TopTop
Begin typing your search above and press return to search.

ഇന്ത്യയിലെ ക്ഷയരോഗ ചികിത്സയില്‍ ഒരു കൌമാരക്കാരിയുടെ പോരാട്ടം നിര്‍ണ്ണായകമായപ്പോള്‍

ഇന്ത്യയിലെ ക്ഷയരോഗ ചികിത്സയില്‍ ഒരു കൌമാരക്കാരിയുടെ പോരാട്ടം നിര്‍ണ്ണായകമായപ്പോള്‍

ആരി ആല്‍സ്റ്റെഡ്റ്റര്‍, ഉപമന്യു ത്രിവേദി

മരുന്നുകളെ പ്രതിരോധിക്കുന്ന ശക്തരായ അണുക്കള്‍ക്ക് (superbug) എതിരേയുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ കൌമാരപ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയും കൂടി ഉള്‍പ്പെട്ടിരിക്കുകയാണ്. ഒരുപക്ഷേ അവളുടെ ജീവന്‍ രക്ഷിച്ചേക്കാമെന്നു ഡോക്ടര്‍മാര്‍ കരുതുന്ന, കര്‍ശന നിയന്ത്രണങ്ങളുള്ള ഒരു പുതിയ മരുന്നിന്‍റെ ഉപയോഗത്തിനായി അവള്‍ നടത്തിയ നിയമയുദ്ധം വിജയിച്ചിരിക്കുന്നു.

ജോണ്‍സണ്‍ & ജോണ്‍സണ്‍ നിര്‍മ്മിച്ച Bedaquiline എന്ന ആന്‍റിബയോട്ടിക് മരുന്നിനു മേലുള്ള ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ നിയന്ത്രണം എടുത്തു കളയണമെന്നാവശ്യപ്പെട്ടാണ് ആ പതിനെട്ടുകാരിയുടെ അച്ഛന്‍ കേസു കൊടുത്തത്. കഴിഞ്ഞ 50 വര്‍ഷത്തിനിടയ്ക്ക് ക്ഷയരോഗത്തിനുണ്ടായ ഒരേയൊരു പുതിയ ചികില്‍സയാണ് ആ മരുന്ന്. ഡെല്‍ഹി ഹൈക്കോടതിയാണ് പെണ്‍കുട്ടിക്ക് അനുകൂലമായി വിധി പറഞ്ഞത്. ഈ വിധി കൂടുതല്‍ രോഗികള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

നേരത്തെ നിലവിലുള്ള ആന്‍റിബയോട്ടിക്കുകളുടെ അമിതോപയോഗം മൂലം മരുന്നിനെ പ്രതിരോധിക്കുന്ന ക്ഷയരോഗം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുന്നു എന്നാണ് മെഡിക്കല്‍ വിദഗ്ദ്ധരുടെ അഭിപ്രായം. അതുകൊണ്ടു തന്നെ പുതിയ ചികില്‍സയുടെ ഫലം നഷ്ടപ്പെടാതിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗവണ്‍മെന്‍റ് bedaquiline ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും അവസാന ശ്രമമെന്ന നിലയില്‍ മാത്രമുപയോഗിക്കേണ്ട ഈ മരുന്ന് ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളില്‍, ഒരു ഗവണ്‍മെന്‍റ് പ്രോഗ്രാമിലൂടെ മാത്രമാണു ലഭ്യമാക്കിയിരിക്കുന്നത്.

ക്രമേണ കൂടുതല്‍ രോഗികള്‍ക്ക് ഈ മരുന്ന് ലഭ്യമാക്കുമെന്നു ഗവണ്‍മെന്‍റ് പറഞ്ഞിട്ടുണ്ടെങ്കിലും ഈ വിധി ആ നടപടികള്‍ വേഗത്തിലാക്കുമെന്നു കരുതുന്നതായി പെണ്‍കുട്ടിയുടെ അഭിഭാഷകനായ ആനന്ദ് ഗ്രോവര്‍ പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന 'ലോയേഴ്സ് കളക്റ്റീവ്' എന്ന ഗ്രൂപ്പിലെ അംഗമാണ് ഗ്രോവര്‍.

മറ്റൊരു ചികില്‍സയും ചെയ്യാനില്ല എന്നു തെളിയിക്കുന്ന ടെസ്റ്റിനു ശേഷം മാത്രമായിരിക്കണം bedaquiline പ്രയോഗിക്കേണ്ടത് എന്ന നിയമം ഡോക്ടര്‍മാര്‍ അനുസരിക്കണം എന്നും രോഗിയുടെയും പൊതുസമൂഹത്തിന്‍റെയും നന്മയ്ക്കായുള്ള മുന്‍കരുതലാകും അതെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന ഗവണ്‍മെന്‍റ് ആശുപത്രിയുടെ അഭിഭാഷകനായ സാകേത് സിക്രി കോടതിയില്‍ വാദിച്ചത്. ആ ടെസ്റ്റുകളുടെ ഫലം വരാന്‍ ആറാഴ്ചയെങ്കിലും എടുക്കുമെന്നും ഇപ്പോള്‍ തന്നെ ശരീരഭാരം 24 കിലോഗ്രാമായി കുറഞ്ഞ രോഗിയെ സംബന്ധിച്ച് അത്രയും കാലതാമസം അപകടകരമാണെന്നുമാണ് പെണ്‍കുട്ടിയുടെ ഡോക്ടറും അഭിഭാഷകരും പറയുന്നത്.

സൂപ്പര്‍ ബഗ്ഗുകളുടെ (മുന്‍പു ഉപയോഗിച്ചിട്ടുള്ള മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കള്‍) ഭീഷണിയോടുള്ള പ്രതികരണം രൂപപ്പെടുത്താന്‍ സഹായിക്കുന്ന ഒരു നിലപാടാണ് പരിശോധിക്കപ്പെടുന്നത്. എന്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത്: മരുന്നുകളുടെ ദീര്‍ഘകാലത്തേയ്ക്കുള്ള കാര്യക്ഷമതയ്ക്കോ അതോ ഒരു മാരക രോഗത്തിനെതിരെ പെട്ടന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കോ?

"Bedaquiline ഉപയോഗത്തില്‍ ഇന്ത്യ കര്‍ശന നിയന്ത്രണങ്ങളാണ് വച്ചിരിക്കുന്നത്. കൂടാതെ, ഈ മരുന്ന് ലഭ്യമായിട്ടുള്ളവര്‍ മെഡിക്കല്‍ പ്രശ്നങ്ങളെ ബ്യൂറോക്രാറ്റിക് വിഷയങ്ങളാക്കി മാറ്റുകയും ചെയ്യുന്നു," ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ ലെക്ചററും വ്യാപകമായി മരുന്നുകളെ പ്രതിരോധിക്കുന്ന ക്ഷയരോഗ ത്തിന്‍റെ ചികില്‍സയില്‍ വിദഗ്ദ്ധയുമായ ജെന്നിഫര്‍ ഫ്യൂറിന്‍ പറഞ്ഞു. ഈ പെണ്‍കുട്ടിയുടെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച ഫ്യൂറിന്‍ അടിയന്തിരമായി രോഗിക്ക് bedaquiline ലഭ്യമാക്കണമെന്ന അഭിപ്രായം കോടതിക്കു നല്‍കുകയും ചെയ്തു. "ഈ ചെറുപ്പക്കാരിക്കു മരുന്നിന്‍റെ ഉപയോഗത്തിനായി നിയമയുദ്ധം നടത്തേണ്ട അവസ്ഥ ഉണ്ടാക്കുന്നതിനു പകരം കഴിഞ്ഞ ഒക്ടോബറില്‍ ചികില്‍സ ആരംഭിച്ചപ്പോള്‍ തന്നെ മരുന്നു കൊടുക്കുകയായിരുന്നു വേണ്ടിയിരുന്നത്."

ഈ കേസിനെ കുറിച്ച് അഭിപ്രായം പറയാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ഫോണ്‍ കോളുകളോടും ഇ-മെയിലുകളോടും ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്‍റെ വക്താവായ മനീഷ വര്‍മ പ്രതികരിച്ചില്ല. കമന്‍റിനായി ഗവണ്‍മെന്‍റിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരെയും ബന്ധപ്പെടാനായില്ല.

സൂപ്പര്‍ ബഗ്സ് എന്നു വിളിക്കപ്പെടുന്ന രോഗാണുബാധ മൂലമുണ്ടാകുന്ന ക്ഷയരോഗത്തിന്‍റെ ചികില്‍സയ്ക്കാണ് bedaquiline ഉപയോഗിക്കുന്നത്. സാധാരണ ഉപയോഗിക്കുന്ന ആന്‍റിബയോട്ടിക്കുകളെ അവ പ്രതിരോധിക്കുന്നു. ഒരു പ്രത്യേക ജനസമൂഹം എത്ര കൂടുതല്‍ ആന്‍റിബയോട്ടിക്സ് ഉപയോഗിക്കുന്നോ അത്രയും അവയെ പ്രതിരോധിക്കാനുള്ള അവസരം ക്രമേണ ബാക്റ്റീരിയയ്ക്കു കിട്ടുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2015ല്‍ 480,000 പേര്‍ക്ക് വിവിധ മരുന്നുകളെ പ്രതിരോധിക്കുന്ന തരം ക്ഷയരോഗം ബാധിച്ചിരുന്നു.

Bedaquiline വിതരണം ചെയ്യുന്നതില്‍ ഗവണ്‍മെന്‍റ് നിയന്ത്രണം വേണമെന്ന നിര്‍ദ്ദേശത്തോടെയാണ് ഇന്ത്യന്‍ റെഗുലേറ്റര്‍മാര്‍ മരുന്നിനു അംഗീകാരം നല്‍കിയത്. രോഗാണുക്കള്‍ പ്രതിരോധമാര്‍ജ്ജിക്കുന്നതിലൂടെ പുതിയ ചികില്‍സയും ദുര്‍ബലമാകാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇതെന്ന് യു‌എസ് ആസ്ഥാനമായ ജോണ്‍സണ്‍ & ജോണ്‍സന്‍റെ ഫാര്‍മസ്യൂട്ടിക്കല്‍ വിഭാഗമായ ജാന്‍സ്സന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍കോര്‍പ്പറേറ്റഡിന്‍റെ വക്താവ് അറിയിച്ചു.

600 രോഗികളുടെ ചികില്‍സയ്ക്കാവശ്യമായ മരുന്ന് സംഭാവന ചെയ്തിട്ടുണ്ടെന്നും 2019 വരെ ഒരു USAID പ്രോഗ്രാം വഴി അപേക്ഷിച്ചാല്‍ കൂടുതല്‍ സൌജന്യ ചികില്‍സാ കോഴ്സുകള്‍ ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

Sirturo എന്ന പേരില്‍ J&J വിപണിയിലിറക്കുന്ന bedaquiline "അന്‍റാസിഡ് ഒക്കെ പോലെ ഒരു വാണിജ്യ ഉല്‍പ്പന്നമല്ല. മറിച്ച്, ആന്‍റിമൈക്രോബിയല്‍ പ്രതിരോധമെന്ന ആഗോള ഭീഷണിയോടുള്ള കമ്പനിയുടെ പ്രതികരണമാണ്," വക്താവായ ജോഷിന കപൂര്‍ ഒരു ഇ-മെയിലില്‍ അറിയിച്ചു.

TBFacts.org എന്ന വെബ്സൈറ്റിലെ കണക്കാസുസരിച്ച് ലോകത്തേറ്റവും കൂടുതല്‍ ക്ഷയരോഗികളുള്ള ഇന്ത്യയില്‍ ഈ മരുന്നിനു വിലയീടാക്കാനുള്ള പദ്ധതിയുണ്ടായിരുന്നോ എന്ന ചോദ്യത്തോട് അവര്‍ പ്രതികരിച്ചില്ല.

"മറ്റെല്ലാ മരുന്നുകളും പരാജയപ്പെടാനുള്ള കാരണം അവയെല്ലാം യഥേഷ്ടം ലഭ്യമായിരുന്നു എന്നതാണ്. ഈ മരുന്നിന്‍റെ കാര്യത്തില്‍ നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ഞാന്‍ കരുതുന്നത്," പ്രിന്‍സ്റ്റന്‍ യൂണിവേഴ്സിറ്റി പ്രൊഫസറും Center for Disease Dynamics, Economics & Policy ഡയറക്ടറുമായ രമണന്‍ ലക്ഷ്മിനാരായണന്‍ പറഞ്ഞു. "Bedaquiline ലഭ്യത നിയന്ത്രിക്കേണ്ടത് ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്. വ്യാപകമായ രീതിയില്‍ മരുന്നുകളെ പ്രതിരോധിക്കുന്ന ക്ഷയരോഗം മൂലം മരണാസന്നനായ ഒരു രോഗിക്കാണ് ഇതു കൊടുക്കേണ്ടത്."

പെണ്‍കുട്ടിയുടെ സ്വകാര്യതയെ മാനിച്ച് പേരു വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട പിതാവു പറയുന്നത് രോഗം ഭേദമാകാനുള്ള സാദ്ധ്യതകളെ പറ്റി കുട്ടി ബോധവതിയാണെന്നും എങ്കിലും നിയമപരമായ തന്‍റെ അപേക്ഷ പ്രധാനമാണെന്ന് കരുതുന്നു എന്നുമാണ്. കേസു കൊടുക്കണമെന്ന അഭിപ്രായം തന്നെ കുട്ടിയുടേതാണെന്നാണ് അദ്ദേഹം പറയുന്നത്. "എനിക്കു സുഖപ്പെട്ടാലും ഇല്ലെങ്കിലും നാളെ മറ്റ് രോഗികള്‍ക്കു സഹായകമായ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം ഉണ്ടാകുമല്ലോ" എന്നാണ് മകള്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.


Next Story

Related Stories