TopTop

ഉസ്താദ് അംജദ് അലിഖാന്റെ സംഗീതവിദ്യാലയം; ടൂറിസം വകുപ്പ് നാണംകെടുത്തുന്നത് സര്‍ക്കാരിനെയാണ്

ഉസ്താദ് അംജദ് അലിഖാന്റെ സംഗീതവിദ്യാലയം; ടൂറിസം വകുപ്പ് നാണംകെടുത്തുന്നത് സര്‍ക്കാരിനെയാണ്

കെ എ ആന്റണി

തീരുമാനങ്ങള്‍ ആരെടുത്താലും, അതെടുക്കുന്നയാള്‍ സര്‍ക്കാരുമായി ബന്ധപ്പട്ട അരെങ്കിലുമാണെങ്കില്‍ ആ തീരുമാനം സര്‍ക്കാരിന്റെതായിട്ടാകും ജനങ്ങള്‍ കാണുക. തീരുമാനം തെറ്റാണെങ്കില്‍ വിമര്‍ശകരുടെ എണ്ണം വര്‍ധിക്കും. ഇതൊക്കെ ഏതൊരു നാട്ടിലും പതിവുള്ള കാര്യങ്ങള്‍ തന്നെ.

പറഞ്ഞു വരുന്നത് ഉസ്താദ് അംജദ് അലി ഖാന് മുന്‍ സര്‍ക്കാര്‍ തിരുവനന്തപുരം വേളിയില്‍ സംഗീത വിദ്യാലയം തുടങ്ങനായി അനുവദിച്ച രണ്ടേക്കര്‍ സ്ഥലം വിട്ടുനല്‍കാനാവില്ലെന്നു ടൂറിസം വകുപ്പ് എടുത്ത തീരുമാനത്തെക്കുറിച്ചാണ്.

ഇവിടെ തീരുമാനം എടുത്തത് ടൂറിസം വകുപ്പ് മേധാവിയോ അതോ കൂട്ടിലിരിക്കുന്ന ഏതോ അധോമണ്ഡല അല്ലെങ്കില്‍ ഉപരിമണ്ഡല ഗുമസ്ഥനോ ഗുമസ്തയോ എന്ന് നിശ്ചയം പോരാ. അരെടുത്താലും അങ്ങനെ ഒന്ന് സംഭവിച്ചു എന്നാണു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റും പറയുന്നത്. ഉമ്മന്‍ ചാണ്ടി പറഞ്ഞത് ശരിവച്ചിരിക്കുകയാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവായിട്ടുള്ള രമേശ് ചെന്നിത്തലയും. സംഗതി ആകെ വിവാദമായിരിക്കുകയാണ്. രംഗത്ത് വരാന്‍ വിമുഖത കാട്ടുന്നതു പ്രസ്താവന വീരനായ ബിജെപി നേതാവ് കെ സുരേന്ദ്രനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മാത്രം. അംജദ് അലി ഖാന്‍ മുസ്ലിം ആയതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത്, എന്നല്ല അതുകൊണ്ട് തന്നെയാണ് എന്നതാണ് വാസ്തവം.

ഉസ്താദ് അംജദ് അലി ഖാന്‍ ചില്ലറക്കാരനൊന്നുമല്ല. ഒരു മുസ്‌ലിയാര്‍ എന്ന നിലയിലല്ല കലാലോകം അദ്ദേഹത്തിന് ഉസ്താദ് പട്ടം സമ്മാനിച്ചത്. ലോകം അറിയുന്ന സരോദ് വാദകന്‍. ഹിന്ദുസ്ഥാനി സംഗീതവും കവാലിയും ഒക്കെ അരച്ചുകലക്കി കുടിച്ച വലിയൊരു കലാകാരന്‍. ഭാരതം പദ്മശ്രീയും പദ്മഭൂഷണും നല്‍കി ആദരിച്ച സംഗീത കുലപതി. വാക്കുകളില്‍ ഒതുങ്ങാത്തതാണ് അദ്ദേഹത്തിന്റെ കഴിവും പ്രശസ്തിയും.അങ്ങനെ ഒരാളെയാണ് കേരളം ടൂറിസം വകുപ്പ് ഇപ്പോള്‍ അപമാനിച്ചിരിക്കുന്നത്. അദ്ദേഹത്തിന് സര്‍ക്കാര്‍ നല്‍കാമെന്ന ഭൂമി സ്വകാര്യ വ്യക്തിക്ക് ഭൂമി നല്‍കുന്നുവെന്ന രീതിയിലാണ് ടൂറിസം വകുപ്പ് കാണുന്നത്. എന്നാല്‍ മുന്‍ സര്‍ക്കാരും അംജദ് അലിഖാനും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ അനുസരിച്ചു സര്‍ക്കാരിനുകൂടി പ്രാധിനിത്യം ഉള്ള ഒരു ട്രസ്റ്റ് ആണ് ഈ ഭൂമിയുടെയും അവിടെ സ്ഥാപിക്കപ്പെടാന്‍ ഉദ്ദേശിച്ചിരുന്ന അന്താരാഷ്ട്ര സംഗീത വിദ്യാലയത്തിന്റെയും നടത്തിപ്പുകാര്‍.

അംജദ് അലിഖാന്റെ നിര്‍ബന്ധബുദ്ധിയൊന്നും അല്ല കേരളത്തില്‍ അദ്ദേഹത്തിന് സ്ഥലം അനുവദിക്കാന്‍ ഉണ്ടായ കാരണം എന്നതാണ് ഏറെ രസകരമായ മറ്റൊരു കാര്യം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് അദ്ദേഹം ഇവിടെ ഒരു സംഗീത വിദ്യാലയം തുടങ്ങാന്‍ സമ്മതിക്കുന്നതെന്ന് അന്ന് സംഗീത നാടക അക്കാദമി ചെയര്‍മാന് ആയിരുന്ന സൂര്യ കൃഷ്ണ മൂര്‍ത്തി പറയുന്നു. ഉമ്മന്‍ ചാണ്ടിയും ഇത് ശരിവെക്കുന്നു. സ്ഥലം അനുവദിക്കലും സംഗീത വിദ്യാലയത്തിന്റെ തറക്കല്ലിടല്‍ ചടങ്ങുമൊക്കെ മുന്‍ സര്‍ക്കാരിന്റെ കാലത്തു തന്നെ നടന്നിരുന്നു.

പിണറായി സര്‍ക്കാര്‍ വന്ന ശേഷം കാര്യങ്ങള്‍ ഈ വിധത്തിലായതു അദ്ദേഹത്തിന്റെ അറിവോടു കൂടിയല്ല എന്ന വാര്‍ത്ത വല്ലാത്തൊരു അസ്വാസ്ഥ്യം ഉണ്ടാക്കുന്നുണ്ട്. തന്നെയുമല്ല ഇന്നലെ കണ്ണൂരിലുണ്ടായിരുന്ന മുഖ്യമന്ത്രി ഈ വാര്‍ത്തയോട് പ്രതികരിച്ചത് കാര്യങ്ങള്‍ പരിശോധിച്ച ശേഷം പറയാം എന്നു മാത്രമാണ്. പോരെങ്കില്‍ സൂര്യ കൃഷ്ണ മൂര്‍ത്തിയും അംജദ് അലി ഖാനുമൊക്കെ പറയുന്നത് സംഗീത വിദ്യാലയത്തിന് പിണറായി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നവെന്നാണ്.

മുഖ്യമന്ത്രിക്ക് കളവു പറയേണ്ട കാര്യമില്ല. അദ്ദേഹം അങ്ങിനെ ചെയ്യുമെന്നും കരുതുന്നില്ല. പിന്നെ ആരാണ് ഇതിനു പിന്നില്‍ എന്നാണ് അറിയേണ്ടത്. ഒരു കാര്യം ഉറപ്പാണ് ഈ സര്‍ക്കാരിന്റെ ശോഭ കെടുത്താന്‍ ആരെക്കെയോ ശ്രമിക്കുന്നുണ്ട്. ഇത്തരം തുരപ്പന്മാരെ കൈയോടെ പിടിക്കൂടി വെടക്കു പണി അവസാനിപ്പിക്കേണ്ടതുണ്ട്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories