TopTop
Begin typing your search above and press return to search.

ട്രംപിനെ വിജയിപ്പിക്കാനും അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തകര്‍ക്കാനും പുടിന്‍ 'ഉത്തരവിട്ടു'

ട്രംപിനെ വിജയിപ്പിക്കാനും അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തകര്‍ക്കാനും പുടിന്‍
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ റഷ്യ നേരിട്ട് ഇടപെടുകയും തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്ന യുഎസ് രഹസ്യാന്വേഷണ സംവിധാനങ്ങളുടെ വെളിപ്പെടുത്തല്‍ രാജ്യത്ത് മിശ്രിത പ്രതികരണങ്ങളാണ് സൃഷ്ടിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഉത്തരവ് പ്രകാരം അവരുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ യുഎസ് രാഷ്ട്രീയ പാര്‍ട്ടികളുടെ സെര്‍വറുകളില്‍ നുഴഞ്ഞു കയറുകയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇ-മെയിലുകള്‍ ചോര്‍ത്തി വിക്കിലീക്‌സിന് നല്‍കുകയും ചെയ്തു എന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രസിഡന്റ് ബാരക് ഒബാമ പ്രത്യേക കമ്മീഷനെ നിയോഗിക്കാന്‍ തിരഞ്ഞെടുപ്പ് നടന്ന നവംബര്‍ എട്ടിന് ശേഷം ഉത്തരവിട്ടിരുന്നു.

റഷ്യ നടത്തിയ ഇടപെടലുകള്‍ ഫലത്തില്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സഹായിക്കാനായുള്ളതാണെന്ന് നേരത്തെ പ്രചാരണം ഉയര്‍ന്നിരുന്നു. എന്നാല്‍ റഷ്യയാണ് ഇടപെട്ടതെന്ന് തെളിയിക്കാന്‍ യുഎസ് രഹസ്യാന്വേഷ ഏജന്‍സികള്‍ക്ക് സാധിക്കില്ലെന്നും ന്യൂയോര്‍ക്കിലെ ഒരു മുറിയിലിരുന്നു ഒരു ചെറുപ്പക്കാരന് ചെയ്യാന്‍ സാധിക്കുന്ന കാര്യമാണിതെന്നും പറഞ്ഞ് ട്രംപ് ആരോപണങ്ങളെ തള്ളിയിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ നേരിട്ട് ഇടപെടുകയും കള്ളപ്രചരണങ്ങളും കള്ളവാര്‍ത്തകളും വ്യാപിപ്പിക്കുകയും ചെയ്യുകയാണ് റഷ്യ ചെയ്തതെന്ന് ഇന്നലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പതിനാല് പേജുള്ള ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തും മറ്റ് രാജ്യങ്ങളിലും നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ റഷ്യ ഇടപെടാറുണ്ടെങ്കിലും യുഎസ് തിരഞ്ഞെടുപ്പില്‍ അവരുടെ നേരിട്ടുള്ള സാന്നിധ്യം ഉണ്ടാവുന്നത് ഇതാദ്യമാണെന്ന് സെനറ്റ് സമിതിക്ക് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കുക എന്ന വ്യക്തമായ ഉദ്ദേശം റഷ്യയ്ക്ക് ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിക്കിലീക്‌സില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മെയില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതാണ് അവരുടെ സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണിന്റെ പരാജയത്തിന് കാരണമായി സൂചിപ്പിക്കപ്പെട്ടിരുന്നത്.

പിന്നീട് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ജെയിംസ് ആര്‍ ക്ലാപ്പര്‍, സിഐഎ ഡയറക്ടര്‍ ജോണ്‍ ബ്രഹ്നന്‍, എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് ബി കോമെ എന്നിവര്‍ ചേര്‍ന്ന് റിപ്പോര്‍ട്ട് നിയുക്ത പ്രസിഡന്റിന് കൈമാറി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹാക്കിംഗുകളുടെ പിന്നില്‍ റഷ്യയാവാമെന്ന് അംഗീകരിച്ച ട്രംപ് പക്ഷെ തന്നെ സഹായിക്കാന്‍ വേണ്ടിയാണ് മോസ്‌കോ ഇടപെട്ടത് എന്ന് അംഗീകരിക്കാന്‍ തയ്യാറായില്ല. റഷ്യയുടെ ഇടപെടല്‍ തിരഞ്ഞെടുപ്പ് ഫലങ്ങളെ ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. വോട്ടിംഗ് യന്ത്രങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. എന്നാല്‍ വോട്ട് എണ്ണുന്നതുമായി നേരിട്ട് ബന്ധമില്ലാത്ത നിരവധി തിരഞ്ഞെടുപ്പ് സംവിധാനങ്ങളില്‍ റഷ്യയ്ക്ക് പ്രാപ്യത ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

നേരത്തെ അതീവ രഹസ്യമായ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ലഭിച്ചതിനെ തുടര്‍ന്ന്, റഷ്യയ്‌ക്കെതിരെ പുത്തന്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും ഒരു ഡസനിലേറെ റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനും ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ഒബാമ ഉത്തരവിട്ടിരുന്നു.

എന്നാല്‍ റിപ്പോര്‍ട്ട് മിശ്രപ്രതികരണങ്ങളാണ് നിയമനിര്‍മ്മാതാക്കള്‍ക്കിടയില്‍ സൃഷ്ടിച്ചത്.  ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവപരമ്പരകളിലെ പ്രധാന അദ്ധ്യായമാണ് ഇതെന്നും അതിനാല്‍ നമ്മുടെ ദേശീയ നേതാക്കള്‍ കൂടുതല്‍ പ്രത്യോക്രമണ നടപടികള്‍ സ്വീകരിക്കണമെന്നും നോര്‍ത്ത് കാലിഫോര്‍ണിയ സെനറ്ററും സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി തലവനുമായ റിച്ചാര്‍ഡ് ബുര്‍ അഭിപ്രായപ്പെട്ടു. മറ്റു ചിലര്‍ ഒബാമ ഭരണകൂടത്തെ വിമര്‍ശിക്കാനാണ് ഈ അവസരം ഉപയോഗിച്ചത്. ഇത്തരം മുന്നറിയിപ്പുകള്‍ വര്‍ഷങ്ങളായി ഒബാമ ഭരണകൂടത്തിന് ലഭിക്കാറുണ്ടായിരുന്നുവെന്നും റഷ്യയ്‌ക്കെതിരെ കടുത്ത നടപടികള്‍ എടുക്കണമെന്ന ആവശ്യം ശക്തമായിരുന്നുവെന്നും കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റര്‍ ഡേവിന്‍ ന്യൂനെസ് ചൂണ്ടിക്കാണിച്ചു. പൊതുജനങ്ങള്‍ക്കായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലെ ചില വിവരണങ്ങള്‍ സ്പഷ്ടമല്ലെന്നും നിര്‍ണായകമായ ചില സംശയങ്ങളെ കുറിച്ച് വിശദീകരണങ്ങള്‍ ഒന്നുമില്ലെന്നും മറ്റൊരു വിഭാഗം ആരോപണം ഉന്നയിച്ചിട്ടുണ്ട്.

Next Story

Related Stories