TopTop
Begin typing your search above and press return to search.

സോവിയറ്റ് യൂണിയന്റെ ഇസ്ലാം വിരുദ്ധത സൃഷ്ടിച്ചത് തീവ്രവാദികളുടെ തലമുറയെയോ?

സോവിയറ്റ് യൂണിയന്റെ ഇസ്ലാം വിരുദ്ധത സൃഷ്ടിച്ചത് തീവ്രവാദികളുടെ തലമുറയെയോ?

അമാന്‍ഡ എറിക്സണ്‍

1929-ല്‍ സോവിയറ്റ് നേതാവ് മിഖായില്‍ കലിനിന്‍ മധ്യേഷ്യയെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് ഇങ്ങനെ വതരിപ്പിച്ചു: “കീര്‍ഗീസ് സ്റ്റെപ്പിയിലെ ജനങ്ങളെയും, ഉസ്ബെക് പരുത്തി കര്‍ഷകനെയും, തുര്‍മേനിയന്‍ തോട്ടക്കാരനെയും ലെനിന്‍ഗ്രാഡ് തൊഴിലാളിയുടെ ആദര്‍ശങ്ങള്‍ പഠിപ്പിക്കുക.”

അതൊരു വലിയ ലക്ഷ്യമായിരുന്നു, പ്രത്യേകിച്ചും മതത്തിന്റെ കാര്യം വരുമ്പോള്‍. അവിടെയുള്ള 90 ശതമാനം ജനങ്ങളും മുസ്ലീങ്ങളായിരുന്നു. പക്ഷേ യു എസ് എസ് ആറിന്റെ രാഷ്ട്രമതം നിരീശ്വരവാദവും. അതുകൊണ്ട് 1920-കളുടെ ആദ്യം തന്നെ സോവിയറ്റ് സര്‍ക്കാര്‍ മധ്യേഷ്യയില്‍ ഇസ്ലാമിനെ നിരോധിച്ചു. അറബിയിലെഴുതിയ പുസ്തകങ്ങള്‍ ചുട്ടെരിച്ചു. മുസ്ലീങ്ങള്‍ക്ക് ഔദ്യോഗിക പദവികള്‍ നല്‍കിയില്ല. ഖുറാന്‍ കോടതികളും മദ്രസകളും അടച്ചുപൂട്ടിച്ചു. മുസ്ലീം മതാചാരങ്ങള്‍ നടത്തുക അസാധ്യമായി. 1912-ല്‍ മധ്യേഷ്യയില്‍ ഏതാണ്ട് 26,000 പള്ളികളുണ്ടായിരുന്നു. 1941-ആയപ്പോഴേക്കും അത് വെറും 1,000 ആയി.

എന്നാല്‍ ഇസ്ലാമിനെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ വിശ്വാസികളെ കൂടുതല്‍ തീവ്രവാദികളാക്കിയതെയുള്ളൂ. ഈ പ്രവണത കഴിഞ്ഞ നൂറ്റാണ്ടില്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ അത് കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. ഇന്നിപ്പോള്‍ മധ്യേഷ്യയിലെ മുസ്ലീങ്ങള്‍ വളരെ വേഗത്തില്‍ തീവ്രവാദ പാതയിലേക്ക് നീങ്ങുകയാണ്. ആയിരങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോയി. തുര്‍ക്കിയിലെ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത് കഴിഞ്ഞയാഴ്ച്ച ഇസ്താന്‍ബൂളിലെ ഒരു നിശാശാലയില്‍ 39 പേരെ കൊന്നയാള്‍ കിര്‍ഗിസ്ഥാനില്‍ നിന്നുള്ള ഒരു ഉയിഗുര്‍ ആണെന്നാണ്.

1930-കളില്‍ ഇസ്ലാമിനെതിരായ സോവിയറ്റ് നീക്കം മിതവാദികളായ ഇമാമുകളെയും നേതാക്കളെയും നിശബ്ദരാക്കി. പക്ഷേ മതമൌലികവാദി നേതാക്കള്‍ നിശബ്ദമായി അനുയായികളെ ആകര്‍ഷിച്ചു. കടുത്ത യാഥാസ്ഥിതികനായിരുന്ന ഷമീ-ദാമുള്ളയായിരുന്നു അതില്‍ പ്രമുഖന്‍. 1932-ല്‍ അയാളെ തടവിലിട്ടെങ്കിലും നൂറുകണക്കിന് അനുയായികള്‍ അയാളുടെ തീവ്ര ആശയങ്ങള്‍ താത്ക്കാലിക പള്ളികളിലും ഒളിവിലുള്ള മദ്രസകളിലുമായി പ്രചരിപ്പിച്ചു. 1940-കളില്‍ ഔദ്യോഗിക മതം സംബന്ധിച്ച സോവിയറ്റ് യൂണിയന്റെ നിലപാടില്‍ ജോസഫ് സ്റ്റാലിന്‍ അയവ് വരുത്തിയപ്പോള്‍ ആ ആത്മീയ നേതൃ സംഘമാണ് സര്‍ക്കാര്‍ നടത്തിയ പൊതു ഭരണ സമിതികള്‍ ഏറ്റെടുക്കാന്‍ ഉണ്ടായിരുന്നത്.

അവര്‍ അത് ചെയ്തു. 1970-കളോടെ മധ്യേഷ്യയില്‍ മിക്കയിടത്തും ഇസ്ലാം തിരിച്ചുവരവ് നടത്തി. റമദാന്‍ അവധിയും നൂവ്രസ് പുതുവര്‍ഷവും പരസ്യമായി ആഘോഷിച്ചു. ചായക്കടകള്‍ പള്ളികളായും മാറി.

1980-കളില്‍ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശം മതമൌലികവാദികളെ വീണ്ടും ശക്തിപ്പെടുത്തി. മിക്ക മധ്യേഷ്യന്‍ രാജ്യങ്ങളും യു എസ് എസ് ആറിന് എതിരായി. ദുര്‍ബലമായ യാത്രാ നിയന്ത്രണങ്ങള്‍ മൂലം മധ്യേഷ്യയില്‍ നിന്നും ആളുകളും വിവരങ്ങളും കൂടുതലായി വരാന്‍ തുടങ്ങി.

സോവിയറ്റ് യൂണിയന്‍ തകരുന്ന കാലത്തോടെ പുതുതായി രൂപം കൊണ്ട രാജ്യങ്ങളിലെ ദുര്‍ബലമായ സര്‍ക്കാരുകളെ എതിരിടാന്‍ പാകത്തില്‍ വളര്‍ന്നിരുന്നു തീവ്രവാദി മുസ്ലീങ്ങളുടെ ശൃംഖല. 1991-ല്‍ ഉസ്ബെക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാര്യാലയത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത ഒരു സംഘം തീവ്രവാദികളുടെ ആവശ്യം ശരിയ നിയമം നടപ്പാക്കണമെന്നും സ്കൂളുകളില്‍ കുട്ടികളെ ലിംഗാടിസ്ഥാനത്തില്‍ വേര്‍തിരിക്കണം എന്നുമായിരുന്നു. 1992-ല്‍ അതേ തീവ്രവാദികള്‍ പ്രാദേശിക അധികൃതരെ ബന്ദികളാക്കി. രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത് കൂടുതല്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാരാവശ്യപ്പെട്ടു ആയിരക്കണക്കിനാളുകള്‍ പ്രസിഡണ്ട് ഇസ്ലാം കരീമോവിനെതിരെ പ്രകടനം നടത്തി.

കിര്‍ഗിസ്ഥാനില്‍ മതപ്രചാരകരുടെ സന്ദേശങ്ങള്‍ പുറത്തുവിടും മുന്‍പ് പരിശോധിക്കുമായിരുന്നു. ഉസ്ബെക്കിസ്ഥാനില്‍ താടി നിരോധിച്ചു. ഇസ്ളാമിക വസ്ത്രവും നിയമവിരുദ്ധമാക്കി. ഹലാല്‍ ഭക്ഷണശാലകള്‍ അടപ്പിച്ചു. ഈ അടിച്ചമര്‍ത്തലുകള്‍ മുഖ്യധാര മുസ്ലീങ്ങളെ ഒളിവിലേക്കയച്ചു, തീവ്രവാദികളുടെ കയ്യിലായി കാര്യങ്ങള്‍. ഇന്നിപ്പോള്‍, International Crisis Group എന്ന എന്‍ജിഓ കണക്കാക്കുന്നത്, മധ്യേഷ്യയില്‍ 2000-നും 4000-നും ഇടയ്ക്ക് ആളുകള്‍ തീവ്രവാദികളായിട്ടുണ്ട് എന്നാണ്. ഉസ്ബെക്കിസ്ഥാനിലെ ഇസ്ലാമിക് മുന്നേറ്റം താലിബാനും മറ്റ് സംഘങ്ങളുമായി പങ്കാളികളാവുകയും അഫ്ഗാനിസ്ഥാനില്‍ സഖ്യസേനക്കെതിര പോരാടുകയും പാകിസ്ഥാനില്‍ ആക്രമണം നടത്തുകയും ചെയ്തു. ഈയടുത്ത് കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്കെകില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെന്നു കരുതുന്ന 6 പേര്‍ കൊല്ലപ്പെട്ടു.

സര്‍ക്കാര്‍ നേതാക്കള്‍ പോലും ഇതില്‍ നിന്ന്‍ മുക്തരല്ല. കഴിഞ്ഞ വര്‍ഷം താജിക്കിസ്ഥാനിലെ പ്രധാന പോലീസ് സേനയുടെ തലവന്‍ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കൂറുമാറി. യു ട്യൂബില്‍ ഇട്ട ഒരു ദൃശ്യത്തില്‍ സര്‍ക്കാരിനെ ‘നായ്ക്കള്‍’ എന്നുവിളിക്കുന്ന അയാള്‍ റഷ്യയിലും യു.എസിലും ജിഹാദ് കൊണ്ടുവരുമെന്നും വാഗ്ദാനം ചെയ്യുന്നു.


Next Story

Related Stories