TopTop
Begin typing your search above and press return to search.

പ്രാഞ്ചിയേട്ടന് പഠിക്കുന്ന സ്വതന്ത്രനും കമലിന്റെ ഉട്ടോപ്യന്‍ സിനിമയും

പ്രാഞ്ചിയേട്ടന് പഠിക്കുന്ന സ്വതന്ത്രനും കമലിന്റെ ഉട്ടോപ്യന്‍ സിനിമയും

പ്രേമ വിവാദത്തിനു' ശേഷം പുറത്തിറങ്ങിയ കമൽ സിനിമയായതുകൊണ്ട് തന്നെ ഉട്ടോപ്യയിലെ രാജാവിനു നല്ല വാർത്താ പ്രാധാന്യം കിട്ടി. കമൽ എന്ന സംവിധായകനിലും മമ്മുട്ടി എന്ന നടനിലും ഉറച്ച വിശ്വാസം ഉള്ള ഒരു വിഭാഗവും ഈ സിനിമയെ പ്രതീക്ഷയോടെ കാത്തിരുന്നു. സെല്ലുലോയിഡിനും നടനും ശേഷം ഇറങ്ങിയ കമൽ സിനിമ എന്നത് പ്രേമേയപരമായ പുതുമകളെ കുറിച്ച് പ്രേക്ഷകരെ ആശിപ്പിച്ചു. വമ്പൻ ആക്ഷേപഹാസ്യമാണെന്ന തരത്തിലുള്ള പ്രമോഷണൽ വീഡിയോകളും സിനിമക്ക് കാണികളെ കേറ്റാൻ ഉള്ള സാധ്യതകൾ തന്നെയാണ്.

ഉട്ടോപ്യയിലെ രാജാവിന്റെ കഥാതന്തു ഗാന്ധിയൻ പരമേശ്വര പിള്ളയുടെ (ജോയ് മാത്യു) മകനായ സി പി സ്വതന്ത്രന്റെ പൊതു ജീവിതമാണ്. മമ്മൂട്ടിയുടെ സ്വതന്ത്രനാണ് കൊക്ക്രഞ്ചേരി ഗ്രാമം എന്ന ഉട്ടോപ്യയിലെ രാജാവ്. അമ്മാവൻ പഞ്ചായത്ത് പ്രസിഡനറ് സോമൻ തമ്പിയുടെ (സുനിൽ സുഗദ) സ്വത്ത് തട്ടിയെടുക്കലിൽ തുടങ്ങി പ്രാഞ്ചിയേട്ടൻ ശൈലിയിലുള്ള അല്പത്തരങ്ങളിലൂടെ നീങ്ങി വലിയ നന്മ വെളിപാടുകളിൽ എത്തുന്ന സ്വതന്ത്രന്റെ ജീവിതമാണ് സിനിമ. അയാളുടെ മണ്ടത്തരങ്ങളും പ്രശസ്തി മോഹവും തിരിച്ചറിവുകളും നന്മകളും ഒക്കെയാണ് ഉട്ടോപ്യയിലെ രാജാവിന്റെ ആകെത്തുക. കമലിന്റെ ആദ്യകാല സിനിമകളിലെ ഗ്രാമ ജീവിതവും ഇടക്കാലത്തെ നന്മമര ഹീറോയിസങ്ങളും പിൽകാലത്ത് കയറിവന്ന ന്യൂ ജെനറേഷൻ ബാധയും ഒക്കെ ഈ സിനിമയിൽ ഇടകലർത്തി അവതരിപ്പിച്ചിട്ടുണ്ട്. ബഡ്ജറ്റ് അവതരണവും ജനകീയ സമരങ്ങളും സമകാലീന രാഷ്ട്രീയത്തിലെ ഒട്ടുമിക്ക നേതാക്കളും വന്നു പോകുന്നുണ്ട് ഈ സിനിമയിൽ. ഗ്രാമവും തറവാടും' അന്തസ്സോടെ' നിറഞ്ഞു നില്‍ക്കുമ്പോളും പ്രതിമകളെ തമ്മിൽ സംസാരിപ്പിച്ചും കാക്കയ്ക്ക് സലിം കുമാറിന്റെ ശബ്ദം നൽകിയും മേക്കിങ്ങിൽ താൻ പുതു രീതികൾ അവലംബിക്കുന്നു എന്ന് കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്.

സാമൂഹ്യ പ്രതിബദ്ധത കുത്തി നിറച്ച ഈ സിനിമ സാമൂഹ്യ വിരുദ്ധവും മനുഷ്യ വിരുദ്ധവും ആണ്. പ്രേമത്തിന്റെ ദുഷ്പ്രവണതകളിൽ അസ്വസ്ഥനായ കമൽ ഏതു ഉട്ടോപ്യയെ പറ്റിയാണ് സംസാരിക്കുന്നതെന്ന് മനസിലാവുന്നില്ല. നായികയായ ജുവൽ മേരിയുടെ ഉമാദേവി പുഴയ്ക്കു വേണ്ടിയും ദളിതർക്ക് വേണ്ടിയും സമരം ചെയ്യുന്ന സാമൂഹ്യപ്രവർത്തകയാണ്. ഇവർ മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്ന ആളാണെന്ന സൂചനയും സിനിമയിലുണ്ട്. നരച്ച കുപ്പായമിട്ട അഹങ്കാരിയായ ഇവർ പെണ്ണ് കാണാൻ വന്ന സ്വതന്ത്രനോട് രാത്രിയിൽ പുറത്തിറങ്ങണം, ആണ്‍ സുഹൃത്തുക്കൾ ഉണ്ട് തുടങ്ങി കുറെ മാപ്പില്ലാ അഹങ്കാരങ്ങൾ പറഞ്ഞു കാലിന്മേൽ കാൽ കയറ്റി വെച്ചിരിക്കുന്നു. മീശ വെച്ച അഹങ്കാരീ നീ ഇന്റർവെൽ ഇല്ലാതെ പെറുമെടീ എന്ന് പറഞ്ഞു സ്വതന്ത്രൻ നയം വ്യക്തമാക്കുന്നുണ്ട്. കമൽ സ്ത്രീ പക്ഷ സിനിമ എടുക്കുമെന്നോ സ്ത്രീകളെ മിനിമം അവകാശങ്ങൾ എങ്കിലും ഉള്ള മനുഷ്യജീവികളായി പരിഗണിക്കുമെന്നോ കരുതാൻ ആരും ഉട്ടൊപ്യയിലൊന്നുമല്ല ജീവിക്കുന്നത്. പക്ഷെ സേതു ലക്ഷ്മിയെ പോലെ വാർധക്യത്തിൽ എത്തിയ ഒരു നടി അവതരിപ്പിക്കുന്ന കഥാപാത്രത്തോട് പോലും ദ്വയാർത്ഥ പ്രയോഗങ്ങളുടെ അശ്ലീലതയിൽ സംസാരിക്കുന്നത് അങ്ങേയറ്റം ക്രൂരമാണ്. നിഷ്കളങ്ക തമാശകളുടെ കേവലാനന്ദ ന്യായീകരണങ്ങൾ ഇതിനൊക്കെയും ഉണ്ടാവുമോ ആവോ.ടീച്ചറെ പ്രേമിക്കുന്നതിന്റെയും മദ്യപാനത്തിന്റെയും സാമൂഹ്യ വിരുദ്ധതയെ പറ്റി വാചാലനായ കമലിന് എങ്ങനെയാണ് സരിത എന്ന് പേരിട്ട വേലക്കാരിയുടെ മാറിടവിടവിലേക്ക് ക്യാമറ സൂം ചെയ്യാനായത്. സരിത മനുഷ്യാവകാശങ്ങൾ ഉള്ള ഒരാളെ അല്ല എന്നാക്രോശിക്കുന്ന ഭൂരിപക്ഷത്തിന്റെ കയ്യടിയാണോ താങ്കൾക്കു വേണ്ടത്. പിന്നെ ഭർത്താവിന്റെ തിരോധാനത്തെ കുറിച്ചു അന്വേഷിക്കാൻ ആവശ്യപ്പെട്ടു നിരാഹാരമിരിക്കുന്ന സ്ത്രീയോട് വീട്ടിൽ പോയി ഉമ്മയെ നോക്കെടീ, കുഞ്ഞിനു മുല കൊടുക്കെടീ, അയാൾ ഉണ്ടെങ്കിൽ തിരിച്ചു വന്നോളും എന്നൊക്കെ ആക്രോശിക്കുന്ന നായകനിലൂടെ താങ്കൾ എന്ത് വാർപ്പ് മാതൃകയാണ് സൃഷ്ടിക്കുന്നത്? (താങ്കൾ ജസീറയുടെ വിവാദ സമരത്തെ കുറിച്ചാണോ അതോ മറ്റെന്തിനെയെങ്കിലും കുറിച്ചാണോ പറയാൻ ഉദ്ദേശിക്കുന്നത് എന്നറിയില്ല). പെരുമഴക്കാലത്തിലും ഗദ്ദാമയിലും ഉണ്ടെന്നവകാശപ്പെടുന്ന താങ്കളുടെ മനുഷ്യപക്ഷ ചിന്തകൾ എവിടെ പോയി?

സിനിമയുടെ പ്രധാന ഭാഗമായ ആദിവാസി യുവാവിന്റെ റാഗിങ്ങിനെ തുടർന്നുള്ള കൊലപാതകവും തുടർന്നുള്ള ഉമയുടെ നേതൃത്വത്തിലുള്ള സമരവും പോലീസ് വേട്ടയാടലും ഭരണകൂട ഭീകരതയും ഒക്കെ മനുഷ്യത്വ പരമായാണ്‌ സിനിമയിൽ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്. ഉമയെ വ്യാജ കേസിൽ കുടുക്കി വനിതാ പോലീസ് മർദ്ദിക്കുന്നതും പോലീസിന്റെ കരണത്തടിച്ചു സ്വതന്ത്രൻ അവരെ രക്ഷിക്കുന്നതും അഹങ്കാരം ചോർന്നു പോയി ഉമ പ്രേമപരവശയായി അയാളെ നോക്കുന്നതും എല്ലാം പരിഹാസ്യമായ രംഗങ്ങളാണ്. പിന്നെ നമ്മൾ പോലുള്ള സിനിമകളിൽ റാഗിങ്ങിന്റെ പേരിലുള്ള എല്ലാ ക്രൂരതകളെയും ന്യായീകരിച്ചത് താങ്കൾ മറന്നു പോയോ? ജനകീയ സമരങ്ങളെ അടച്ചാക്ഷേപിച്ചു സ്വയം ചെറുതാകാതിരിക്കാനുള്ള പക്വത താങ്കൾ കാണിക്കേണ്ടാതായിരുന്നു. ആമേന്റെ തിരക്കഥാകൃത്ത് റഫീക്കിന്റെതാണ് ഈ സിനിമയുടെയും തിരക്കഥ എന്നത് അത്ഭുതപ്പെടുത്തുന്നു.

സി പി സ്വതന്ത്രൻ മമ്മൂട്ടിക്ക് ഒരുതരത്തിലും വെല്ലുവിളി ഉണ്ടാക്കുന്ന കഥാപാത്രമേ അല്ല. സിനിമയുടെ ആദ്യ പകുതിയിലുള്ള അയാളുടെ പ്രശസ്തി മോഹങ്ങളും മണ്ടത്തരങ്ങളും ഒക്കെ പ്രാഞ്ചിയേട്ടനെ വ്യക്തമായി ഓർമിപ്പിക്കുന്നു. കേരള കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തെ സൂചിപ്പിക്കുന്ന രംഗങ്ങൾ വെള്ളിമൂങ്ങയിൽ കണ്ടതാണ്. നന്ദുവിന്റെ പപ്പനാഭാ എന്ന് വിളിക്കുന്ന കഥാപാത്രം വാസ്തവത്തിൽ കണ്ട ജഗതിയുടെ സംഭാഷണങ്ങളും മാനറിസങ്ങളും അനുസ്മരിപ്പിച്ചു ആവർത്തന വിരസത സൃഷ്ട്ടിക്കുന്നു. കെ പി എസ് സി ലളിതയുടെയും ജനാർദ്ദനന്റെയും കഥാപാത്രങ്ങൾക്ക് ഒരു സ്വാധീനവും സിനിമയിൽ ഉണ്ടാക്കാനാകുന്നില്ല.സിനിമയിലെ പാട്ടുകൾ കേൾക്കാൻ രസമുള്ളതും സന്ദർഭോചിതവുമാണ്. ചില തമാശകൾ ആസ്വാദ്യമാണ്. വലിച്ചു നീട്ടിയ രംഗങ്ങൾ താരതമ്യേന കുറവാണ്. ഒട്ടു മിക്ക താരങ്ങളും സ്വന്തം ഭാഗം നന്നായി ചെയ്തു. ഡി 4 ഡാൻസ് എന്ന പോപ്പുലർ റിയാലിറ്റി ഷോയുടെ അവതാരക ആയി ശ്രദ്ധേയയായ ജുവൽ മേരി യുടെ ആദ്യമായി റിലീസ്‌ ചെയ്ത സിനിമയാണിത്. അക്ടിവിസ്റ്റിന്‍റേത് എന്ന് എല്ലാവരും നിശ്ചയിച്ച ശരീര ഭാഷയിൽ ചില രംഗങ്ങളിൽ ശ്വാസം മുട്ടുന്നുണ്ടെങ്കിലും പുതുമുഖത്തിന്റെ പതർച്ചകൾ ഇല്ലാതെ അവർ അഭിനയിച്ചിട്ടുണ്ട്. പ്രതിമകൾ തമ്മിലുള്ള സംഭാഷണങ്ങളും കാക്കക്കും കഴുതക്കും ശബ്ദം നൽകിയതും പുതുമയുള്ളതാണ്.

പൂർവകാല നിരർഥകതകൾ തിരിച്ചറിഞ്ഞു വമ്പൻ നന്മ മരമായ സ്വതന്ത്രൻ കഥാവസാനം ഇന്റർവെൽ ഇല്ലാതെ കുട്ടികളെ പെറും എന്ന ഉമാദേവിയോടു പറഞ്ഞ കാര്യം മാത്രമേ പാലിക്കുന്നുള്ളൂ എന്ന സൂചനയാണ് പ്രേക്ഷകർക്ക്‌ നല്കുന്നത്. ഈ സിനിമ ഒരു ഉട്ടോപ്യയും ഉണ്ടാക്കുന്നില്ല. അശ്ലീലം ചർദ്ദിച്ചു നിങ്ങൾക്ക് മറ്റു പല സംവിധായകരെയും പോലെ സ്ത്രീ കഥാപാത്രങ്ങളെ മര്യാദ പഠിപ്പിക്കാം, സമരങ്ങളെല്ലാം വെറുതെയാണെന്ന് സ്ഥാപിക്കാം, ആദിവാസികളെ കുറിച്ചു സംസാരിച്ചു മറുപുറത്ത് പ്രാകി തോൽപ്പിക്കുന്ന പ്രാകൃതനെ ഉണ്ടാക്കാം, വേലക്കാരിയുടെയുടെയും വൃദ്ധന്റെ ഭാര്യയുടെയും അടങ്ങാത്ത കാമാർത്തിയെ പരിഹസിക്കാം, ഇതിനൊക്കെ കൈയടിയും വാങ്ങാം. പക്ഷെ ഇങ്ങനെയൊക്കെ ചെയ്തു മറ്റുള്ളവരുടെ മര്യാദ കേടുകളെ കുറിച്ചു രോഷം കൊള്ളാതിരിക്കുക, വളരെ വളരെ ജൂനിയർ ആയ ഒരു സഹപ്രവർത്തകനെ പരസ്യമായി അധിക്ഷേപിക്കാതിരിക്കുക. അയാളുടെ സിനിമ സ്വീകാര്യമായാൽ അതിനെ അംഗീകരിക്കുക. ഇല്ലെങ്കിൽ കേൾക്കുന്ന ചിലർക്കെങ്കിലും അത് ഇരട്ട താപ്പായി തോന്നാം. ജനാധിപത്യ മര്യാദ ഇല്ലെങ്കിൽ താങ്കൾ പറഞ്ഞു കൊണ്ടിരിക്കുന്ന വലിയ അനുഭവങ്ങളുടെ 'വെയിൽ ഞെരമ്പിലെ പച്ചയും പൂക്കളും' വാടികൊഴിഞ്ഞില്ലതാവും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories