UPDATES

സിനിമ

മുങ്ങുന്ന തുരുത്തിലെ ജീവന്റെ തിരയിളക്കങ്ങള്‍; മണ്‍റോതുരുത്തിന്റെ കാഴ്ചകള്‍

Avatar

അന്താരാഷ്ട്ര ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ കേരള(IDSFFK)യില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന ‘ജലസമാധി’ എന്ന ഡോക്യുമെന്ററിയെക്കുറിച്ച് സംവിധായകന്‍  ഡി. ധനസുമോദ് അഴിമുഖം പ്രതിനിധി വിഷ്ണു എസ് വിജയനുമായി സംസാരിക്കുന്നു.

മുങ്ങുന്ന തുരുത്തിനെക്കുറിച്ചും അവിടുത്തെ ജനത അനുഭവിക്കുന്ന ജീവത ക്ലേശങ്ങളുടെയും കഥ പറയുന്ന ഡോക്യുമെന്ററിയാണ് മാധ്യമപ്രവര്‍ത്തകനായ ഡി. ധനസുമോദ് സംവിധാനം ചെയ്ത ജലസമാധി (വാനിഷിംഗ് ഐലന്‍ഡ്). മുപ്പതു മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി കൊല്ലം ജില്ലയിലെ ചെറുതുരുത്തുകളുടെ കൂട്ടമായ മണ്‍റോതുരുത്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്. കൊല്ലം ജില്ലയിലെ അഷ്ടമുടി കായലില്‍ സ്ഥിതി ചെയ്യുന്ന മണ്‍റോതുരുത്തിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ലോകത്തിനു മുന്നില്‍ എത്തിക്കാനാണ് സംവിധായകന്‍ ശ്രമിക്കുന്നത്.

ഈ വിഷയം ശ്രദ്ധയില്‍ വരുന്നത് രാജ്യസഭയില്‍ കെ എന്‍ ബാലഗോപാല്‍ നടത്തിയ ഒരു പ്രസംഗത്തിലൂടെയാണ്. അന്ന് അദ്ദേഹം അവിടെ പറഞ്ഞത്‌, ലോകത്ത് ആഗോളതാപനത്തിന്റെ ഫലമായി ആദ്യമായി മുങ്ങിപ്പോകുന്ന ദ്വീപ് സമൂഹം കൊല്ലം ജില്ലയിലെ മണ്‍റോതുരുത്ത് ആയിരിക്കുമെന്നാണ്. അപ്പോള്‍ ഞാന്‍ മാധ്യമപ്രവര്‍ത്തകനായി പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സമയമാണ്. അങ്ങനെയാണ് ഈ വിഷയത്തെ കുറിച്ച് ആധികാരികമായി പഠിക്കാന്‍ തീരുമാനിക്കുന്നത്. പിന്നിട് ഇതിനു പിന്നാലെയുള്ള അലച്ചില്‍ ചെന്നെത്തി നിന്നത് ഇത്തരമൊരു ഡോക്യുമെന്ററി നിര്‍മാണത്തിലാണ്. ഇതിനു വേണ്ടി മണ്‍റോതുരുത്തില്‍ ദിവസങ്ങളോളം താമസിച്ച് ജനങ്ങളുമായി പൂര്‍ണരീതിയില്‍ ആശയവിനിമയം നടത്തിയതിനു ശേഷമാണ് ഡോക്യുമെന്ററി നിര്‍മ്മാണത്തിലേക്ക് കടന്നത്. പ്രദേശവാസികളുമായി സംസാരിക്കുമ്പോള്‍ മനസ്സിലാക്കിയ കുറെ കാര്യങ്ങളുണ്ട്. അവരുട പ്രശ്‌നങ്ങള്‍ പലതാണ്. വീടുകള്‍ വെള്ളത്തില്‍ മുങ്ങുന്നു, മരിച്ചാല്‍ അടക്കാന്‍ പോലും കഴിയാതെ വരുന്നു…ഇത്തരത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ ആ മനുഷ്യര്‍ നേരിടുന്നു. നേരിടാനാകാത്തവിധം പ്രതികൂല സാഹചര്യങ്ങള്‍ ശക്തമായതോടെ പലരും നാടുപേക്ഷിച്ചു. കിട്ടിയ കാശിനു സ്ഥലം വിറ്റു. എന്നാല്‍ ഇതിനൊന്നും കഴിയാത്ത പാവപ്പെട്ടവരായ ആളുകള്‍ ഇപ്പോഴും കഷ്ടപ്പാടുകള്‍ അനുഭവിച്ചു ഇവിടെ തന്നെ കഴിയുന്നു. അവരുടെയെല്ലാം പ്രശ്‌നങ്ങള്‍ കൃത്യമായി ഈ ഡോക്യുമെന്‍ററിയില്‍ പരാമര്‍ശിക്കുവാന്‍ സാധിച്ചു എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്; സംവിധായകന്‍ പറയുന്നു.

സമ്പല്‍സമൃദ്ധമായ ഒരു ഭൂതകാലം ഉണ്ടായിരുന്നു മണ്‍റോതുരുത്തിന്. കൃഷിയും, മത്സ്യ സമ്പത്തും സമൃദ്ധി നല്‍കിയ കാലം. എന്നാല്‍ ഇപ്പോള്‍ അവസ്ഥകള്‍ മാറിയിരിക്കുന്നു. മണ്ടയടച്ച തെങ്ങുകളാണ് ഇന്ന് മണ്‍റോതുരുത്തിലെ കൃഷിയുടെ അടയാളം. ഈ അടയാളങ്ങള്‍ കാട്ടികൊണ്ടാണ് ഡോക്യുമെന്ററി അതിന്റെ കഥാഗതിയിലേക്ക് സഞ്ചാരം ആരംഭിക്കുന്നത്.

കല്ലടയാര്‍ ഒഴുക്കികൊണ്ടുവന്ന മണ്‍റോതുരുത്തിന്റെ ഫലഭൂഷ്ടി നഷ്ടപ്പെട്ടിരിക്കുന്നു. മണ്‍റോതുരുത്തിന് ഈ ഗതി വരാന്‍ കാരണം കല്ലടയാറില്‍ കെട്ടിയ ഡാമാണ്. ഡാം കെട്ടിയതോടെ നദിയുടെ താളം തെറ്റുകയും നീരൊഴുക്ക് താഴുകയും, കടല്‍ ജലം കായല്‍ വഴി നദിയിലേക്ക് കയറുകയും തുരുത്തിനു ചുറ്റുമുള്ള ജലം ഉപ്പു രസമുള്ളതുമായി മാറി. വേലിയേറ്റ സമയത്ത് കരയിലേക്ക് കയറിയ വെള്ളം തിരിച്ചിറങ്ങാതെയായി. ഉപ്പുവെള്ളം കെട്ടികിടക്കുന്നത് കാരണം കൃഷി നശിച്ചു.

ചിത്രീകരണ സമയത്തെ നേരനുഭവങ്ങളെ സംവിധായകന്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: ‘മണ്‍റോതുരുത്തില്‍ ജീവിക്കുന്നത് കൊണ്ടുമാത്രം കല്യാണം മുടങ്ങിയ യുവാക്കളെ ഞങ്ങള്‍ കണ്ടു. മകളെ വെള്ളം കയറി മുങ്ങിക്കൊണ്ടിരിക്കുന്ന നാട്ടിലേക്ക് കല്യാണം കഴിപ്പിച്ചയക്കാന്‍ മാതാപിതാക്കള്‍ക്ക് പേടിയുണ്ടാകും. കിട്ടിയ വിലയ്ക്ക് ഭൂമി വിറ്റുപോകുന്നവരെ തപ്പി ഭൂമാഫിയയും സജീവമാണിവിടെ. വീടുകളുടെ അടിത്തറകള്‍ താഴ്ന്നുകൊണ്ടിരിക്കുകയാണ്. നല്ല പൊക്കത്തില്‍ കെട്ടിയ വീടുകളുടെ അടിത്തറകള്‍ വരെ താഴ്ന്നു പോകുകയാണ്. തെങ്ങുതടി ഭൂമിക്കടിയില്‍ ഇട്ട് അതിനു മുകളില്‍ കല്ല് കെട്ടി അതിന്റെ മുകളില്‍ വീടിനു അടിത്തറ കെട്ടുകയാണ് ഇപ്പോള്‍. ഒരു വീട് നിര്‍മ്മിക്കുവാന്‍ ഉതകുന്ന അത്രയും തുക വീടിന്റെ അടിത്തറ കെട്ടുവാന്‍ മാത്രം ചെലവാക്കേണ്ട അവസ്ഥ.

ഭൂമിക്കു മുകളില്‍ വെള്ളം നിറയുന്നത് മൂലം കക്കൂസ് ടാങ്ക് വരെ നിറഞ്ഞു കവിഞ്ഞ് മനുഷ്യ വിസര്‍ജ്യം കലര്‍ന്ന ജലമാണ് വീടുകള്‍ക്ക് ചുറ്റും പരന്നു കിടക്കുന്നത്. ഇതുമൂലം പലതരത്തിലുള്ള രോഗങ്ങള്‍ പടരുന്നു. ചുറ്റും വെള്ളമായിട്ടും ശുദ്ധജലം കിട്ടാക്കനിയാണിവിടെ.’

മറ്റ്  ചില വ്യാഖ്യാനങ്ങളും മണ്‍റോ തുരുത്തിനെ പറ്റി പറയുന്നുണ്ട്. മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടുന്ന വിഷയങ്ങളാണ് ഇതെന്നൊക്കെ പറയുന്നവരുമുണ്ട്. അതുകൊണ്ട് തന്നെ ഈ ഡോക്യുമെന്ററിയില്‍ മണ്‍റോതുരുത്തിനെ ബാധിച്ചിരിക്കുന്ന പ്രശ്‌നം ഏതെങ്കിലും ഒന്നാണെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നില്ല. പകരം തുരുത്തിലെ ജനത അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങളും ഒരുപോലെ എടുത്തുകാട്ടുവാന്‍ ശ്രമിക്കുകയാണ്. ചിത്രീകരിച്ചതിന്റെ പകുതി ഭാഗം മാത്രമാണ് ഇപ്പോള്‍ ഡോക്യുമെന്റി ആക്കിയിരിക്കുന്നത്. വൈകാതെ രണ്ടാം ഭാഗവും ഉണ്ടാകും.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍