TopTop
Begin typing your search above and press return to search.

വാക്കുകളും മൗനവും ഇണചേരുമ്പോള്‍

വാക്കുകളും മൗനവും ഇണചേരുമ്പോള്‍

ഈ ആഴ്ചയിലെ പുസ്തകം
വാക്കുകള്‍ (നോവല്‍)
ഇ.സന്തോഷ് കുമാര്‍
മാതൃഭൂമി ബുക്ക്‌സ്

മുറുക്കവും ഇറുക്കവുമുള്ള വാക്കുകള്‍ തേടുന്നവരാണ് എഴുത്തുകാര്‍. പ്രണയനിലാവായും കണ്ണീര്‍പ്പാടമായും വാക്കുകള്‍ പരിണമിക്കുമ്പോള്‍ മൗനത്തിന്റെ കരകളിടിഞ്ഞു വീഴുന്ന പ്രത്യേക നിമിഷങ്ങളില്‍ എഴുത്തുകാരന്‍ സര്‍ഗ്ഗസഞ്ചാരത്തിന്റെ ഉന്മാദങ്ങളില്‍ മുഴുകാറുണ്ട്. ആ ഉന്മാദമാണ് അയാളെ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്ക് ആനയിക്കുന്നത്.

വാക്കും മൗനവും കെട്ടുപിണഞ്ഞുകിടക്കുന്ന ഇ. സന്തോഷ്‌കുമാറിന്റെ 'വാക്കുകള്‍' എന്ന നോവല്‍ തത്ത്വചിന്താപരമായ ഈടുറ്റ കൃതിയാണ്. മനുഷ്യജീവിതത്തെക്കുറിച്ചുള്ള നിഗൂഢവും നിസ്തന്ദ്രവുമായ അന്വേഷണമാണ് ഈ നോവല്‍. ആവിഷ്‌ക്കരണത്തിലെ മൗലികതയും ആഖ്യാനത്തിലെ പുതുമയും 'വാക്കുകളെ' വേറിട്ട അനുഭവമാക്കി മാറ്റുന്നു. മനസിന്റെ അഗാധതകളില്‍ ഉറഞ്ഞുകിടക്കുന്ന അപൂര്‍വ്വ ഭാവങ്ങളെ കടഞ്ഞെടുക്കുന്ന കരവിരുതാണ് നോവലിസ്റ്റ് പ്രകടിപ്പിക്കുന്നത്. സ്ത്രീപുരുഷ പ്രണയത്തിന്റെ കാണപ്പെടാത്ത വഴികളിലേക്കുള്ള യാത്ര. ജീവിതവും മരണവും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ എന്നിവ നോവലിന്റെ ആഖ്യാനതലങ്ങളില്‍ അപൂര്‍വ്വ ചിത്രങ്ങളാണ്.

കണ്ണുള്ളപ്പോള്‍ അതിന്റെ വിലയറിയില്ലല്ലോ. അതുപോലെ വാക്കുകള്‍ പ്രസരിപ്പിക്കുമ്പോഴും നാം അത്ര വലിയ പ്രാധാന്യം നല്‍കാറില്ല. എന്നാല്‍ കണ്ണുനഷ്ടപ്പെടുമ്പോഴുണ്ടാകുന്ന അന്ധകാരം - അത് ചിന്തിക്കാനേ വയ്യ! അതുപോലെയാണ് വാക്കുകള്‍ നഷ്ടപ്പെടുമ്പോഴുള്ള അവസ്ഥ. വാക്ക് നഷ്ടപ്പെടുമ്പോള്‍ മനുഷ്യന്‍ അനുഭവിക്കുന്ന അപാരവും അഗാധവുമായ കഠിനവ്യഥയും ശ്വാസംമുട്ടലും സന്തോഷ് കുമാര്‍ ആത്മവിലാപത്തോടെ അവതരിപ്പിക്കുന്നു.വാക്കുകള്‍ കൊണ്ട് ഉപജീവനം നടത്തിയിരുന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിന്റെ ജീവിതത്തിലേക്കാണ് നോവലിസ്റ്റ് കടന്നുചെല്ലുന്നത്. പെട്ടെന്നൊരുദിവസം റോസിലിന് വാക്കുകള്‍ നഷ്ടപ്പെടുന്നു. ഒന്നും പറയാനാവാത്ത അവസ്ഥ. മൗനത്തിന്റെ പടവുകളില്‍ നിന്ന് താഴേക്ക് താഴേക്ക് ഉരുണ്ടുപോകുന്ന അവസ്ഥ. എന്നാല്‍ തീവ്രമായ പ്രതിസന്ധിഘട്ടങ്ങളെ കടന്ന് ഒടുവില്‍ സംസാരശേഷി തിരികെ ലഭിക്കുന്നു. നോവലിന്റെ കേന്ദ്രപ്രമേയം ഇതാണ്. റോസിലിന്‍, തമ്പാന്‍, അശോക് എന്നിവരാണ് നോവലിലെ കഥാപാത്രങ്ങള്‍. തമ്പാന്‍, സിനിമയില്‍ പുരുഷ വേഷങ്ങള്‍ ചെയ്യുന്നയാളും അശോക് നായകനടനായി ഉയര്‍ന്നുവരുന്നയാളുമാണ്. റോസിലിനും അശോകും തമ്മിലുണ്ടാകുന്ന പ്രണയം ഭര്‍ത്താവ് തമ്പാനെ അസ്വസ്ഥനാക്കുന്നു. റോസിയുടെയും തമ്പാന്റെയും ദാമ്പത്യജീവിതത്തില്‍ മഴക്കാറുകള്‍ മൂടിക്കഴിഞ്ഞു. അതേസമയം അശോകിന്റെയും റോസിയുടെയും പ്രണയബന്ധം അതിശക്തവും അതിതീവ്രവുമാകുമ്പോള്‍, കഥാപാത്രങ്ങളുടെ മാനസിക ചിത്രീകരണത്തിലൂടെ നോവലിസ്റ്റ് ജീവിതത്തിന്റെ അര്‍ത്ഥാന്തരന്യാസങ്ങളും സംഘര്‍ഷങ്ങളും ആവിഷ്‌ക്കരിക്കുന്നു. സ്ത്രീയില്‍ കുടികൊള്ളുന്ന വിരുദ്ധഭാവങ്ങളെ കലാപരമായാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. തമ്പാന്റെ ദുരന്തത്തിന് താനാണ് ഉത്തരവാദിയെന്ന സത്യം മറച്ചുവച്ചുകൊണ്ട് സ്വയം പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന റോസിയെ സ്ത്രീമനസ്സിന്റെ സകല സങ്കീര്‍ണ്ണതകളോടുകൂടിയാണ് നോവലിസ്റ്റ് കാണിച്ചുതരുന്നത്.

പതിനഞ്ചിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞ് റോസി അശോകിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നു. അപ്പോഴാണ് അവളുടെ ജീവിതത്തെ മാറ്റിമറിച്ച വാക്കുകളുടെ മരണം സംഭവിച്ചത്. തീരെ കുട്ടിക്കാലത്തും റോസിക്ക് വാക്കുകള്‍ നഷ്ടമായിരുന്നു. അന്ന് ഇരട്ട സഹോദരിയുടെ മരണമായിരുന്നു കാരണം. പിന്നീട് കടലമ്മ വാക്കുകള്‍ തിരിച്ചുകൊടുത്തു. വര്‍ഷങ്ങള്‍ക്കുശേഷം അശോകുമായി ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ റസ്റ്റോറന്റില്‍ വച്ച് പങ്കിടുമ്പോഴാണ് വാക്കുകള്‍ നഷ്ടപ്പെട്ടത്.

വാക്കുകള്‍ കൊണ്ട് ജീവിച്ചിരുന്ന റോസി സംസാരിക്കാനാവാത്ത അവസ്ഥയിലെത്തിയപ്പോള്‍ തകര്‍ന്നുപോയി. വാക്കുകള്‍ തന്നില്‍ നിന്ന് അകന്നുപോകുന്ന ഒച്ച കേള്‍ക്കുന്നുണ്ടോ എന്ന് അവള്‍ ഭയന്നു. വാക്കുകള്‍ മീന്‍കുഞ്ഞുങ്ങളെപ്പോലെ തുള്ളിക്കളിക്കുന്നുണ്ട്. പക്ഷേ പുറത്തുവരുന്നില്ല. പാട്ടും സംഗീതവും പ്രണയത്തിന്റെ സുഗന്ധവും വിഷാദഗാനവും എല്ലാം കൂടിച്ചേര്‍ന്ന ഒരന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് നോവലിസ്റ്റ് വരച്ചിടുന്ന റോസിലിന്റെ ചിത്രം അവിസ്മരണീയമാണ്.'വാക്കു'കളില്‍ മൗനങ്ങളുടെ നീണ്ടനിരതന്നെയുണ്ട്. മൗനവും വാക്കുകളുടെ അഭാവവും യുക്തിക്ക് അപ്പുറമുള്ള ജീവിതത്തിന്റെ നിഗൂഢഭാവങ്ങളെ അനാവരണം ചെയ്യുന്നു. നിശബ്ദതയുടെയും നിശ്ചലതയുടെയും അന്തരീക്ഷം നോവലിന്റെ അന്തര്‍ദ്ധാരയായി വര്‍ത്തിക്കുന്നു. ഒഴിഞ്ഞകൂട്, ശബ്ദമില്ലാത്ത ലോകം എന്നിവ കൂടെകൂടെ പ്രത്യക്ഷപ്പെടുന്നു. ഹോട്ടലിന്റെ ആറാമത്തെയോ ഏഴാമത്തെയോ നിലയിലിരുന്ന് റോസി ലോകത്തെ നോക്കിക്കാണുന്ന ആദ്യഭാഗത്ത് നോവലിസ്റ്റ് അവതരിപ്പിക്കുന്നുണ്ട്. ''ആകാശത്ത് വളരെ ദൂരത്തായി ഇടയ്ക്കിടെ മിന്നലിന്റെ രേഖകള്‍ പ്രത്യേക്ഷപ്പെട്ടു. വെളിച്ചം മാത്രം. അതിനും ശബ്ദമൊന്നുമുണ്ടായിരുന്നില്ല. ഊമയായ മിന്നല്‍പ്പിണരുകള്‍. നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. അത്രയും ഉയരത്തില്‍ നിന്ന് നോക്കുമ്പോള്‍ ലോകം പൊടുന്നനെ മൂകമായിത്തീര്‍ന്നിരിക്കുന്നുവെന്ന് തോന്നുന്നു. എല്ലാ ഒച്ചകളേയും ആരോ വലിക്കുന്നതുപോലെ. നിശബ്ദമായി ചലിച്ചുകൊണ്ടിരിക്കുന്ന ഒരു കണ്ണാടി നഗരത്തെ നോക്കിനില്‍ക്കുകയാണെന്ന് അപ്പോള്‍ എനിക്കു തോന്നി.'' വാക്കും മൗനവും ഇണചേര്‍ന്നുകിടക്കുന്ന അവസ്ഥയാണിവിടെ.

ദീര്‍ഘമായ മൗനത്തില്‍നിന്ന് മഹത്തായ കല ഉണ്ടാകുംപോലെ മൗനത്തിന്റെയും വാക്കുകളുടെയും കളിക്കളത്തില്‍ മാന്ത്രികമായ ഒരനുഭവ പരിപ്രേക്ഷ്യം സൃഷ്ടിച്ചുകൊണ്ട് സന്തോഷ്‌കുമാര്‍ 'വാക്കുകള്‍' എന്ന നോവലിനെ ദാര്‍ശകനികതലത്തിലേക്ക് ഉയര്‍ത്തുന്നത് കാണാം. ആത്യന്തികമായും മനുഷ്യജീവിതത്തിന്റെ അര്‍ത്ഥാന്വേഷണമാണ് ഈ നോവലില്‍. വാക്കുകളെ സ്വാതന്ത്ര്യത്തിന്റെ ഉജ്ജ്വലചിഹ്നമായി പക്ഷികളായി സങ്കല്‍പ്പിച്ചും കഥാപാത്രത്തിന്റെ ശിഖരത്തില്‍ നിന്ന് പക്ഷികള്‍ പറന്നുപോകുന്നതായി ഭാവനചെയ്തും വാക്കുകളുടെയും മൗനത്തിന്റെയും വിവിധ ചിത്രങ്ങളാണ് നോവലിസ്റ്റ് വരച്ചിടുന്നത്. വാക്കുകള്‍ മനുഷ്യന്റെ ശക്തിയാണ്; ഊര്‍ജ്ജവുമാണ്. അത് നഷ്ടപ്പെടുമ്പോള്‍ മനുഷ്യന്‍ മൗനം എന്ന മരത്തില്‍ പതിക്കുന്നു. മരണവുമായി മനുഷ്യന്‍ നടത്തുന്ന ഒളിച്ചുകളിയുടെ പിന്നാമ്പുറങ്ങളിലേക്കും മനുഷ്യചേതനയുടെ ഉള്‍ഖനികളിലേക്കും ഒരു പ്രതിഭാശാലി നടത്തുന്ന സാഹസികയാത്രയാണ് 'വാക്കുകള്‍' എന്ന നോവല്‍.


Next Story

Related Stories