TopTop
Begin typing your search above and press return to search.

'ഉഷ്ണരാശി' ഒരോര്‍മ്മപ്പെടുത്തല്‍; കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും കേരളത്തിനും

ഉഷ്ണരാശി ഒരോര്‍മ്മപ്പെടുത്തല്‍; കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും കേരളത്തിനും

ഉഷ്ണരാശി -കരപ്പുറത്തിന്റെ ഇതിഹാസം (നോവല്‍)

കെ വി മോഹന്‍ കുമാര്‍

പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്

വില:475.00 രൂപ

നോവലുകള്‍ കേവലം എഴുത്തുകാരന്‍/കാരി നിര്‍മ്മിക്കുന്ന ഭാവനാ ഭൂപടങ്ങളല്ല. മറിച്ച് നോവല്‍ ഉള്‍ക്കൊള്ളുന്ന അല്ലെങ്കില്‍ എഴുതപ്പെട്ട കാലഘട്ടത്തിന്റെ ചരിത്രത്തിലേക്കുള്ള ഉപാദാനങ്ങളോ ദിശാസൂചികളോ ആണ്. ലക്ഷണങ്ങളോ നിര്‍വ്വചനങ്ങളോ പാലിക്കാതെ എഴുതിയ നമ്മുടെ ആദ്യകാല നോവലുകളടക്കം നൂറ്റാണ്ടു പിന്നിട്ട മലയാളനോവല്‍ മൊത്തത്തില്‍ പരിശോധിച്ചാല്‍ കേരളത്തിന്‍റെ സമൂഹിക സാംസ്കാരിക ചരിത്രത്തിന്റെ അടരുകള്‍ കാണാന്‍ കഴിയും. ദേശചരിത്രവും പ്രാദേശിക ചരിത്രവും സ്വാതന്ത്ര്യ സമരചരിത്രങ്ങളും വ്യക്തികളുടെയും ഭരണാധികാരികളുടെയും ജീവചരിത്രവുമൊക്കെ നോവലിന് വിഷയമായിട്ടുണ്ടെങ്കിലും മലയാളത്തില്‍ ചരിത്രനോവലുകള്‍/ചരിത്രാഖ്യായികകള്‍ എന്ന രീതിയില്‍ നോവലുകളെ ആദ്യം പഠിക്കുന്നത് സി വി കൃതികളെയാണ്. തിരുവിതാം കൂറിന്‍റെ ചരിത്രത്തിലേക്കാണ് സി വി കൃതികള്‍ വായനക്കാരെ കൊണ്ടുപോയത്. ലക്ഷണമൊത്ത ആദ്യനോവലായി പരിഗണിക്കുന്ന ചന്തുമേനോന്‍റെ ‘ഇന്ദുലേഖ’യും അക്കാലഘട്ടത്തിലെ ചരിത്രത്തിന്‍റെ അരികുകള്‍ കാണിച്ചുതരുന്നുണ്ട്. ആദ്യകാല, നവോത്ഥാന, യഥാതഥ, ആധുനിക, ആധുനികാനന്തര കാലഘട്ടത്തില്‍ എഴുതപ്പെട്ട നോവലുകളെ പഠന വിധേയമാക്കിയാല്‍ കേരള സമൂഹ രൂപീകരണവുമായി ബന്ധപ്പെട്ടുകിടക്കുന്ന ചരിത്രത്തിന്റെ പരിണാമങ്ങള്‍ കണ്ടെത്താന്‍ കഴിയും.

ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ അതിന്റെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സമയത്ത് തന്നെയാണ് സ്വന്തം നാട്ടില്‍ ജന്‍മിത്വത്തിനും തൊഴിലാളി വര്‍ഗ്ഗ ചൂഷണങ്ങള്‍ക്കും ദിവാന്‍ ഭരണത്തിനുമെതിരായി ഐതിഹാസികമായ കമ്മ്യൂണിസ്റ്റ്/കര്‍ഷക സമരങ്ങള്‍ നടക്കുന്നത്. കരിവള്ളൂര്‍, ഒഞ്ചിയം, പുന്നപ്ര വയലാര്‍ തുടങ്ങിയ സമരങ്ങള്‍ നിരവധിപേരുടെ ജീവന്‍ ബലിയര്‍പ്പിച്ചുകൊണ്ട് കേരളത്തിന്‍റെ സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങള്‍ക്ക് അടിത്തറപാകിയ സമരങ്ങളാണ്. ഇത്തരം സമരങ്ങള്‍ പലപ്പോഴും സാഹിത്യത്തിന് വിഷയമായിട്ടുണ്ട്. കൊളോണിയല്‍ ഫ്യൂഡല്‍ കാര്‍ഷിക ഘടനയും കുട്ടനാടന്‍ കര്‍ഷക തൊഴിലാളികള്‍ നേരിടുന്ന അടിമത്തവുമാണ് ‘രണ്ടിടങ്ങഴി’ എന്ന നോവലിലൂടെ തകഴി ആവിഷ്ക്കരിക്കുന്നത്. ചെറുകാടിന്‍റെ മണ്ണിന്‍റെ മാറില്‍, ഭൂപ്രഭു, മൂത്തശ്ശി തുടങ്ങിയ നോവലുകള്‍ ജന്മിത്വം, കുടിയൊഴിക്കല്‍, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം, രാഷ്ട്രീയ സമരങ്ങള്‍ എല്ലാം ചര്‍ച്ചചെയ്യുന്നുണ്ട്. സി രാഘവന്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്ത നീരഞ്ജനയുടെ ‘ചിരസ്മരണ’ എന്ന കന്നഡ നോവല്‍ (കയ്യൂര്‍ സമരം), വല്‍സലയുടെ ചാവേര്‍, പി വി കെ പനയാലിന്റെ ഖനിജം, സി വി ബാലകൃഷ്ണന്‍റെ ഉപരോധം, സതീഷ്ബാബു പയ്യന്നൂരിന്റെ മണ്ണ് തുടങ്ങിയ നോവലുകളെല്ലാം തന്നെ മലബാറിലെ കര്‍ഷകസമരങ്ങളുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും പശ്ചാത്തലത്തില്‍ എഴുതിയതാണ്. ആര്‍ രാഘവന്‍ നായര്‍ എഴുതിയ പുന്നപ്രവയലാര്‍ അഥവാ ബാലശിവന്‍ എന്ന നോവലില്‍ തിരുവിതാംകൂറിലെ അവസാന ദിവാനായിരുന്ന സര്‍ സി പി യുടെ അധികാരകാലവും കമ്മ്യൂണിസത്തിന്‍റെ ആദ്യകാല വളര്‍ച്ചയും പ്രതിപാദിക്കുന്നുണ്ട്. കെ സുരേന്ദ്രന്റെ ‘പതാക’ എന്ന നോവലിലും പുന്നപ്ര വയലാര്‍ സമരവും അതിനുശേഷമുള്ള രാഷ്ട്രീയ മുന്നേറ്റങ്ങളും പരാമര്‍ശവിധേയമാകുന്നുണ്ട്. കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ്, കര്‍ഷക സമരങ്ങള്‍ സാഹിത്യത്തില്‍ മാത്രമല്ല സിനിമയ്ക്കും പലതവണ വിഷയമായിട്ടുണ്ട്. അത്തരം സംരംഭങ്ങള്‍ ചരിത്രത്തോടു എത്രമാത്രം നീതിപുലര്‍ത്തിയിട്ടുണ്ട് എന്നത് പഠന വിധേയമാക്കേണ്ടതാണ്.

പുതിയ കാലത്ത് മലയാള നോവല്‍ ദേശത്തെയും സ്വത്വത്തെയും രേഖപ്പെടുത്തുകയും ചരിത്രത്തില്‍ വിട്ടുപോയ ഇടങ്ങളെ പൂരിപ്പിക്കുന്നതില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തുകയും ചെയ്യുന്നുണ്ട്. കെ വി മോഹന്‍ കുമാറിന്‍റെ ‘ഉഷ്ണരാശി- കരപ്പുറത്തിന്റെ ഇതിഹാസം’ എന്ന നോവലിന്‍റെ പശ്ചാത്തലം പുന്നപ്ര വയലാര്‍ സമരമാണ്. കരപ്പുറത്ത് ജനിച്ച് അരക്ഷിത ബാല്യത്തിന്റെ തീപിടിച്ച നാളുകളില്‍ അമ്മയില്‍ നിന്നു പുന്നപ്ര വയലാര്‍ സമര ചരിത്രം കെട്ടുവളര്‍ന്ന ഒരെഴുത്തുകാരന്‍ എന്ന നിലയ്ക്ക് ഇതെഴുതാതെ പോയാല്‍ ചരിത്രം എന്നെ കുറ്റക്കാരനെന്ന് വിളിക്കും’ എന്ന ആമുഖത്തോടെയാണ് മോഹന്‍ കുമാര്‍ നോവലിലേക്ക് വായനക്കാരെ ക്ഷണിക്കുന്നത്.

മലയാളിയായ സഖാവ് സത്യദാസിന്‍റെയും ബംഗാളി ഏഴിത്തുകാരി സ്നേഹലത ചാറ്റര്‍ജിയുടെയും മകള്‍ അപരാജിത അച്ഛന്‍ സത്യദാസിന്‍റെ മരണത്തിന് ശേഷം കൂട്ടുകാരി ദിശയോടൊപ്പം സ്വന്തം വേരുകള്‍ തേടി പുന്നപ്രയില്‍ എത്തുന്നതും ആ നാടിന്റെ സമരചരിത്രത്തിന്റെ ഇതിഹാസം ‘കരപ്പുറത്തിന്റെ ഇതിഹാസം’ എന്നപേരില്‍ എഴുതുന്നതുമാണ് നോവലിന്റെ പ്രമേയം. ജീവിച്ചിരിക്കുന്ന സമര സഖാക്കളില്‍ നിന്നും രക്തസാക്ഷികളുടെ ബന്ധുക്കളില്‍ നിന്നും പൂര്‍വ്വികര്‍ എഴുതിവെച്ച ചരിത്ര പുസ്തകങ്ങളില്‍ നിന്നുമൊക്കെയാണ് അപരാജിത നോവലിനായുള്ള ഉപാദാനങ്ങള്‍ കണ്ടെത്തുന്നത്. ചരിത്രത്തെ നോവല്‍വല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ നോവല്‍ രചനയ്ക്ക് സമാന്തരമായി അപരാജിത അച്ഛന്‍ സമ്മാനിച്ച ചെഗുവേരയുടെ ‘ബൊളീവിയന്‍ ഡയറി’ വായിക്കുകയും ചരിത്രത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലെ ഭ്രമാത്മകമായ ഒരു ലോകത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്.

ദാരിദ്ര്യവും പട്ടിണിയും അടിമത്വവും തൊട്ടുകൂടായ്മയും അനുഭവിച്ചിരുന്ന കീഴാള ജനതയ്ക്ക് ദിവാന്‍ഭരണത്തിന്‍ കീഴില്‍ ജന്മിമാരില്‍ നിന്നും റിസര്‍വ് പൊലീസില്‍ നിന്നും പട്ടാളക്കാരില്‍ നിന്നും നേരിടേണ്ടിവന്ന അങ്ങേയറ്റം ക്രൂരമായ പീഢനങ്ങളും അതിജീവന സമരത്തിനായുള്ള അവരുടെ മുന്നൊരുക്കങ്ങളും ഐതിഹാസികമായ സമരത്തിന്റെ തീക്ഷ്ണതയും എണ്ണമറ്റ രക്തസാക്ഷിത്വവും അപരാജിതയുടെ നോവലിലേക്ക് പലപ്പോഴായി കടന്നുവരികയാണ്. കരപ്പുറത്തിന്റെ സിരാപടലങ്ങള്‍ ചികഞ്ഞെടുത്ത വാസുദേവന്‍ മാഷ് പലപ്പോഴായി എഴുതിയ നോവല്‍ ഭാഗങ്ങള്‍ അപരാജിതയ്ക്ക് നോവലെഴുത്തില്‍ പ്രയോജനപ്പെടുന്നുമുണ്ട്. വാസുദേവന്‍ മാഷിന്റെ നോവലില്‍ അപരാജിത കണ്ടെത്തുന്ന പേരാണ് ഉഷ്ണരാശി. അങ്ങനെ കരപ്പുറത്തിന്റെ ഇതിഹാസം ‘ഉഷ്ണരാശി; കരപ്പുറത്തിന്റെ ഇതിഹാസം’ എന്ന രീതിയിലേക്ക് വളരുന്നു.

രാവിലെ മുതല്‍ പാടത്തും പറമ്പിലും വിയര്‍പ്പൊഴുക്കി പണിയെടുത്ത് ജന്‍മികളുടെ പത്തായവും വയറും നിറക്കുന്നകീഴാള ജനതയ്ക്കു ഒരിയ്ക്കലും വിശപ്പുമാറിയിരുന്നില്ല. അവരുടെ കുട്ടികള്‍ പട്ടിണിയും ദാരിദ്ര്യവും കൊണ്ട് പിടഞ്ഞുമരിക്കുമ്പോള്‍ അറിയാതെയെങ്ങാനും ഒരു കരിക്കോ ഇളനീരോ പറിച്ചെന്നറിഞ്ഞാല്‍ അതേ തെങ്ങില്‍ കെട്ടി അടിച്ചു കൊല്ലുന്ന ദാരുണ ചിത്രങ്ങള്‍ ചരിത്രത്തില്‍ നിന്നടര്‍ത്തി എടുത്ത് നോവലില്‍ പുനര്‍നിര്‍മ്മിക്കുന്നുണ്ട്. കീഴാളര്‍ അടുത്തുകൂടെ വഴി നടന്നാലോ അവരെ ചൂരല്‍ കൊണ്ട് പ്രഹരിച്ചാലോ കുളിക്കേണ്ടിവരുന്ന ജന്‍മിവര്‍ഗ്ഗം കീഴാള സ്ത്രീശരീരങ്ങളില്‍ സ്വന്തം കാമം ശമിപ്പിക്കുന്നതില്‍ അയിത്തമോ തൊട്ടുകൂടായ്മയോ കാണുന്നില്ല. ജന്‍മിത്വത്തിന് ജാതിയോ മതമോ ഇല്ലായിരുന്നു. നായരും ക്രിസ്ത്യാനിയും ഒരേ മനസ്സോടെയാണ് കീഴാളനെ ചൂഷണം ചെയ്തത്. സ്ത്രീകളെ കാമപൂരണത്തിന് ഉപയോഗിച്ചത്.

പുന്നപ്ര വയലാര്‍ സമരത്തിന് നേതൃത്വം കൊടുത്തവരും സമരത്തില്‍ പങ്കെടുത്തവരും സമരത്തില്‍ രക്തസാക്ഷികളായവരും നോവലില്‍ കഥാപാത്രങ്ങളാണ്. സഖാവ് കൃഷ്ണപ്പിള്ള, ഇ എം എസ്, എ കെ ജി, ടി വി തോമസ്, ആര്‍ സുഗതന്‍, പി കെ ചന്ദ്രാനന്ദന്‍, കെ വി പത്രോസ്, സൈമണ്‍ ആശാന്‍, വര്‍ഗ്ഗീസ് വൈദ്യര്‍, സി കെ കുമാരപ്പണിക്കര്‍, അനഘാശയന്‍, രാഘവന്‍ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളും പട്ടം താണുപ്പിള്ള ആര്‍ ശങ്കര്‍, സര്‍ സി പി, വേട്ടക്കല്‍ കോച്ച, അപ്ലോണ്‍ അറൌജ്, സത്യനേശന്‍ നാടാര്‍ (സിനിമ നടന്‍ സത്യന്‍) തുടങ്ങി അധികാര/ജന്മി വര്‍ഗ്ഗവും ജീവിച്ചിരിക്കുന്നവരും മണ്‍മറഞ്ഞവരുമായി പ്രധിനിധാനങ്ങള്‍ നിരവധിയുണ്ട് നോവലില്‍.

ചരിത്രം എപ്പോഴും സ്ത്രീകളെ അകറ്റി നിര്‍ത്തുകയാണ് പതിവ്. നമ്മുടെ സമര ചരിത്രങ്ങളെല്ലാം പരിശോധിച്ചാല്‍ മുന്നില്‍ നിന്നു നയിച്ച പുരുഷന്മാരുടെ പേരുകളാവും പെട്ടെന്നു തെളിഞ്ഞു വരിക. അതൊരു ചരിത്ര യാഥാര്‍ത്യമാണ്.പുന്നപ്ര വയലാര്‍ സമരത്തിന് എല്ലാ പിന്തുണയും കൊടുത്തു ഒളിവില്‍ കഴിയുന്ന സഖാക്കള്‍ക്ക് സ്വയം പട്ടിണികിടന്ന് ഭക്ഷണം കൊടുത്തും അവരെ പോലീസില്‍ നിന്നു രക്ഷിക്കാന്‍ കാവലിരുന്ന നിരവധി സ്ത്രീകളുണ്ട് ചരിത്രത്തില്‍. അവരെ പ്രധിനിധീകരിക്കുന്ന ജീവസ്സുറ്റ നിരവധി സ്ത്രീകഥാപാത്രങ്ങള്‍ നോവലിണ്ട്. കുഞ്ഞച്ചന്‍ മുതലാളിയുടെ വര്‍മ്മസ്ഥാനത്ത് കടിക്കുന്ന കൊച്ചുതങ്ക, തന്‍റെ പിന്‍ഭാഗത്ത് പിടിച്ച ശൌരിയാരുടെ കൈക്കു വെട്ടുന്ന പട്ടാളക്കാരുടെ പീഡനത്തിനിടെയില്‍ അവരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്ന പാപ്പി, വെട്ടയ്ക്കല്‍ കോച്ചയെ മുട്ടുകുത്തിച്ച കൊച്ചുനീലി, ചന്ദ്രപ്പന്റെ കയ്യില്‍ നിന്നു കൊച്ചു പാറുവിനെ രക്ഷിക്കുന്ന കെമ്പി, പട്ടാളക്കാരുടെ ക്രൂര പീഢനത്തിനിരയായി ആത്മഹത്യ ചെയ്യുന്ന മാര, ഭാര്‍ത്താവിന്‍റെ സംഘടനാ പ്രവര്‍ത്തനത്തിന് നിശ്ശബ്ദ പിന്തുണ നല്കുകയും അടിയന്തിരാവസ്ഥക്കാലത്ത് പോലീസ് മര്‍ദ്ദനം എല്‍ക്കേണ്ടിവരികയും ചെയ്യുന്ന മാലിനി ടീച്ചര്‍ ഇവരൊന്നും പ്രത്യക്ഷത്തില്‍ സമരത്തിന്റെ ഭാഗമല്ല. മറിച്ച് ചരിത്ര നിര്‍മ്മാണത്തിലെ നിശ്ശബ്ദ പങ്കാളികളാണ്. അതുകൊണ്ടു തന്നെ പുന്നപ്ര വയലാര്‍ സമരം കമ്മ്യൂണിസ്റ്റ്/കര്‍ഷക സമരം മാത്രമല്ല. അത് സ്ത്രീകളുടെയും കീഴാളരുടെയും സമരവും കൂടെയാണ്.

കേരളത്തിലെ തൊഴിലാളി യൂണിയനുകളുടെ ഉദയവും വളര്‍ച്ചയും അതിന്റെ ചരിത്ര പ്രാധാന്യവും ചര്‍ച്ച ചെയ്യുന്ന നോവല്‍ കേരള ചരിത്രത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രസക്തി എന്തായിരുന്നു എന്ന സത്യത്തിലേക്കുള്ള ഒരന്വേഷണവും കൂടിയാണ്. ലോകത്തില്‍ തന്നെ ആദ്യമായി തൊഴിലാളികള്‍ അധികാരം പിടിച്ചെടുത്ത മുപ്പതിനായിരത്തോളം കമ്മ്യൂണാഡുകള്‍ (communards) വെടിയേറ്റ് മരിക്കുകയും പതിനായിരങ്ങള്‍ തടവിലാവുകയും ചെയ്ത പാരീസ് കമ്മ്യൂണിനെനെ കുറിച്ചും ചെഗുവേരയുടെ വിപ്ലവത്തെകുറിച്ചും അപരാജിതയും നിരഞ്ജനും സംസാരിക്കുന്നുണ്ട്. കൂടാതെ രണ്ടാം ലോക മഹായുദ്ധവും യുദ്ധാനന്തരം ലോകം അഭിമുകീകരിക്കുന്ന പ്രശ്നങ്ങളും നോവല്‍ ചര്‍ച്ച ചെയ്യുന്നു. പട്ടാളത്തില്‍ ചേക്കേറിയ നാട്ടുകാര്‍ വെറും കൈയ്യോടെ തിരിച്ചെത്തുന്നു. നാട്ടിലെങ്ങും പട്ടിണിയും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും എല്ലാറ്റിനും മീതെ തിന്നുകൊഴുത്ത ജന്മിമാരുടെ ചൂഷണവും. ഇത്തരമൊരു സാമൂഹ്യാന്തരീക്ഷത്തിലാണ് പുന്നപ്രയില്‍ ഐതിഹാസിക സമരം അരങ്ങേറിയത്.

പട്ടാളക്കാരുടെ നിറതോക്കിനുമുന്നില്‍ നെഞ്ചുകാട്ടി അവര്‍ അലറി വിളിക്കുന്നത് ഇങ്ങനെയാണ് ‘സഖാക്കളെ നിങ്ങാക്കും കൂടെ വേണ്ടീട്ടാണു ഞാങ്ങ ചാവുന്നേ. ഈ നാടിനും നാട്ടാര്‍ക്കും വേണ്ടീട്ട്...നീങ്ങാക്ക് ജീവന്‍ വേണ്ടീട്ടാണു ഞങ്ങളെ കൊല്ലണെ കൊന്നോ...വെടിവെച്ചു കൊന്നോ..’ വഴി നടക്കാനും മാറ് മറക്കാനും അമ്പലത്തില്‍ കയറാനുമൊക്കെ സമരം ചെയ്യേണ്ടിവന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തിലും. നമ്മളനുഭവിക്കുന്ന ഓരോ സ്വാതന്ത്ര്യവും ആരുടെയൊക്കെയോ രക്തസാക്ഷിത്വത്തിന്റെയോ സമരവീര്യത്തിന്റെയോ ബാക്കിപത്രമാണ്. സമരസപ്പെടലുകളുടെ, നിസ്സംഗതകളുടെ വര്‍ത്തമാനകാലത്ത് ചരിത്രം ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകുന്നുണ്ട്.

മൊബൈലും ലാപ്ടോപ്പും ഇന്‍റര്‍നെറ്റുമുള്ള സമകാലത്ത് നിന്ന് പോയകാലത്തിന്റെ ചരിത്രത്തിലേക്കും ചരിത്രത്തില്‍ നിന്നു വര്‍ത്തമാന കാലത്തിലേക്കും സഞ്ചരിക്കുന്നുണ്ട് നോവലിന്റെ ആഖ്യാനം. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന കമ്മ്യൂണിസ്റ്റ് ഭരണത്തിനു ബംഗാളില്‍ സംഭവിച്ച പതനം, തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുക്കുകയും പാര്‍ട്ടി ഓഫീസുകള്‍ കയ്യേറുകയും ചെയ്യുന്നത്, ഇടതുകോട്ട എന്നറിയപ്പെട്ടിരുന്ന ജെ എന്‍ യു വില്‍ ഇടതുപക്ഷ സംഘടന പരാജയം ഏറ്റുവാങ്ങുന്നത് തുടങ്ങി നിരവധി വര്‍ത്തമാന കാല യാഥാര്‍ത്ഥ്യങ്ങള്‍ നോവലില്‍ പലപ്പോഴായി പരാമര്‍ശിക്കപ്പെടുന്നുണ്ട്. പുതിയ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തില്‍ സായുധ വിപ്ലവം സ്വപ്നം കാണുന്ന ഒരു ചെറു ന്യൂനപക്ഷത്തിന്‍റെ പ്രതിനിധിയാണ് നിരഞ്ജന്‍. വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന അവര്‍ സായുധ വിപ്ലവത്തിലൂടെയേ സാമൂഹിക മാറ്റം സാധ്യമാകൂ എന്നു വിശ്വസിക്കുന്നവരാണ്. അതുകൊണ്ടു തന്നെ ഭരണകൂടത്തിന്റെ നിരീക്ഷണത്തിലാണവര്‍. ഛത്തീസ്ഘടില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ വീഡിയോ ദൃശ്യത്തിലാണ് നോവല്‍ അവസാനിക്കുന്നത്.

ഫാസിസ്റ്റുകള്‍ എപ്പോഴും എഴുത്തുകാരെ ഭയന്നിരുന്നു എന്നതിന്‍റെ സൂചനകളുമുണ്ട് നോവലില്‍. തിരുവിതാംകൂറിലെ ജനങ്ങളുടെ കഷ്ടപ്പാടുകളെ കുറിച്ച് കഥ എഴുതിയതിന് പൊന്‍കുന്നം വര്‍ക്കിയെ അറസ്റ്റ് ചെയ്യുകയും തകഴി, കേശവ്ദേവ്, കുറ്റിപ്പുറം കൃഷ്ണപ്പിള്ള എന്നിവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്യുന്നുണ്ട് ഭരണകൂടം. ഫാസിസ്റ്റുകളുടെ തോക്കിന്‍ കുഴലില്‍ എഴുത്തുകാര്‍ നിശ്ശബ്ദരാക്കപ്പെടുന്ന ഭീതിദമായ ഒരന്തരീക്ഷത്തിലൂടെയാണ് നമ്മളിന്നു കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണിവിടെ.

പുതിയ കാലത്ത് കോര്‍പ്പറേറ്റുകളോടും മാഫിയകളോടുമാണ് ഏറ്റുമുട്ടേണ്ടതെന്ന് അപരാജിത അച്ഛനോട് പറയുമ്പോള്‍ അതിനുള്ള സത്യാദാസിന്‍റെ മറുപടി ഇങ്ങനെയാണ് “ആരെങ്കിലുമൊക്കെ അതിനും വേണ്ടേ? ഈ ഭൂമിയെ രക്ഷിക്കാന്‍. ഈ സമൂഹത്തെ രക്ഷിക്കാന്‍...നിനക്കറിയുവോ, സാമ്പത്തിക വളര്‍ച്ച നേടാനെന്ന പേരില്‍ മന്‍മോഹന്‍ സിംഗ് തുടങ്ങിവെച്ച നവ ഉദാര നയങ്ങള്‍ ഈ രാജ്യത്തെ എവിടെയാണ് കൊണ്ടെത്തിച്ചതെന്ന്? അസമത്വത്തിന്റെ ആഴങ്ങളിലേക്ക്. ശതകോടീശ്വരന്‍മാരുടെ എണ്ണം നാലോ അഞ്ചോ ഇരട്ടിയായി. ദരിദ്രരുടെ സ്ഥിതിയോ? വരുമാന- ഉപഭോഗ കണക്കുകള്‍ താഴ്ത്തി ദാരിദ്ര്യത്തിന്‍റെ തോത് കുറഞ്ഞുവെന്ന് വീമ്പിളക്കിയത് കൊണ്ടായില്ലല്ലോ? ഒരു വശത്ത് കുതിച്ചുകയറുന്ന വിലക്കയറ്റം. മറുവശത്ത് നവ ഉദാരണയങ്ങളുടെ ഉപോല്‍പ്പന്നമെന്നോണം വളരുന്ന അഴിമതി. പ്രകൃതി വിഭവങ്ങളത്രയും കൊള്ളയടിക്കാന്‍ ദേശീയ - ബഹുരാഷ്ട്ര കുത്തകകള്‍ക്ക് എല്ലാവിധ ഒത്താശയും..ഈ വ്യവസ്ഥിതിയുടെ വേരറുക്കാതെ വയ്യ.. രാജ്യമെങ്ങും ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് വിപ്ലവത്തിന് സമയമായി.”

നിലനില്‍പ്പിനും അതിജീവനത്തിനും വേണ്ടി അടിച്ചമര്‍ത്തലുകള്‍ക്കും ചൂഷണങ്ങള്‍ക്കും ഇടയില്‍ നിന്ന് എണ്ണമറ്റ നിലവിളികള്‍ ഉയരുന്ന കലുഷമായ ഒരു സാമൂഹ്യ അന്തരീക്ഷത്തില്‍ ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്. കോര്‍പ്പറേറ്റുകളോടും മാഫിയകളോട് ഒപ്പമല്ല അടിസ്ഥാന വര്‍ഗ്ഗത്തിന്റെ/ മണ്ണിന്‍റെ മണമുള്ള മനുഷ്യരോടൊപ്പമായിരിക്കണം ഓരോ കമ്മ്യൂണിസ്റ്റ് കാരനും നില്‍ക്കേണ്ടത് എന്ന ഓര്‍മ്മപ്പെടുത്തല്‍. അവനവന്‍റെ ഉന്നമനത്തിന് വേണ്ടിയായിരുന്നില്ല പുന്നപ്രയിലെ വലിയ ചൂടുകാട്ടില്‍ എണ്ണമറ്റ മനുഷ്യര്‍ ജീവനോടെയും അല്ലാതെയും എരിഞ്ഞടങ്ങിയത്. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു ചരിത്രം ഉണ്ടായിരുന്നു വെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. അഥവാ ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ഉഷ്ണരാശി പ്രസക്തമാകുന്നത് ഇവിടെയാണ്.

ജീവിച്ചിരിക്കുന്നവരെയും മണ്‍മറഞ്ഞവരെയും കഥാപാത്രങ്ങളാക്കി ഒരു കാലഘട്ടത്തിന്റെ സാമൂഹ്യജീവിതവും ചൂഷണങ്ങളും ക്രൂരപീഢനങ്ങളും പ്രതിരോധങ്ങളും പ്രത്യാക്രമണങ്ങളുമൊക്കെ പുനസൃഷ്ടിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. കൃത്യമായ ചരിത്രബോധവും സര്‍ഗ്ഗാത്മകതയും ഭാവനയും പുതുമയുള്ള ആഖ്യാന തന്ത്രവും കൊണ്ട് കെ വി മോഹന്‍ കുമാര്‍ ഈ വെല്ലുവിളികളെ നേരിടുന്നു എന്നിടത്താണ് ഉഷ്ണരാശി മനോഹരമായ ഒരു നോവല്‍ ശില്‍പ്പമായി മാറുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories