TopTop
Begin typing your search above and press return to search.

കഴിഞ്ഞത് അട്ടിമറികളുടെ ഗ്രാന്‍ഡ്സ്ലാം; ജോക്കോവിച്ചിന്റ്റെയും

കഴിഞ്ഞത് അട്ടിമറികളുടെ ഗ്രാന്‍ഡ്സ്ലാം; ജോക്കോവിച്ചിന്റ്റെയും

ഒരു ഗ്രാന്‍ഡ്സ്ലാം സീസണ്‍ കൂടി അവസാനിക്കുന്നു. സീസണിലെ അവസാന ഗ്രാന്‍ഡ്സ്ലാം നേടി നൊവാക്ക് ജോക്കോവിച്ച് ഇക്കൊല്ലത്തെ ഗ്രാന്‍ഡ്സ്ലാം നേട്ടം മൂന്നാക്കിയപ്പോള്‍, 33-ആം വയസ്സില്‍ കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം നേടിയ ഫ്‌ലാവിയ പെന്നേറ്റ ഈ സീസണോടെ ടെന്നീസില്‍നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു.

കഴിഞ്ഞ വിംബിള്‍ഡണിന്റെ ആവര്‍ത്തനമായിരുന്നു പുരുഷ ഫൈനല്‍. എന്നാല്‍, കടുത്ത പോരാട്ടത്തിലൂടെയാണ് ഇത്തവണ ജോക്കോവിച്ച് റോജര്‍ ഫെഡററെ മറികടന്നത്. ജോക്കോവിച്ചിന്റെ പത്താം ഗ്രാന്‍ഡ്സ്ലാം നേട്ടമാണിത്. 2015-ലെ ഗ്രാന്‍ഡ്സ്ലാമുകളിലെല്ലാം ഫൈനലിലെത്തിയ നൊവാക്ക് ജോക്കോവിച്ച് മൂന്നെണ്ണത്തിലും കപ്പുയര്‍ത്തി. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ സ്റ്റാന്‍ വാവ്‌റിങ്കയോട് തോറ്റിരുന്നു. ഇതിനു മുന്‍പ് കലണ്ടര്‍ സ്ലാം ഒരു കളിയുടെ അകലത്തില്‍ നഷ്ടമായത് മൂന്നു പേര്‍ക്ക് മാത്രമാണ്; ജാക്ക് ക്രോഫോര്‍ഡ് (1933), ല്യൂ ഹോഡ് (1956), റോജര്‍ ഫെഡറര്‍ (2006, 2007).

യു എസ് ഓപ്പണിന്റെ ചരിത്രത്തിലെ ആദ്യ ഇറ്റാലിയന്‍ ഫൈനലില്‍ റോബെര്‍ട്ട വിന്‍ഷിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പെന്നേറ്റ കിരീടം നേടിയത്.

ഇന്ത്യന്‍ ടെന്നീസിന് വിംബിള്‍ഡണ്‍ പോലെ മധുരതരമായിരുന്നു യു എസ് ഓപ്പണും. 42-കാരനായ ലിയാണ്ടര്‍ പേസ് ഏറ്റവും പ്രായമേറിയ മിക്‌സ്ഡ് ഡബിള്‍സ് ചാമ്പ്യനായപ്പോള്‍, വനിത ഡബിള്‍സില്‍ ജേത്രിയായ സാനിയ മിര്‍സയ്ക്കും ഇത് തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍ഡ്സ്ലാമായിരുന്നു. സ്വിസ് താരം മാര്‍ട്ടിന ഹിംഗിസായിരുന്നു ഇരുവരുടെയും പങ്കാളി. ഹിംഗിസ്‌-പേസ് സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണിലും ജേതാക്കളായിരുന്നു

അട്ടിമറികളുടെ ഗ്രാന്‍ഡ് സ്ലാം

നാലാം സീഡും നിലവിലെ റണ്ണര്‍ അപ്പുമായ കീ നിഷിക്കോറിയാണ് ആദ്യ ദിനം വീണ വമ്പന്‍. തുടര്‍ന്നിങ്ങോട്ട് പുരുഷ, വനിതാ വിഭാഗങ്ങളില്‍ അട്ടിമറികളുടെ ഒരു കുത്തൊഴുക്കു തന്നെയായിരുന്നു. വനിതകളില്‍ ഏഴാ സീഡ് അന ഇവാനോവിച്ചും ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി.

ഡബിള്‍സ് മത്സരങ്ങളില്‍ അട്ടിമറിയിലൂടെ ലോക ഒന്നാം നമ്പര്‍ ജോഡിയായ ബ്രയാന്‍ സഹോദരന്മാര്‍ ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി. വനിതകളിലെ ആദ്യ പത്ത് സീഡുകളില്‍ മൂന്നു പേര്‍ മാത്രമാണ് ആദ്യ വാരം കടന്നത്. പുരുഷന്മാരില്‍ റഫേല്‍ നദാലും മിലോസ് റാഒണിച്ചും ഡേവിഡ് ഫെററും ആദ്യ വാരത്തില്‍ തന്നെ വീണു.

ആദ്യ രണ്ടു സെറ്റ് നേടിയ ശേഷമാണ് ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്‌നിനിയോട് നദാല്‍ അടിയറവ് പറഞ്ഞത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ഫോഗ്‌നിനി നദാലിനെ തോല്‍പ്പിക്കുന്നത്. ഫോഗ്‌നിനിയുടെ ആദ്യ രണ്ട് വിജയങ്ങള്‍ ക്ലേ കോര്‍ട്ടിലാണെന്നത് ടെന്നീസില്‍ നദാല്‍ യുഗത്തിന്റെ അന്ത്യമടുത്തു എന്നതിന്റെ സൂചനകള്‍ ഈ സീസണില്‍ പല തവണ കണ്ടെങ്കിലും ആ ആശങ്കയ്ക്ക് അടിവരയിടുന്നതായിരുന്നു നദാലിന് ഇക്കൊല്ലത്തെ യു എസ് ഓപ്പണ്‍.

രണ്ടാം വാരത്തിലും അട്ടിമറികള്‍ക്ക് പഞ്ഞമുണ്ടായിരുന്നില്ല. നാലാം റൗണ്ടില്‍ കെവിന്‍ ആന്‍ഡേഴ്‌സണോട് തോറ്റ് ആന്‍ഡി മറെ പുറത്തായതായിരുന്നു പുരുഷന്മാരിലെ പ്രധാന അട്ടിമറി. എന്നാല്‍ ടെന്നീസ് ലോകം ഒന്നടങ്കം ഞെട്ടിയത് സെമിയില്‍ സെറീന വില്ല്യംസിന് അടിപതറിയപ്പോഴാണ്. ലോക റാങ്കിംഗില്‍ 43-ആം സ്ഥാനത്തുള്ള ഇറ്റാലിയന്‍ താരം റൊബെര്‍ട്ട വിന്‍ഷിയാണ് സെറീനയുടെ കലണ്ടര്‍ സ്ലാം സ്വപ്നങ്ങള്‍ തകര്‍ത്തത്. ഇക്കൊല്ലം ഇതുവരെ നടന്ന ഗ്രാന്‍ഡ്സ്ലാമിലൊന്നും രണ്ടാം റൗണ്ടിനപ്പുറം കടക്കാനാവാതിരുന്ന വിന്‍ഷി ചരിത്രമാവേണ്ടിയിരുന്ന ഒരു കുതിപ്പിനാണ് തടയിട്ടത്.

1988-ല്‍ സ്‌റ്റെഫി ഗ്രാഫാണ് ഏറ്റവും അവസാനമായി കലണ്ടര്‍ സ്ലാം നേടിയത്. 27 വര്‍ഷങ്ങള്‍ക്കിപ്പുറം ആ നേട്ടത്തിനടുത്തെത്തിയ സെറീനയ്ക്ക് മുന്നിലുള്ള നേട്ടത്തിന്റെ സമ്മര്‍ദ്ദവും റോബര്‍ട്ട വിന്‍ഷിയുടെ പോരാട്ടവീര്യവും ഒരേപോലെ പ്രതിസന്ധി സൃഷ്ടിച്ചു.

വമ്പന്മാരും വമ്പത്തിമാരും

നദാലിനും മറെയ്ക്കും നിരാശ മാത്രം ബാക്കിയായപ്പോള്‍, ജോക്കോവിച്ചിന്റെ അപ്രമാദിത്യം തുടരുന്ന കാഴ്ചയാണ് ഈ യു എസ് ഓപ്പണിലും കണ്ടത്. മുപ്പത്തിനാലിലെത്തിയ ഫെഡറര്‍ മാത്രമാണ് ഇപ്പോള്‍ ജോക്കോവിച്ചിന് ഒരു വെല്ലുവിളി ഉയര്‍ത്തുന്നത്. അതുകൊണ്ടു തന്നെ സ്ഥിരത നിലനിര്‍ത്തി മുന്നോട്ട് പോവുക എന്നതു മാത്രമാണിപ്പോള്‍ ജോക്കോവിച്ചിന്റെ വിജയമന്ത്രം.

എന്നാല്‍ പ്രായത്തിനനുസരിച്ച് പുതിയ തന്ത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫെഡററെയാണ് സമ്മര്‍ ഹാര്‍ഡ് കോര്‍ട്ട് സീസണില്‍ കണ്ടത്. 'സ്‌നീക്ക് അറ്റാക്ക് ബൈ റോജര്‍' എന്നു പേരു നേടിയ തന്ത്രമാണ് ഇക്കുറി ഫെഡറര്‍ പ്രയോഗിച്ചു വിജയിച്ച ആയുധം. എതിരാളിയുടെ സെക്കന്‍ഡ് സെര്‍വുകള്‍ക്ക് വളരെ മുന്നോട്ട് കയറി റിട്ടേണ്‍ നല്‍കുന്ന ഈ വിദ്യ സിന്‍സിനാറ്റിയിലാണ് ആദ്യം പരീക്ഷിച്ചത്. അവിടെ ഫെഡറര്‍ കിരീടം നേടുകയും ചെയ്തു. എന്നാല്‍ യു എസ് ഓപ്പണ്‍ ഫൈനലില്‍ ഫെഡററുടെ ആക്രമണത്തെ ലോബുകളിലൂടെയാണ് ജോക്കോവിച്ച് പ്രതിരോധിച്ചത്.

യു എസ് ഓപ്പണ്‍ നേടിയതോടെ ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ഒന്നാം നമ്പര്‍ താനായിരിക്കുമെന്ന് ജോക്കോവിച്ച് ഉറപ്പിച്ചു. ഇത് നാലാം തവണയാണ് ജോക്കോവിച്ച് ഈ നേട്ടം കൈവരിക്കുന്നത്.

മറ്റു മുന്‍നിര താരങ്ങളുടെ സ്ഥിരതയില്ലായ്മ വീണ്ടും തെളിയിക്കപ്പെട്ടപ്പോള്‍ കടുത്ത മത്സരങ്ങളിലൂടെ സെമി വരെ എത്തിയ സെറീന വില്യംസിനു തന്നെയാണ് ഇപ്പോഴും വനിതാ ടെന്നീസില്‍ മേല്‍ക്കൈ എന്നു വ്യക്തമാണ്.

നവംബര്‍ അവസാനം വരെ നീളുന്ന സീസണില്‍ ഇനിയും ഒരുപാട് മികച്ച കളികള്‍ കാണാമെന്ന പ്രതീക്ഷയില്‍ ഇക്കൊല്ലത്തെ ഗ്രാന്‍ഡ്സ്ലാമുകളോട് വിട പറയാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories