TopTop
Begin typing your search above and press return to search.

മനുഷ്യസ്നേഹിയായ ന്യായാധിപന്‍; കൃഷ്ണയ്യര്‍ ചരിത്രമായി

മനുഷ്യസ്നേഹിയായ ന്യായാധിപന്‍; കൃഷ്ണയ്യര്‍ ചരിത്രമായി

അഴിമുഖം

പ്രമുഖ നിയമജ്ഞനും 1957ലെ ഐക്യ കേരളത്തിലെ ആദ്യ ജനകീയ മന്ത്രിസഭയിലെ മന്ത്രിയുമായിരുന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ നൂറാം വയസില്‍ വിടവാങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു അന്ത്യം. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസമായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ മാസമായിരുന്നു അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷങ്ങള്‍.

1957ലെ ഇഎംഎസ് മന്ത്രിസഭയില്‍ പല സുപ്രധാന വകുപ്പുകളും കൈകാര്യം ചെയ്ത കൃഷ്ണയ്യര്‍, ജനകീയമായ തീരുമാനങ്ങളിലൂടെ സാധാരണ ജനങ്ങളുടെ മനസില്‍ ഇടം നേടി. 1973 മുതല്‍ ഏഴ് വര്‍ഷം സുപ്രീം കോടതി ജഡ്ജിയായിരുന്ന അദ്ദേഹം എഴുതിയ പല വിധി ന്യായങ്ങളും ചരിത്ര പുസ്തകങ്ങളില്‍ സ്ഥാനം പിടിച്ചു. പ്രത്യേകിച്ചും ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് കേസിലെ വിധി ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദേക്കിയ അലഹബാദ് ഹൈക്കോടതി വിധി ശരിവച്ചു കൊണ്ട് കൃഷ്ണയ്യര്‍ വിധി പ്രഖ്യാപിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് റദ്ദ് ചെയ്‌തെങ്കിലും ഇന്ദിരാഗാന്ധിയെ അധികാരത്തില്‍ തുടരാന്‍ അദ്ദേഹം അനുവദിച്ചു.

1915 നവംബര്‍ 15നു പാലക്കാട് ശേഖരീപുരം ഗ്രാമത്തിലാണു തുലാം മാസത്തിലാണ് കൃഷ്ണയ്യരുടെ ജനനം. അഭിഭാഷകനായ പിതാവ് വി.വി. രാമയ്യരുടെ ജോലിയുമായി ബന്ധപ്പെട്ടു ചെറുപ്പത്തില്‍ കൊയിലാണ്ടിയിലെത്തിയ കൃഷ്ണയ്യരും പിതാവിന്റെ പാത പിന്‍തുടര്‍ന്നു നിയമ വഴിയിലെത്തുകയായിരുന്നു. തൊഴിലാളികളുടെ കേസ് വാദിച്ച് സോഷ്യലിസ്റ്റായി. കമ്യൂണിസ്റ്റുകളുടെ പിന്തുണയോടെ 1952ല്‍ മദ്രാസ് നിയമസഭയിലും 57ല്‍ കേരള നിയമസഭയിലും സാമാജികനായി. 57ലെ ഇഎംഎസ് മന്ത്രിസഭയില്‍ നിയമ ഊര്‍ജ്ജ വകുപ്പ് മന്ത്രിയായി വിപ്ലവകരമായ നിയമനിര്‍മാണങ്ങളിലൊക്കെ പങ്കാളിയായി. പുറത്തുള്ള മനുഷ്യന് ലഭിക്കുന്ന എല്ലാ സ്വാതന്ത്ര്യവും തടവില്‍ കഴിയുന്നവര്‍ക്കും വേണമെന്ന് വാശിയുണ്ടായിരുന്ന അദ്ദേഹം മന്ത്രിയായപ്പോള്‍ ജയില്‍ ചട്ടങ്ങള്‍ പരിഷ്‌കരിച്ചു. പരാതിക്കാരന്റെ കാറില്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി പരിഹരിക്കുന്ന ആഭ്യന്തരമന്ത്രി അന്നൊരു അത്ഭുതമായിരുന്നു.മാര്‍ക്‌സിസ്റ്റ് പിന്തുണയില്ലാതെ മത്സരിച്ച 65ലെ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ സജീവ രാഷ്ട്രീയമുപേക്ഷിച്ചു. 1968ല്‍ ഹൈക്കോടതി ജഡ്ജിയായി. തുടര്‍ന്ന് 73ല്‍ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായതോടെ അദ്ദേഹം ദേശീയതലത്തിലും ശ്രദ്ധേയനായി. അദ്ദേഹത്തിന്റെ വിധി ന്യായങ്ങളെല്ലാം ജനപക്ഷത്തു നിന്നുള്ളതായിരുന്നു. കസ്റ്റഡിയിലിരിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നിയമസഹായം ലഭിക്കും വിധം ഭരണഘടനയില്‍ വരുത്തിയ മാറ്റം ആയിരങ്ങള്‍ക്ക് ഗുണം ചെയ്തു. മുസ്ലിം വ്യക്തി നിയമമായിരുന്നു അദ്ദേഹത്തിന്റെ ബഞ്ചിന്റെ മറ്റൊരു ശ്രേദ്ധേയ സംഭാവന. 1980 ലായിരുന്നു സുപ്രീം കോടതിയില്‍ നിന്നും അദ്ദേഹം വിരമിച്ചത്. അതിന് ശേഷവും ജനകീയ പ്രശ്‌നങ്ങളില്‍ അദ്ദേഹം സജീവമായി. ആര്‍ക്കും എപ്പോഴും പരാതികളുമായി അഗദ്ദേഹത്തെ സമീപിക്കാമായിരുന്നു. പരാതികള്‍ പരിഹരിക്കുന്നതിനായി പഞ്ചായത്ത് മെമ്പര്‍ മുതല്‍ പ്രധാനമന്ത്രിയെ വരെ വിളിക്കാന്‍ അദ്ദേഹം മടി കാണിച്ചില്ല. ഇത്തരം ഇടപെടലുകള്‍ തന്നെയായിരുന്നു, സജീവ രാഷ്ട്രീയത്തില്‍ ഇല്ലായിരുന്നിട്ടും കൃഷ്ണയ്യരെ ജനകീയനാക്കി നിലനിറുത്തിയത്.

നിയമവ്യാഖ്യാനങ്ങള്‍ അടക്കം എഴുപതിലധികം പുസ്‌കങ്ങള്‍ രചിച്ചിട്ടുണ്ട്. വാണ്ടറിങ് ഇന്‍ മെനി വേള്‍ഡ് എന്ന ആത്മകഥയും മൂന്നു യാത്രാ വിവരണങ്ങളും പ്രസിദ്ധീകരിച്ചു. 1999ല്‍ പത്മവിഭൂണ്‍ നല്‍കി രാഷ്ട്രം ഈ നിയമ പ്രതിഭയെ ആദരിച്ചു. ഇത് കൂടാതെ നിരവധി പുരസ്‌കാരങ്ങളും ഫെല്ലോഷിപ്പുകളും ഡോക്ടറേറ്റുകളും ലഭിച്ചിട്ടുണ്ട്. ഭാര്യ ശാരദ 1974ല്‍ അന്തരിച്ചു. മക്കള്‍: രമേശ്(യുഎസ്), പരമേശ്(ചെന്നൈ). മരുമക്കള്‍: ലത, ഇന്ദ്രാണി.

നാളെ രാവിലെ ഒമ്പതിന് കടവന്ത്രയിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് ആറിന് രവിപുരം പൊതുസ്മശാനത്തിലാണ് സംസ്‌കാരം.


Next Story

Related Stories