TopTop
Begin typing your search above and press return to search.

ഏതാണ് വലുത്? നമ്മുടെ വയറ്റിപിഴപ്പോ അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലമോ?

ഏതാണ് വലുത്? നമ്മുടെ വയറ്റിപിഴപ്പോ അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലമോ?

കെ എ ആന്റണി

'നയാ പൈസയില്ല കൈയ്യില്‍ നയാ പൈസയില്ല' തകരച്ചെണ്ട എന്ന സിനിമയില്‍ കേട്ട ആ പഴയ നാട്ടിന്‍പുറ വാക്കുകള്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന അവസ്ഥയില്‍ തന്നെയാണ് ഞാന്‍. എന്റെ കാര്യം പോകട്ടെ. കൈയ്യിലുള്ള 500, 1000 നോട്ടുമായി ഭക്ഷണം കഴിക്കാനാവാതെ, മരുന്ന് വാങ്ങാനാവാതെ, യാത്ര ചെയ്യാനാവാതെ ജനം കഷ്ടപ്പെടുമ്പോഴാണ് നമ്മുടെ ചാനലുകളുടെ അമേരിക്കന്‍ വിധേയത്വം!

ബാങ്ക് മാത്രമല്ല ട്രഷറിയും പൂട്ടിയിരിക്കുന്നു. കൈവശമുള്ള 500, 1000 കറന്‍സികള്‍ ആരും ഇന്നത്തെ ദിവസം വാങ്ങാത്തതിനാല്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കനാവാതെ ഭക്ഷണം കഴിക്കാന്‍ കഴിയാതെ കുടുങ്ങിപ്പോയ ഒട്ടേറെ ദൈന്യമുഖങ്ങള്‍ രാവിലെ കാണിച്ച ചാനലുകള്‍ ഒറ്റയടിക്ക് അമേരിക്കയിലേക്ക് പകര്‍ന്നാട്ടം നടത്തിയപ്പോള്‍ ഒരു കാര്യം മനസ്സിലായി; നമ്മുടെ നാട്ടിലെ ദുരിതങ്ങളെക്കാള്‍ ചാനലുകള്‍ക്ക് ഏറെ പ്രധാനം അമേരിക്ക ആരു ഭരിക്കും എന്നത് തന്നെ. പണ്ട് സോവിയറ്റ് യൂണിയനെ അല്ലെങ്കില്‍ പോളണ്ടിനെ തൊട്ടാല്‍ പൊള്ളുന്ന മലയാളി മനസുകള്‍ ഇന്ന് അമേരിക്കയെ കുറിച്ച് ഉത്കണ്ഠപ്പെടുന്നതില്‍ അത്ര അത്ഭുതത്തിനു കാര്യമുണ്ടെന്നു തോന്നുന്നില്ല. ഗള്‍ഫ് രാജ്യങ്ങള്‍ പോലെ തന്നെ ബ്രിട്ടനും അമേരിക്കയും ഓസ്ട്രിയയും ഓസ്‌ട്രേലിയയും അയര്‍ലണ്ടുമൊക്കെ മലയാളിക്കും ഇന്ത്യക്കാര്‍ക്കും ഏറെ പ്രിയങ്കരം തന്നെ.

എന്നു കരുതി രാവിലെ മുതല്‍ തുടങ്ങിയ ഈ സംപ്രക്ഷേപണ കോലാഹലം കണ്ടാല്‍ തോന്നുന്നത് അമേരിക്ക ഇല്ലെങ്കില്‍ ഇന്ത്യയോ കേരളമോ ഇല്ലന്ന് തന്നെയാണ്.

സ്വന്തം രാജ്യത്ത് ഇന്നലെ രാത്രി പ്രഖ്യാപിക്കപ്പെട്ട സാമ്പത്തിക അടിയന്തരാവസ്ഥയോ അതോ മാന്യതയുടെ സകലസീമകളും ലംഘിക്കപെട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം നടക്കുന്ന ഒരു അമേരിക്കന്‍ തെരഞ്ഞടുപ്പ് ഫലവിശകലനമോ ഏതാണ് പ്രധാനമെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.

അമേരിക്കയില്‍ ഹിലരി ജയിച്ചാലും ട്രംപ് ജയിച്ചാലും കേരളത്തിലെ പട്ടിണിപ്പാവങ്ങള്‍ക്ക് ഒരു പോലെ തന്നെ. ഓരോ ജനതയും അവരുടെ ഭരണാധികാരികളെ തെരഞ്ഞെടുക്കും. ഇവിടെയും അങ്ങനെ തന്നെ. ട്രംപ് തെമ്മാടിയാണ് എന്നു പറയുന്നവര്‍ അമേരിക്കയുടെ പൂര്‍വകാല ചരിത്രം കൂടി ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും. നിഷേധിയും തെമ്മാടികളുമായ ഒരു കൂട്ടം ആളുകള്‍ ഇംഗ്ലണ്ടിലെ രാജ്ഞി ഭരണം മടുത്തിട്ടോ ധന സമ്പാദനവുമായി ബന്ധപ്പെട്ടോ നടത്തിയ കുടിയേറ്റമായും ആ പ്രക്രിയയെ വര്‍ണിച്ച ഒട്ടേറെ ചരിത്ര ഗ്രന്ഥങ്ങള്‍ ഉണ്ട്. തികച്ചും സ്ത്രീവിരുദ്ധ നിലപാട് എന്നു പറയാനാവില്ലെങ്കിലും എന്നും പുരുഷ കേന്ദ്രീകൃതമായ അമേരിക്കയില്‍ ഹിലരിക്ക് എന്ത് സാധ്യത എന്ന ചോദ്യം തുടക്കം മുതല്‍ പലരും ഉന്നയിച്ചിരുന്നു.

നമ്മുടെ പ്രശനം അതല്ല. നമുക്ക് മുന്‍പിലുള്ള സാമ്പത്തിക അടിയന്തരാവസ്ഥയെ ഹിലരി-ട്രംപ് പോരാട്ടത്തിന്റെ ത്രില്‍ അടിപ്പിക്കുന്ന സംപ്രക്ഷേപണത്തില്‍ ഒതുക്കുന്നതിലെ യുക്തി രാഹിത്യം തന്നെയാണ് വലിയ പ്രശ്നം എന്നു തോന്നുന്നു.

മോദി കാലത്തെ അര്‍മാദികള്‍ക്ക് ആശ്വസിക്കാം. ട്രംപിന് വേണ്ടി നടത്തിയ ക്ഷേത്രപൂജകള്‍ ഫലവത്തായി എന്ന ആഹ്ലാദം അവരെ സുഖിപ്പിക്കട്ടെ. റാം മാധവും സംഘികളും ആഹ്ലാദം പങ്കുവെച്ചു തുടങ്ങിയിട്ടുണ്ട്. അത് എത്ര കാലം നീണ്ടുനില്‍ക്കും എന്നു കാത്തിരുന്നു കാണാം. പണ്ടും ഭക്ഷ്യവസ്തുക്കള്‍ കെയര്‍ എന്ന പേരില്‍ അമേരിക്കയില്‍ നിന്ന് വന്നിരുന്നു. പിന്നീട് വന്നതത്രയും ആയുധങ്ങളായിരുന്നു. ഇന്ത്യക്കു മാത്രമല്ല നമ്മള്‍ ശത്രു രാജ്യം എന്ന് പറയുന്ന പാകിസ്ഥാനും ആയുധം വിറ്റിരുന്ന ഒരു രാജ്യത്തിന്റെ ഭാഗധേയത്തേക്കാള്‍ ഇന്നത്തെ ഉച്ച ഭക്ഷണത്തെക്കുറിച്ചു ചിന്തിക്കേണ്ടതുള്ളതിനാല്‍ നിര്‍ത്തട്ടെ.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories