, യൂണിയന്‍ പുനഃസ്ഥാപിക്കുക എന്നതായിരുന്നു പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ പ്രഖ്യാപിത ലക്ഷ്യം. പക്ഷെ യുദ്ധത്തിന്റെ തുടക്കത്തില്‍ രക്ഷപ്പെട്ട അടിമകളെ അവരുടെ ഉടമകള്‍ക്ക് മടക്കി നല്‍കുന്നതിന് പകരം യൂണിയന്‍ തന്നെ അവരെ സംരക്ഷിക്കാന്‍ തുടങ്ങി. യൂണിയന്‍ സൈന്യം വിജയിച്ച സ്ഥലങ്ങളിലൊക്കെ അടിമത്തം അവസാനിക്കുകയും ചെയ്തു. യൂണിയനെതിരെ കലാപങ്ങള്‍ തുടരുന്ന പ്രദേശങ്ങളിലെയും അടിമകളെ മോചിപ്പിച്ചുകൊണ്ട് 1862 സെപ്തംബറില്‍ ലിങ്കണ്‍ വിമോചന പ്രഖ്യാപനം നടത്തി. കീഴടങ്ങാന്‍ കൂട്ടാക്കാതിരിക്കുന്ന അതിര്‍ത്തി സംസ്ഥാനങ്ങളിലെയും പ്രഖ്യാപനത്തിന് മുമ്പ് യൂണിയന്‍ പിടിച്ചെടുത്ത പ്രദേശങ്ങളിലെയും അടിമത്തത്തിനെതിരെ എന്ത് ചെയ്യുമെന്ന പ്രശ്‌നം ഈ നടപടിയോടെ ഉയര്‍ന്നുവന്നു.

പതിമൂന്നാം ഭേദഗതി

1864-ല്‍ അടിമത്തം നിരോധിച്ചുകൊണ്ടുള്ള ഒരു ഭേദഗതി സെനറ്റ് പാസാക്കിയെങ്കിലും സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ പേരില്‍ ഡെമോക്രാറ്റുകള്‍ അണിനിരന്നതോടെ പ്രതിനിധി സഭയില്‍ അത് പരാജയപ്പെടുകയായിരുന്നു. 1864-ല്‍ ഇരുസഭകളിലും വ്യക്തമായ റിപബ്ലിക്കന്‍ ഭൂരിപക്ഷത്തോടെ ലിങ്കണ്‍ വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തി. ഇതോടെ 1865-ല്‍ സമ്മേളിച്ച കോണ്‍ഗ്രസില്‍ ഭേദഗതി പാസാവും എന്ന പ്രതീക്ഷ നിലവില്‍ വന്നു. ഇരുപാര്‍ട്ടികളുടെയും പിന്തുണയോടെ ഭേദഗതി പാസാക്കണമെന്നായിരുന്നു ലിങ്കണിന്റെ ആഗ്രഹം. ചില ഡെമോക്രാറ്റുകള്‍ ഭേദഗതിക്ക് പിന്തുണ അറിയിച്ചെങ്കിലും ഭൂരിപക്ഷവും വിയോജിപ്പ് പ്രകടിപ്പിച്ചു. ഒടുവില്‍ 56-നെതിരെ 119 വോട്ടുകള്‍ക്ക് ഭേദഗതി പാസായി. മുന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് ആവശ്യമുള്ളതിനേക്കാള്‍ ഏഴ് വോട്ടുകള്‍ അധികം നേടിയാണ് ഭേദഗതി പാസായത്. നിരവധി ഡെമോക്രാറ്റുകള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നെങ്കിലും സംസ്ഥാനങ്ങളുടെ അംഗീകാരത്തിനായി ഭേദഗതി അയയ്ക്കപ്പെടുകയും 1865 ഡിസംബറില്‍ അത് ലഭ്യമാവുകയും ചെയ്തു. ഭേദഗതി പാസായതോടെ അമേരിക്കന്‍ ചരിത്രത്തെ കളങ്കിതമായി നിര്‍ണയിച്ച സ്ഥാപനം തുടച്ചുനീക്കപ്പെട്ടു. ഭേദഗതിയിലൂടെ അടിമത്തം ഔദ്ധ്യോഗികമായി അവസാനിക്കപ്പെട്ടെങ്കിലും, കറുത്ത കോഡുകള്‍, വെള്ളക്കാരുടെ ആധിപത്യ ആക്രമണങ്ങള്‍, ചില നിയമങ്ങളുടെ രഹസ്യമായ നടപ്പാക്കല്‍ എന്നിവ പ്രത്യേകിച്ചും തെക്കന്‍ സംസ്ഥാനങ്ങളില്‍ തുടര്‍ന്നതിനാല്‍ നിരവധി കറുത്ത വര്‍ഗ്ഗക്കാര്‍ നിര്‍ബന്ധിത തൊഴിലെടുക്കലിന് വിധേയരായി. മറ്റ് പുനര്‍നിര്‍മ്മാണ ഭേദഗതികളില്‍ നിന്നും വ്യത്യസ്തമായി 13-ാം ഭേദഗതി അപൂര്‍വമായി മാത്രമാണ് നിയമപുസ്തകങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടതെങ്കിലും, അധമര്‍ണ വ്യവസ്ഥയും ചില വംശീയാധിഷ്ടിത വിവേചനങ്ങളും 'അടിമത്തത്തിന്റെ മുദ്രകളും സംഭവങ്ങളുമാണ്,' എന്ന നിലയില്‍ തള്ളിക്കളയുന്നതിന് നിയമം ഉപയോഗിക്കപ്പെട്ടു.


Next Story

Related Stories